ഐഇഎസ്എയുടെ കേരളാ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു; സെമികണ്ടക്ടര്‍ വ്യവസായ രംഗത്തെ ശാക്തീകരിക്കും
Mail This Article
ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആന്റ് സെമികണ്ടക്ടര്‍ അസോസ്സിയേഷന്റെ (ഐഇഎസ്എ) കേരളാ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കെല്‍ട്രോണ്‍ സിഎംഡി നാരായണ്‍ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സിലിസിയം സര്‍ക്യൂട്ട്‌സ് സെമികണ്ടക്ടേഴ്‌സ് സഹ സ്ഥാപകനും ഡയറക്ടറുമായ റിജിന്‍ ജോണിനെ കേരളാ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണായി ഐഇഎസ്എ പ്രഖ്യാപിച്ചു.
നേത്രസേമി സെമികണ്ടക്ടേഴ്‌സ് സഹസ്ഥാപകനും സിഇഒയുമായ ജ്യോതിസ് ഇന്ദ്രാഭായ് ആണ് വൈസ് ചെയര്‍പേഴ്‌സണ്‍. മേഖലയിലെ 17 സ്ഥാപകാംഗങ്ങളുമായാണ് കേരളാ ചാപ്റ്ററിന്റെ തുടക്കം. സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് സെമികണ്ടക്ടര്‍ മേഖലയെ ശാക്തീകരിക്കുന്ന നിര്‍ണായക ചുവടുവെപ്പാണ് ഐഇഎസ്എ കേരളാ ചാപ്റ്ററിന്റെ രൂപീകരണമെന്ന് ഐഇഎസ്എ പ്രസിഡന്റും സിഇഒയുമായ കെ കൃഷ്ണ മൂര്‍ത്തി പറഞ്ഞു.
ദേശീയ, സംസ്ഥാന തലങ്ങളില്‍ സെമികണ്ടക്ടര്‍ സംബന്ധിച്ച നയങ്ങള്‍ രൂപവല്‍ക്കരിക്കുന്നതില്‍ ഐഇഎസ്എ വലിയ പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേയ്ക് ഇന്‍ ഇന്ത്യ നീക്കങ്ങളില്‍ കേരളത്തിന് ഈ മേഖലയില്‍ സാധ്യതയുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് കേരളം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഴു സ്ഥാപനങ്ങള്‍ക്കാണ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ചിപ് ടു സ്റ്റാര്‍ട്ട് അപ് പ്രോഗ്രാം നേടാനായത്.
ഏകദേശം 15 കോടി രൂപയോളമാണ് ഇതിലൂടെ ആകെ ലഭിച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ മുപ്പതോളം സെമികണ്ടക്ടര്‍ ഐപികള്‍ സ്ഥാപിക്കാനും രണ്ടായിരത്തിലേറെ എൻജിനീയറിങ് വിദ്യാ ർഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായകമാകും. സെമികണ്ടക്ടര്‍ മേഖലയില്‍ സംസ്ഥാനത്ത് മികച്ച സൗകര്യങ്ങള്‍ വളര്‍ന്നു വരാനും ഇതു വഴിയൊരുക്കും.
കെല്‍ട്രോണ്‍ സ്ഥാപിതമായതു മുതലുള്ള അതിന്റെ യാത്രയേയും പതാക വാഹക പദ്ധതികളേയും കുറിച്ച് കെല്‍ട്രോണ്‍ സിഎംഡി നാരായണ്‍ മൂര്‍ത്തി വിവരിച്ചു. സംസ്ഥാനത്ത് സെമികണ്ടക്ടര്‍ പാര്‍ക് സ്ഥാപിക്കാന്‍ നടത്തിയ വിവിധ നീക്കങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. വളര്‍ന്നു വരുന്ന സാങ്കേതികവിദ്യാ മേഖലകളില്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലഭ്യമാകുന്ന അവസരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വളര്‍ന്നു വരുന്ന ഇലക്ട്രോണികസ് സെമികണ്ടക്ടര്‍ മേഖലയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ പറഞ്ഞു. ആദി ഗ്രൂപ് ചെയര്‍മാന്‍ സഞ്ജയ് വിശ്വനാഥ് വിശിഷ്ടാതിഥിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ മുന്‍നിര കമ്പനികളിലുള്ള അനുഭവ സമ്പത്തുള്ള മലയാളി പ്രൊഫഷണലുകളാണ് സംസ്ഥാനത്തിന്റെ ശക്തിയെന്ന് ഐഇഎസ്എ കേരളാ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണും സിലിസിയം സര്‍ക്യൂട്ട്‌സ് സഹ സ്ഥാപകനുമായി റിജിന്‍ ജോണ്‍ ചൂണ്ടിക്കാട്ടി.
പ്രൊഫ കരുണാകര മേനോന്‍, സി2എസ് രാജഗിരി, സിഡാക് സീനിയര്‍ ഡയറക്ടര്‍ കൃഷ്ണദാസ് റാവു, രാജഗിരി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോയല്‍ പുന്നോലില്‍, നേത്രാസേമി സിഇഒ ജ്യോതിസ് ഇന്ദ്രാഭായ്, രാജഗിരി വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജെയ്‌സണ്‍ പോള്‍ മുല്ലേരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.