ജന്മദിനത്തിൽ പുറത്തിരുത്തി, ഗെയ്‍ലിനെ പഞ്ചാബ് കൈകാര്യം ചെയ്തത് പാളി: തുറന്നടിച്ച് പീറ്റേഴ്സൻ
Mail This Article
ന്യൂഡൽഹി∙ ക്രിസ് ഗെയ്‍ലിനേപ്പോലൊരു സൂപ്പർ താരത്തെ അദ്ദേഹം അർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ പഞ്ചാബ് കിങ്സിന് സാധിച്ചിട്ടില്ലെന്ന് മുൻ ഇംഗ്ലണ്ട് താരവും നിലവിൽ കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൻ. ബയോ സെക്യുർ ബബ്‌ളിനുള്ളിലെ ജീവിതം മടുത്തെന്ന് ചൂണ്ടിക്കാട്ടി ക്രിസ് ഗെയ്‍ൽ ഐപിഎലിനിടെ ടീം വിട്ട സാഹചര്യത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പീറ്റേഴ്സൻ രംഗത്തെത്തിയത്. ജൻമദിനത്തിന്റെ അന്നുപോലും കളത്തിലിറങ്ങാൻ പഞ്ചാബ് ടീം മാനേജ്മെന്റ് ഗെയ്‍ലിനെ അനുവദിച്ചില്ലെന്ന് പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.
നിലവിലെ ചാംപ്യൻമാരായ വെസ്റ്റിൻഡീസിനായി ട്വന്റി20 ലോകകപ്പിൽ കളത്തിലിറങ്ങും മുൻപ് വിശ്രമം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗെയ്‍ൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സ് ടീം ക്യാംപ് വിട്ടത്. ഈ സീസണിൽ 10 മത്സരങ്ങളിൽ കളിച്ച ഗെയ്‍ൽ പഞ്ചാബിനായി 193 റൺസ് നേടിയിരുന്നു.
കോവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ പുനരാരംഭിച്ചശേഷം ക്രിസ് ഗെയ്‍ലിന്റെ ജന്മദിനത്തിലായിരുന്നു പഞ്ചാബിന്റെ ആദ്യ മത്സരം. രാജസ്ഥാൻ റോയൽസിനെതിരായ ഈ മത്സരത്തിൽ പഞ്ചാബ് ടീം ഗെയ്‍ലിനെ കളത്തിലിറക്കിയിരുന്നില്ല. അടുത്ത രണ്ടു മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കെതിരെ ഗെയ്‍ൽ കളത്തിലിറങ്ങിയെങ്കിലും നേടാനായത് യഥാക്രമം 14, 1 റൺസ് വീതം മാത്രം.
‘പഞ്ചാബ് കിങ്സ് ഗെയ്‍ലിനെ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ലെന്നാണ് എന്റെ അഭിപ്രായം. പഞ്ചാബ് ടീം തന്നെ ഉപയോഗിക്കുകയും പിന്നീട് അകലം പാലിക്കുകയും ചെയ്യുന്നതായി ഗെയ്‍ലിനു തോന്നിക്കാണാൻ ഇടയുണ്ട്. ജന്മദിനത്തിന്റെ അന്നുപോലും പഞ്ചാബ് ഗെയ്‍ലിന് കളിക്കാൻ അവസരം നൽകിയില്ല. അന്ന് അദ്ദേഹത്തെ ടീമിൽനിന്ന് തഴഞ്ഞു. അദ്ദേഹത്തിന് ഇപ്പോൾ 42 വയസ്സായില്ലേ. സന്തോഷം കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ അദ്ദേഹം ആഗ്രഹിക്കുന്ന രീതിക്ക് വിട്ടേക്കുക’ – കെവിൻ പീറ്റേഴ്സൻ പറഞ്ഞു.
ഈ സീസണിൽ ടീം വിടും മുൻപ് പഞ്ചാബിനായി 10 മത്സരങ്ങളിലാണ് ഗെയ്‍ൽ കളിച്ചത്. കഴിഞ്ഞ സീസണിൽ കളിച്ചതിനേക്കാൾ മൂന്നു മത്സരങ്ങൾ കൂടുതലാണിത്. 2019 സീസണിൽ 13 മത്സരങ്ങളിൽനിന്ന് ഗെയ്ൽ പഞ്ചാബിനായി അടിച്ചുകൂട്ടിയത് 490 റൺസാണ്. എന്നിട്ടും കഴിഞ്ഞ സീസണിലെ ആദ്യ ഏഴു മത്സരങ്ങളിൽ താരത്തെ തുടർച്ചയായി പുറത്തിരുത്തി. അതിൽ ആറു മത്സരങ്ങളും ടീം തോറ്റു.
എന്നാൽ, ടീമിൽ ഇടംലഭിച്ചശേഷം ഗെയ്‍ൽ പഞ്ചാബിനായി ഏഴു മത്സരങ്ങളിൽനിന്ന് അടിച്ചുകൂട്ടിയത് 288 റൺസാണ്. അതും 41 റൺസിനു മുകളിൽ ശരാശരിയിൽ. ഇതിൽ മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.
ട്വന്റി20 ഫോർമാറ്റിൽ ഓപ്പണറുടെ വേഷത്തിൽ റൺസ് വാരിക്കൂട്ടുന്ന ഗെയ്‍ലിനെ, പഞ്ചാബ് ടീം മാനേജ്മെന്റ് ഐപിഎലിൽ വൺഡൗണായിട്ടാണ് കളിപ്പിച്ചത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും മയാങ്ക് അഗർവാളുമാണ് പഞ്ചാബിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. ഇരുവരും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഗെയ്‍ലിനെ വൺഡൗണായി കളിപ്പിച്ച തീരുമാനം ശരിയായില്ലെന്നാണ് പൊതു വിലയിരുത്തൽ.
English Summary: Pietersen says Gayle was 'not being treated right' by Punjab Kings