കന്നി കിരീടത്തിനായി വെമ്പുന്ന സിറ്റി, പണക്കൊഴുപ്പിന്റെ പകിട്ടില്ലാതെ ഇന്റർ മിലാൻ; കളി കാര്യമാകും
Mail This Article
ഇസ്തംബൂൾ (തുർക്കി) ∙ ഇന്റർ മിലാനോ മാഞ്ചസ്റ്റർ സിറ്റിയോ? ബ്രിട്ടിഷ് സ്പോർട്സ് അനലിസ്റ്റ് കമ്പനിയായ ‘ഒപ്റ്റ’യുടെ സൂപ്പർ കംപ്യൂട്ടർ ഇന്ന് സിറ്റിക്കൊപ്പമാണ്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടാനുള്ള സാധ്യത 74.1 ശതമാനമാണെന്ന് കംപ്യൂട്ടർ കണക്കുകൂട്ടുന്നു. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുള്ള സാധ്യത കേവലം 25.9% മാത്രവും!
പക്ഷേ, കണക്കിലോ കംപ്യൂട്ടറിലോ അല്ല കളി. ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടം നേടാൻ വെമ്പുന്ന മാഞ്ചസ്റ്റർ സിറ്റിയും പണക്കൊഴുപ്പിന്റെ പകിട്ടില്ലാതെ, ടീം സ്പിരിറ്റിന്റെ മാത്രം ബലത്തിൽ ഫൈനൽ വരെയെത്തിയ ഇന്റർ മിലാനും കളത്തിൽ ഏറ്റുമുട്ടുന്നതു കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കിക്കോഫ് ഇന്ന് അർധരാത്രി 12.30ന്. സോണി ടെൻ 2,3,4 ചാനലുകളിൽ തൽസമയം.
പ്രധാന താരങ്ങൾ
മാഞ്ചസ്റ്റർ സിറ്റി: എർലിങ് ഹാളണ്ട്, ഇൽകെ ഗുണ്ടോവൻ, കെവിൻ ഡിബ്രുയ്നെ, യൂലിയൻ അൽവാരസ്, ജാക്ക് ഗ്രീലിഷ്.
ഇന്റർ മിലാൻ: ലൗറ്റാരോ മാർട്ടിനസ്, റൊമേലു ലുക്കാകു, ഹെൻറിക് മഖിതര്യൻ, എഡിൻ ജെക്കോ, നിക്കോളോ ബാരെല്ല.
∙ ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയും ഇതിനു മുൻപ് ഒരിക്കൽ പോലും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. 2011ൽ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ സിറ്റി 3–0ന് ഇന്ററിനെ തോൽപിച്ചിരുന്നു. അന്ന് ഒരു ഗോൾ നേടിയ എഡിൻ ജെക്കോ ഇപ്പോൾ ഇന്ററിന്റെ താരമാണ്.
∙ ഇന്റർ മിലാൻ മുൻപു 3 തവണ ചാംപ്യൻസ് ലീഗ് ജേതാക്കളായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത് ആദ്യ കിരീടം.
∙ ഇംഗ്ലിഷ് പ്രിമിയർ ലീഗും എഫ്എ കപ്പും നേടിയ സിറ്റിയുടെ ലക്ഷ്യം ചാംപ്യൻസ് ലീഗ് കൂടി നേടി ട്രെബിൾ തികയ്ക്കുകയാണ്.
∙ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ 4–ാം ചാംപ്യൻസ് ലീഗ് ഫൈനൽ. 2009ലും 2011ലും ബാർസിലോനയ്ക്കൊപ്പം കിരീടം നേടി. 2021ൽ സിറ്റി ഫൈനലിൽ തോറ്റു.
∙ ഇന്റർ മിലാൻ കോച്ച് സിമിയോണി ഇൻസാഗി ആദ്യമായാണ് ചാംപ്യൻസ് ലീഗ് ഫൈനലിനു ടീമിനെ ഒരുക്കുന്നത്. ഇന്റർ മിലാൻ ടീമിലെ കളിക്കാരും ഇതിനു മുൻപ് ഫൈനൽ കളിച്ചിട്ടില്ല.
∙ ചാംപ്യൻസ് ലീഗിൽ പന്ത് ഹോൾഡ് ചെയ്തു കളിച്ചാണ് സിറ്റി ഫൈനൽ വരെയെത്തിയത്. പന്തവകാശം എതിർ ടീമിനു വിട്ടുകൊടുത്ത് കൗണ്ടർ അറ്റാക്കുകളിലൂടെ ഗോളടിക്കുന്നതാണ് ഇന്ററിന്റെ ശൈലി.
∙ സാധ്യതകളിൽ സിറ്റിക്കാണ് മുൻതൂക്കം. എന്നാൽ തങ്ങളുടേതായ ദിവസം അദ്ഭുതം കാട്ടാൻ ഇന്ററിനുമുണ്ട് വിരുത്. ഇരുടീമുകളിലെയും പ്രധാന താരങ്ങളിലാർക്കും പരുക്കില്ല.
English Summary : UEFA champions league football match Final