തകരുന്ന റെക്കോർഡ്, സ്വപ്നസമാനമായ വിപണിയുടെ കുതിപ്പ് തുടരുന്നു
Mail This Article
റിലയൻസിന്റെയും, ഇൻഫോസിസിന്റെയും തോളിലേറി ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലെ അവസാനദിനങ്ങളിൽ വീണ്ടും റെക്കോർഡ് തകർത്ത് സ്വപ്നസമാന മുന്നേറ്റം നടത്തി. ഗുജറാത്തിലും, തമിഴ്‌നാട്ടിലും നിക്ഷേപപെരുമഴ പെയ്തതും, ഐടി ഭീമന്മാരുടെ മികച്ച റിസൾട്ടുകളും, അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിതമാണെന്നതും ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ അനുകൂലമായപ്പോൾ 2024ന്റെ ആദ്യ ആഴ്ചയിൽ 21710 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 21928 പോയിന്റ് വരെ മുന്നേറിയ ശേഷം 21894 പോയിന്റിലാണ് ക്ളോസ് ചെയ്തത്. മുൻ ആഴ്ചയിൽ 72026 പോയിന്റിലവസാനിച്ച സെൻസെക്സ് വെള്ളിയാഴ്ചത്തെ മുന്നേറ്റത്തിൽ 72720 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 72568 പോയിന്റിലും ക്ളോസ് ചെയ്തത്.
റിലയൻസിന്റെ നാലര ശതമാനം മുന്നേറ്റവും, ഇൻഫോസിസിന്റെയും, ടിസിഎസ്സിന്റെയും നേതൃത്വത്തിൽ ഐടി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 6.1% മുന്നേറിയതുമാണ് ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. റിയൽറ്റി സെക്ടർ കഴിഞ്ഞാഴ്ചയും 5% നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫ്രാ, എനർജി, ഓട്ടോ സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ 2%ൽ കൂടുതൽ മുന്നേറി.
പണപ്പെരുപ്പം കുറഞ്ഞില്ല, ഉത്പാദനം കുറഞ്ഞു
വെള്ളിയാഴ്ച വന്ന ഇന്ത്യയുടെ ഡിസംബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം റീറ്റെയ്ൽ പണപ്പെരുപ്പം നേരിയ വർദ്ധന കാണിച്ചെങ്കിലും വിപണി അനുമാനിച്ച നിലയിലേക്ക് ഉയരാതിരുന്നത് അനുകൂലമാണ്. ഇന്ത്യൻ സിപിഐ ഡിസംബറിൽ 5.69 ശതമാനമാണ് വളർച്ച കുറിച്ചത്, വിപണിയുടെ അനുമാനം 5.87%വും നവംബറിലിത് 5.55%വും ആയിരുന്നു. തിങ്കളാഴ്‌ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യ-ഊർജ്ജവിലക്കണക്കുകളും പുറത്ത് വരിക.
ഇന്ത്യയുടെ നവംബറിലെ വ്യവസായികോല്പാദന വളർച്ച ഒക്ടോബറിലെ 11.6%ൽ നിന്നും 2.4%ലേക്കും, മാനുഫാക്ച്ചറിങ് ഔട്ട്പുട്ട് 10.2%ൽ നിന്നും 1.2%ലേക്കും കുറഞ്ഞത് ഐഐപി ഡേറ്റയെ 6.4%ലേക്ക് വീഴ്ത്തി. ദീപാവലി ആഘോഷങ്ങളിൽ പ്രവൃത്തി ദിനങ്ങൾ നഷടമായതാണ് ഇന്ത്യയുടെ ഉല്പാദനവളർച്ചയെയും ബാധിച്ചത്. ഒക്ടോബറിൽ 21.3% വളർച്ച കുറിച്ച ക്യാപിറ്റൽ ഗുഡ്‌സ് സെക്ടർ നവംബറിൽ -1.1%വും, ഒക്ടോബറിൽ 15.9% വളർച്ച കുറിച്ച കൺസ്യൂമർ ഡ്യൂറബിൾസ് -5.4% വളർച്ച ശോഷണവും കുറിച്ചു.
