ഉത്സവം നടത്താൻ പുരുഷന്മാരില്ല; 1250 വർഷത്തെ സ്ത്രീവിലക്ക് നീക്കി ജപ്പാൻ
Mail This Article
ഏറെ പുരാതനമായ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും നിലവിലുള്ള രാജ്യമാണു ജപ്പാൻ. മുൻനിര വികസിത രാഷ്ട്രമെങ്കിലും, പ്രാചീന പൈതൃകം മുറുകെപ്പിടിച്ചു ജീവിക്കുന്നവരാണു ജപ്പാൻകാർ. എന്നാൽ, വളർച്ച നിലച്ച ജനസംഖ്യയും പ്രായമേറുന്ന ജനതയും കുറഞ്ഞുവരുന്ന വിഭവങ്ങളും സമ്പദ്‌വ്യവസ്ഥയുടെ മാത്രമല്ല, ജപ്പാനിലെ പ്രാചീന ഉത്സവങ്ങളുടെ പോലും നിലനിൽപ് ഭീഷണിയിലാക്കിയതു സമീപകാലത്തെ പ്രധാന വാർത്താവിശേഷങ്ങളിലൊന്നായി.
ആണുത്സവത്തിൽ ഇനി വനിതകളും!
1250 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ജപ്പാനിലെ നഗ്ന ഉത്സവം (Naked Festival) ആയ ‘സോമിൻസായ്’ നടത്താനുള്ള ബുദ്ധിമുട്ടുകളെത്തുടർന്ന് ഈ വർഷത്തോടെ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനമാണുണ്ടായത്. നൂറ്റാണ്ടുകളായി പുരുഷൻമാർ മാത്രം പങ്കെടുക്കുന്ന ഈ ഉത്സവം ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കാറുണ്ട്. പ്രതിസന്ധിയെത്തുടർന്നാകണം, ഈ വർഷം മുതൽ സ്ത്രീകളെക്കൂടി ഉൽസവത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനമായി.
സ്ത്രീ–പുരുഷ സമത്വ സൂചികയിൽ ലോകത്ത് ഏറ്റവും പിന്നിലുള്ള രാജ്യമാണു ജപ്പാൻ. 2023ലെ ലോക സാമ്പത്തിക ഫോറത്തിന്റെ സൂചിക പ്രകാരം 146 രാജ്യങ്ങളിൽ ജപ്പാന്റെ സ്ഥാനം 125 ആണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ നടപ്പാക്കിവരുന്നതിനിടെയാണു രാജ്യത്തെ പുരാതന ഉത്സവത്തിൽ ആചാരങ്ങൾ മാറ്റിയെഴുതി സ്ത്രീകൾക്കു പ്രവേശനം നൽകിയത്.
എവിടെപ്പോയി ജപ്പാന്റെ ഉത്സാഹം, ചുറുചുറുക്ക്?!
2030-ൽ ജപ്പാനിലെ ജനസംഖ്യയിലെ 32 % പേർ 65 വയസ്സിനു മുകളിലുള്ളവരായിരിക്കും. വികസിതരാജ്യങ്ങളിലെ പ്രായമേറിയവരുടെ ഏറ്റവും ഉയർന്ന ശതമാനമാണിത്. തൊഴിലെടുക്കാൻ ശേഷിയുള്ളവരുടെ എണ്ണക്കുറവും വിഭവശോഷണവും കഴിഞ്ഞ നൂറ്റാണ്ടിലെ വിസ്മയ സമ്പദ്ഘടനയായ ജപ്പാനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌ഘടന എന്ന സ്ഥാനം ജപ്പാനിൽ നിന്നു ജർമനി കരസ്ഥമാക്കിയിരുന്നു. ജർമൻ സമ്പദ്‌വ്യവസ്ഥ 4.5 ട്രില്യൺ ഡോളറും ജപ്പാന്റേത് 4.2 ട്രില്യൺ ഡോളറുമാണ്. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യയാണ് അഞ്ചാം സ്ഥാനത്ത്.
1968ൽ ജർമനിയെ പിന്നിലാക്കി ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജപ്പാൻ പതിറ്റാണ്ടുകളോളം ആ സ്ഥാനത്തു തുടർന്നു. 2010ലാണു ചൈന ജപ്പാനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുന്നത്. തുടർന്ന് ഇതുവരെ ജപ്പാൻ മൂന്നാം സ്ഥാനത്തു തുടർന്നുവരികയായിരുന്നു. ഇന്ത്യ 2026ൽ ജപ്പാനെ മറികടന്നു നാലാം സ്ഥാനത്തും 2027ൽ ജർമനിയെ മറികടന്നു മൂന്നാം സ്ഥാനത്തും എത്തുമെന്നാണു രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) അനുമാനം.