ADVERTISEMENT

ചെന്നൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ അവസാന ഓവറിൽ സിംഗിൾ ഓടാൻ മടിച്ച എം.എസ്. ധോണിക്കെതിരെ വിമർശനവുമായി ഇർഫാൻ പഠാൻ. ധോണിയെപ്പോലുള്ള ഒരു താരത്തിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യമല്ല ഇതെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. ഒരു ടീം ഗെയിമിൽ ഇങ്ങനെ ചെയ്യുന്നതു ശരിയല്ലെന്നും പഠാൻ ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു. അർഷ്ദീപ് സിങ് എറിഞ്ഞ 20–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഡീപ് കവറിലേക്കു പന്ത് ഉയർത്തി അടിച്ച ധോണി സിംഗിൾ വേണ്ടെന്ന നിലപാടിലായിരുന്നു.

ധോണി ഓടുമെന്നു പ്രതീക്ഷിച്ച് ക്രീസ് വിട്ട ഡാരിൽ മിച്ചൽ മറുവശത്തേക്ക് എത്തിയെങ്കിലും, ധോണി ഓടാൻ തയാറായില്ല. ഇതോടെ ഡാരിൽ മിച്ചൽ‌ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കു തന്നെ തിരിച്ചോടി. പഞ്ചാബ് ഫീൽഡർ, മിച്ചലിനെ റൺഔട്ടാക്കാൻ ശ്രമിച്ചെങ്കിലും ത്രോ മിസ്സായതുകൊണ്ട് താരം രക്ഷപെട്ടു. ‘‘ധോണി അങ്ങനെ ചെയ്യരുതായിരുന്നു. ഇതൊരു ടീം ഗെയിമാണ്. അപ്പുറത്തുള്ള ഡാരിൽ മിച്ചലും രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമാണ്. അത് ഒരു ബോളറായിരുന്നെങ്കിൽ ധോണി ചെയ്തതിനെക്കുറിച്ച് എനിക്കും മനസ്സിലാകുമായിരുന്നു.’’– ഇർഫാൻ പഠാൻ ഒരു സ്പോര്‍ട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.

19–ാം ഓവറിൽ രാഹുൽ ചാഹറിനെ വച്ച് ധോണിയെ നേരിട്ട പഞ്ചാബ് ക്യാപ്റ്റന്റെ നീക്കം മികച്ചതായിരുന്നെന്നും പഠാൻ വ്യക്തമാക്കി. ‘‘ഒരു സ്പിന്നറെവച്ച് 19–ാം ഓവർ എറിയിച്ചത് സാം കറന്റെ മാസ്റ്റർസ്ട്രോക്കായിരുന്നു. ധോണിയുടെ ഫോം കൂടി പരിഗണിച്ചാൽ ആ രണ്ട് ഓവറിൽ അദ്ദേഹത്തിന് കളിയുടെ ഗതി തന്നെ മാറ്റാമായിരുന്നു. ധോണിക്ക് വേണമെങ്കിൽ 30 റൺസ് നേടാമായിരുന്നു. എന്നാൽ പഞ്ചാബ് അതിന് അനുവദിച്ചില്ല.’’

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ധോണിക്ക് സ്പിന്നർമാർക്കെതിരെ കൂടുതൽ റൺസ് നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം ബാറ്റിങ് ക്രമത്തിൽ താഴേക്കു പോകുന്നത്. അവസാന ഓവറുകളിൽ ഫാസ്റ്റ് ബോളർമാർ യോർക്കറുകൾക്കു ശ്രമിക്കുന്നതുകൊണ്ടാണ് ധോണി സ്കോർ ചെയ്യുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പഞ്ചാബ് ധോണിയെ നേരിട്ടത്.’’– ഇർഫാൻ പഠാൻ പറഞ്ഞു.

English Summary:

Don't do in a team game: Irfan Pathan slams MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com