രാജ്യാന്തര പണപ്പെരുപ്പം ക്രമപ്പെടുന്നു
ഷോപ്പിങ് മാസമായ ഡിസംബറിൽ അമേരിക്കയുടെ പണപ്പെരുപ്പം വിപണി അനുമാനത്തിനും മുകളിൽ 3.4% വാർഷിക വളർച്ച കുറിച്ചെങ്കിലും, അമേരിക്കയുടെ പിപിഐ ഡേറ്റ ഡിസംബറിൽ മാസക്കണക്കിൽ നെഗറ്റീവ് വളർച്ച കുറിച്ച് വാർഷികവളർച്ച 1%ലേക്ക് കുറച്ചത് വിപണിയിൽ ഫെഡ് നിരക്ക്’’കട്ടിങ്’’ പ്രതീക്ഷ വീണ്ടും സജീവമാക്കിയത് വിപണിക്ക് അനുകൂലമാണ്. ഡിസംബർ 30-31 തീയതികളിലാണ് അടുത്ത ഫെഡ് റിസർവ് യോഗം. ചൈനയുടെ പണപ്പെരുപ്പം നേരിയ വളർച്ച കാണിച്ചെങ്കിലും നെഗറ്റീവ് സോണിൽ തന്നെ തുടരുമ്പോൾ വെള്ളിയാഴ്ച വന്ന സ്പാനിഷ്, ഫ്രഞ്ച് റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും നേരിയ വർദ്ധന കാണിച്ചെങ്കിലും വിപണി അനുമാനത്തിനൊപ്പം നിന്നത് അനുകൂലമാണ്. സിറ്റി ബാങ്ക് വീണ്ടും നഷ്ടം റിപ്പോർട്ട് ചെയ്തപ്പോൾ നാലാം പാദത്തിൽ ബാങ്ക് ഓഫ് അമേരിക്ക ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ജെപി മോർഗൻ മികച്ച ലാഭക്കണക്കുകൾ പുറത്ത് വിട്ടതിനൊപ്പം പലിശ വരുമാനത്തിൽ 2024 ൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നതും വിപണിക്ക് ആശ്വാസമാണ്. ജെപി മോർഗന്റെ മികച്ച റിസൾട്ടും, മികച്ച പിപിഐ ഡേറ്റയും അടുത്ത് ആഴ്ച അമേരിക്കൻ വിപണിക്ക് പിന്തുണനൽകും. കൂടുതൽ റിസൾട്ടുകൾ അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിയുടെ ഗതിയെ സ്വാധീനിക്കും.
ഓഹരികളും സെക്ടറുകളും
∙ഇന്ഫോസിസിന്റെയും, ടിസിഎസ്സിന്റെയും കുതിപ്പിൽ വെള്ളിയാഴ്ച മാത്രം 1786 പോയിന്റുകൾ മുന്നേറിയ നിഫ്റ്റി ഐടി സൂചിക കഴിഞ്ഞ ആഴ്ചയിൽ 2112 പോയിന്റ് മുന്നേറ്റമാണ് നടത്തിയത്. വെള്ളിയാഴ്ച 36521 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഐടി ബ്രേക്ക്ഔട്ട് നടത്തി വൻ കുതിപ്പ് നടത്തിയേക്കാം. ഇനിയും റിസൾട്ട് പ്രഖ്യാപിക്കാനുള്ള മറ്റ് ഐടി ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.
∙നാളെ എച്ച്ഡിഎഫ്സി ബാങ്ക് റിസൾട്ട് വന്നു കഴിഞ്ഞാൽ പിന്നെ ബാങ്ക് നിഫ്റ്റിയും കുതിപ്പ് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് വിപണി. എസ്ബിഐയും, ഐസിഐസിഐ, ആക്സിസ് ബാങ്കുകളും, മറ്റ് പൊതു മേഖലബാങ്കുകളും അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം.
