തുടർച്ചയായ രണ്ടാം വർഷവും കേരളത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ
Mail This Article
തിരുവനന്തപുരം∙ തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എന്ന ലക്ഷ്യം കേരളം നേടിയതായി മന്ത്രി പി.രാജീവ്. കഴിഞ്ഞ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങൾ ആരംഭിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും ഇതുവഴിയുണ്ടായി. സംരംഭക വർഷം പദ്ധതിയിലൂടെ ആകെ 239922 പദ്ധതികൾ സൃഷ്ടിക്കപ്പെട്ടു. 15,138.05 കോടി രൂപയുടെ നിക്ഷേപവും 5,09,935 പേർക്കു തൊഴിലും ലഭിച്ചു. അതേസമയം പുതിയതായി തുടങ്ങിയ സംരംഭങ്ങളിൽ 15 ശതമാനം പൂട്ടിപ്പോയെന്നു സർവേയിൽ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ദേശീയതലത്തിൽ 30 ശതമാനം സംരംഭങ്ങൾ പൂട്ടുന്നുവെന്നാണു കണക്ക്.
വനിതകളുടേതായി 76377 സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി വന്നു. പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിച്ചത് എറണാകുളം (24456) ജില്ലയിലാണ്. രണ്ടാമതു തിരുവനന്തപുരം(24827). മൂന്നാമതു തൃശ്ശൂർ(23700). കേരളത്തിലെ എംഎസ്എംഇകളിൽ നിന്നു തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്തുന്ന എംഎസ്എംഇ സ്കെയിൽ അപ് മിഷനിലേക്ക് ഇതുവരെ 149 സംരംഭങ്ങളെ തിരഞ്ഞെടുത്തു. സാങ്കേതിക സംവിധാനമൊരുക്കാൻ 2 കോടി രൂപ വരെയുള്ള സാമ്പത്തിക പിന്തുണയും വായ്പയെടുക്കുന്നുണ്ടെങ്കിൽ പലിശയുടെ 50 ശതമാനവും സർക്കാർ വഹിക്കുമെന്നു മന്ത്രി പറഞ്ഞു.