പ്രായം മാനദണ്ഡമാക്കരുത്; രോഹിത്തിന് വേണമെങ്കിൽ 50 വയസ് വരെ കളിക്കാം: യുവരാജിന്റെ പിതാവ്
Mail This Article
മുംബൈ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിൽ വിരമിക്കുന്നതിനായി ഒരു പ്രായം നിശ്ചയിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും, യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‍രാജ് സിങ്. ഇന്ത്യൻ നായകൻ രോഹിത് ശർമയേക്കുറിച്ച് സംസാരിക്കുമ്പോഴാണ്, വിരമിക്കാൻ പ്രായം ഒരു മാനദണ്ഡമാക്കരുത് എന്ന് യോഗ്‍രാജ് ആവശ്യപ്പെട്ടത്. വീരേന്ദർ സേവാഗ്, രോഹിത് ശർമ തുടങ്ങിയവർ ഫിറ്റ്നസ് ബാധകമല്ലാത്ത അപൂർവം താരങ്ങളിൽപ്പെട്ടവരാണെന്നും യോഗ്‍രാജ് സിങ് ചൂണ്ടിക്കാട്ടി. വേണമെങ്കിൽ 50 വയസ് വരെ കളത്തിൽ സജീവമായി തുടരാൻ രോഹിത്തിനു സാധിക്കുമെന്നും യോഗ്‍രാജ് അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന രോഹിത്, ലോകകപ്പിനു ശേഷം രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിക്കുമെന്ന് പ്രചാരണമുണ്ട്. 37 വയസ്സുകാരനായ രോഹിത്തിന്, അടുത്ത ട്വന്റി20 ലോകകപ്പ് ആകുമ്പോഴേയ്ക്കും 39 വയസാകും. ഈ സാഹചര്യത്തിൽ അദ്ദേഹം ഈ ലോകകപ്പോടെ തന്നെ കളി നിർത്തുമെന്നാണ് പ്രചാരണം.
‘‘ഒരാൾക്ക് ഇത്ര വയസ്സുണ്ട് എന്നുള്ള പ്രായവുമായി ബന്ധപ്പെട്ട ചർച്ചയുടെ സാംഗത്യം എനിക്കു മനസ്സിലാകുന്നതേയില്ല. ഒരാൾ 40–ാം വയസ്സിലും 42ലും 45ലും ഫിറ്റാണെങ്കിൽ എന്താണ് പ്രശ്നം? അയാളുടെ പ്രകടനവും മികച്ചതാണെങ്കിലോ? ഒരാൾക്ക് 40 വയസ്സായാൽ തീർന്നു എന്നതാണ് നിലവിൽ നമ്മുടെ രാജ്യത്തെ അവസ്ഥ. പക്ഷേ, ഒന്നും തീർന്നിട്ടില്ല എന്നതാണ് വാസ്തവം’’ – യോഗ്‍രാജ് സിങ് പറഞ്ഞു.
‘‘ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തരുന്ന സമയത്ത് മൊഹീന്ദർ അമർനാഥിന് 38 വയസ്സാണ് പ്രായം. ഫൈനലിൽ മാൻ ഓഫ് ദ് മാച്ചും അദ്ദേഹമായിരുന്നു. അതുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് പ്രായമെന്ന ഘടകം എടുത്തു കളയേണ്ട സമയമായെന്നാണ് എന്റെ അഭിപ്രായം. ഫിറ്റ്നസിന്റെ കാര്യത്തിലും പരിശീലനത്തിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കാത്ത അപൂർവ വിഭാഗം താരങ്ങളാണ് സേവാഗും രോഹിത്തുമെല്ലാം. വേണമെങ്കിൽ രോഹിത്തിന് 50 വയസ്സു വരെ കളിക്കാവുന്നതേയുള്ളൂ’ – യോഗ്‍രാജ് പറഞ്ഞു.