∙ടിസിഎസ് മികച്ച മൂന്നാം പാദറിസൾട്ട് പ്രഖ്യാപിച്ചത് ഇന്ത്യൻ ഐടി സെക്ടറിന് അനുകൂലമായി. മുൻ വർഷത്തിൽ നിന്നും 8% വളർച്ചയോടെ 11735 കോടി രൂപയുടെ അറ്റാദായവും, 60583 കോടി രൂപയുടെ വരുമാനവും നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയുടെ ഓർഡർ ബുക്ക് 8.1 ട്രില്യനിലേക്കും വളർന്നു.
∙അതെ സമയം ഇൻഫോസിസിന്റെ അറ്റാദായം മുൻ വർഷത്തിൽ നിന്നും 8%വും, മുൻപാദത്തിൽ നിന്നും 1.7%വും കുറഞ്ഞു 6106 കോടിയിലേക്ക് വീണെങ്കിലും 20%-22% എന്ന മികച്ച മാർജിൻ ഗൈഡൻസിന്റെ പിൻബലത്തിൽ ഓഹരി മികച്ച മുന്നേറ്റം നേടി. വെള്ളിയാഴ്ച ഓഹരി രൂപ 120 രൂപ മുന്നേറി 1615 രൂപയിലാണ് ക്ളോസ് ചെയ്തത്.
∙വിപ്രോ ഫ്ലാറ്റ് റിസൾട്ട് പുറത്ത് വിട്ടപ്പോൾ എച്ച്സിഎൽ ടെക്ക് മുൻപാദത്തിൽ നിന്നും 13% ലാഭവർദ്ധനവും, 6.7% വരുമാന വർദ്ധനയും റിപ്പോർട്ട് ചെയ്തു.
∙എച്ച്ഡിഎഫ്സി ഏഎംസി മുൻ വർഷത്തിൽ നിന്നും 33% ലാഭവളർച്ച കുറിച്ചപ്പോൾ എച്ച്ഡിഎഫ്എസി ലൈഫ് 16.6% ലാഭവളർച്ചയും സ്വന്തമാക്കി. എച്ച്ഡിഎഫ്സി എഎംസി 20% വരുമാനവളർച്ചയും മൂന്നാം പാദത്തിൽ നേടി.
∙ചൂട് കാലം തുടങ്ങിയതിനാൽ കഴിഞ്ഞ ആഴ്ചയിലും ഇന്ത്യൻ എയർ കണ്ടീഷൻ ഓഹരികൾ മികച്ച മുന്നേറ്റം നടത്തി. ആംബർ 10% മുന്നേറിയപ്പോൾ ബ്ലൂസ്റ്റാർ 8%വും, വോൾട്ടാസ് 5%വും നേട്ടമുണ്ടാക്കി. എസി, ഇലക്ട്രിക്, ഇലക്ട്രോണിക്സ്, കേബിൾ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.
∙ഇലക്ട്രിക് ബസ് ഓഹരികൾ കഴിഞ്ഞ ആഴ്ച്ചയിലും മികച്ച നേട്ടമുണ്ടാക്കി. ഒലേക്ട്രാ ഗ്രീൻടെക്ക് കഴിഞ്ഞ ഒരു മാസത്തിനിടയിൽ 33% നേട്ടമുണ്ടാക്കിയപ്പോൾ, ജെബിഎം ഓട്ടോ 34% മുന്നേറി. ടാറ്റ മോട്ടോഴ്‌സിന്റെ ഒരു മാസത്തെ നേട്ടം 13% മാത്രമാണ്.
