അംപയർക്കു തെറ്റി, ജയ്സ്വാളിന്റെ ഉപദേശത്തിൽ റിവ്യു എടുക്കാതെ ഗിൽ; അസ്വസ്ഥനായി ദ്രാവിഡ്- വിഡിയോ
Mail This Article
ജൊഹാനസ്ബെർഗ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ അംപയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായി മടങ്ങി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ. കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറിൽ എൽബിഡബ്ല്യു ആയാണ് ഗിൽ പുറത്തായത്. ആറ് പന്തിൽ എട്ടു റണ്‍സെടുത്ത ഗില്‍ സ്വീപ് ഷോട്ടിനു ശ്രമിച്ചപ്പോൾ പന്തു പാഡിൽ തട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ ചെയ്തതിനു പിന്നാലെ അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു.
എന്നാൽ അംപയറുടെ തീരുമാനം ചോദ്യം ചെയ്യാൻ ഗിൽ തയാറായില്ല. ഡിആർഎസിനു പോകാതെ ഗ്രൗണ്ട് വിടുകയാണു താരം ചെയ്തത്. നോൺ സ്ട്രൈക്കറായിരുന്ന യശസ്വി ജയ്സ്വാളിനോടു സംസാരിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം. പിന്നീട് റീപ്ലേകൾ കാണിച്ചപ്പോൾ പന്തു സ്റ്റംപിൽ കൊള്ളാതെ പുറത്തേക്കുപോയതാണെന്നു വ്യക്തമായി. ഇതു കണ്ട് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ഡഗ് ഔട്ടിൽ ഇരുന്ന് അസ്വസ്ഥനാകുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
രണ്ടാം ട്വന്റി20യിലും ശുഭ്മൻ ഗില്ലിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. രണ്ടു പന്തുകൾ നേരിട്ട ഗിൽ റണ്ണൊന്നുമെടുക്കാതെ എൽബിഡബ്ല്യു ആകുകയായിരുന്നു. ട്വന്റി20യിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ഗില്ലിനെ ടീമിൽനിന്നു മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്ക്‌വാദിനെ പുറത്തിരുത്തിയാണ് ബിസിസിഐ യശസ്വി ജയ്സ്വാളിനൊപ്പം ഗില്ലിനെ ഓപ്പണറാക്കിയത്.
മൂന്നാം ട്വന്റി20യിൽ വിജയിച്ചതോടെ മത്സരം 1–1ന് സമനിലയിലാക്കാൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നു. 106 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ മൂന്നാം ട്വന്റി20യിൽ നേടിയത്. ആദ്യം ബാറ്റു ചെയ്ത് 201 റൺസിന്റെ മികച്ച സ്കോർ ഉയർത്തിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 95 റൺസിൽ എറിഞ്ഞൊതുക്കി. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.