∙നികുതി വെട്ടിപ്പ് വാർത്തയിൽ വീണ പോളി ക്യാബിന്റെ റിസൾട് അടുത്ത ആഴ്ചയിൽ വരാനിരിക്കുന്നത് ഓഹരിക്ക് പ്രതീക്ഷയാണ്.
∙റാഡികോ ഖൈത്താന്റെ രാംപൂർ കസാവ ബ്രാൻഡ് പ്രശസ്തമായ ജോൺ ബാർലികോം ബെസ്റ്റ് വിസ്കി-2023 അവാർഡ് സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്.
∙മാലിദ്വീപിലേക്കുള്ള ബുക്കിങ്ങുകൾ വെട്ടി വാർത്താപ്രാധാന്യം നേടി കുതിപ്പ് നടത്തിയ ഈസിട്രിപ്പ് പ്ലാനേഴ്‌സ് ഇൻഷുറൻസ് ബ്രോക്കിങ് രംഗത്തേക്ക് കടന്നതും ഓഹരിക്ക് അനുകൂലമാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
നെൽകോഎം റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാ ലിമിറ്റഡ്, ജിയോ ഫിനാൻസ്, ഫെഡ് ഫിന, എയ്ഞ്ചൽ വൺ, പിസിബിഇ, കേശോറാം ഇൻഡസ്ട്രീസ്, ജയ് ബാലാജി, സൂരജ് എസ്റ്റേറ്റ്‌സ്, ബിസിജി മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രുഡൻഷ്യൽ, ഐസിഐസിഐ ലൊംബാർഡ്, ഐസിഐസിഐ സെക്യൂരിറ്റീസ്, പേടിഎം, എൽടിടിഎസ്, എൽടിഐ മൈൻഡ്ട്രീ, പെഴ്സിസ്റ്റന്റ്, മാപ്മൈഇന്ത്യ, അൾട്രാ ടെക്ക്, ജെകെ സിമന്റ്, ഏഷ്യൻ പെയിന്റ്സ്, പോളിക്യാബ്‌സ്, ഹിമാദ്രി സ്പെഷ്യൽറ്റി കെമിക്കൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സോംദേവ് ഡിസ്റ്റില്ലെറി മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
യെമനിലെ ഹൂതികൾക്ക് നേരെയുള്ള യുഎസ്-യുകെ വ്യോമാക്രമണവും, മറ്റ് പ്രതിസന്ധികളും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും ക്രൂഡ് ഓയിലിന് പോസിറ്റീവ് ക്ളോസിങ് നൽകി. ചെങ്കടൽ കപ്പലുകൾ ഒഴിവാക്കുന്നത് ക്രൂഡ് ഓയിലിന്റെ വിതരണത്തിൽ താമസമുണ്ടാക്കുന്നതും ചെലവേറുന്നതും ക്രൂഡ് ഓയിൽ വിളവീണ്ടും ഉയർത്തിയേക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ വില 78 ഡോളറിനും മുകളിലാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണതും, ചെങ്കടൽ പ്രദേശത്തെ അശാന്തിയും സ്വർണത്തിനും മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില വെള്ളിയാഴ്ച ഒന്നര ശതമാനത്തിലേറെ മുന്നേറി 2053 ഡോളറിലാണ് ക്ളോസ് ചെയ്തത്.
ഐപിഓ
ബാംഗ്ലൂർ ആസ്ഥാനമായ തേർഡ് പാർട്ടി ഹെൽത്ത് ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റർ ആയ മെഡി അസിസ്റ്റ് ഹെൽത്ത്കെയർ സർവീസിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന ഐപിഓ ജനുവരി 17ന് അവസാനിക്കുന്നു. ഐപിഓ ആരംഭിക്കുന്നതിന് മുൻപ് തന്നെ 351 കോടി രൂപയുടെ ആങ്കർ ഫണ്ട് നേടിയ കമ്പനിയുടെ ഐപിഓ വില നിലവാരം 397-418 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക