ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടൽ ഇന്ത്യയിൽ; ഇത് യാത്രികരുടെ പ്രിയ താമസയിടം
Mail This Article
ട്രിപ്പ് അഡ്വസർ പുറത്തുവിട്ട യാത്രികര്‍ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ജയ്പൂരിലെ രാംബാഗ് പാലസിന്. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ സൈറ്റായ ട്രിപ്പ് അഡ്വസറില്‍ 2022 ല്‍ യാത്രികര്‍ നല്‍കിയ 15 ലക്ഷം ഹോട്ടല്‍ റിവ്യുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാര പട്ടിക തയാറാക്കിയത്. പത്തു വിഭാഗങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള 2023 ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡില്‍ മികച്ച ആഡംബര ഹോട്ടലായാണ് രാംബാഗ് പാലസിനെ യാത്രികര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ട്രിപ്പ് അഡ്വസറിന്റെ ആദ്യ പത്തു ഹോട്ടലുകളുടെ പട്ടികയില്‍ രാംബാഗ് പാലസ് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. മാലദ്വീപിലെ ഒസെന്‍ റിസര്‍വ് ബോലിഫുഷി രണ്ടാം സ്ഥാനവും ബ്രസീലിലെ ഹോട്ടല്‍ കൊലിന ഡി ഫ്രാന്‍സ് മൂന്നാം സ്ഥാനവും നേടി. ബ്രിട്ടനിലെ ഷാന്‍ഗ്രി ലാ ദി ഷാര്‍ഡ്, ഹോങ്കോങിലെ ദ് റിറ്റ്‌സ് കാള്‍ട്ടണ്‍, ദുബായിലെ ജെ.ഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍, ഇസ്തംബൂളിലുള്ള റൊമാന്‍സ് ഇസ്തംബൂള്‍ ഹോട്ടല്‍, ഗ്രീസിലെ ഇകോസ് ദാസിയ, സ്‌പെയിനിലെ ഇകോസ് അന്‍ഡലൂസ്യ, ഇന്തൊനീഷ്യയിലെ പദ്മ റിസോര്‍ട്ട് ഉബുന്‍ഡ് എന്നിവ മികച്ച പത്ത് ആഡംബര ഹോട്ടലുകളുടെ പട്ടികയില്‍ ഇടം നേടി.
കൊട്ടാരം ആഡംബര ഹോട്ടലായി
1835ല്‍ നിര്‍മിച്ച കൊട്ടാരമാണ് പിന്നീട് ആഡംബര ഹോട്ടലായി മാറിയ 'ജുവല്‍ ഓഫ് ജയ്പൂര്‍' എന്ന വിളിപ്പേരുള്ള രാംബാഗ് പാലസ്. ജയ്പൂര്‍ രാജാവിന്റെ സ്ഥിരവസതിയായി 1925ല്‍ രാംബാഗ് പാലസ് മാറിയിരുന്നു. നിലവില്‍ താജ് ഗ്രൂപ്പാണ് രാംബാഗ് പാലസിന്റെ നടത്തിപ്പുകാര്‍. ട്രിപ് അഡ്വസറില്‍ രാംബാഗ് പാലസിന് അയ്യായിരത്തിലേറെ പേര്‍ 2022 ല്‍ അഞ്ചു സ്റ്റാര്‍ നല്‍കി. 47 ഏക്കറിലായി പരന്നു കിടക്കുന്ന രാംബാഗ് പാലസിലെ മാര്‍ബിള്‍ ഇടനാഴികളും തുറസായ വരാന്തകളും മനോഹരമായ പൂന്തോട്ടവും ആഡംബര മുറികളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
'ഞങ്ങളുടെ അതിഥികള്‍ വര്‍ഷങ്ങളായി പുലര്‍ത്തുന്ന വിശ്വാസമാണ് രാംബാഗ് പാലസിനെ ഇങ്ങനെയൊരു പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ആഗോളതലത്തിലുള്ള ഈ പുരസ്‌കാരം ഞങ്ങളെ കൂടുതല്‍ വിനീതരാക്കുന്നു. താജ് ബ്രാന്‍ഡിന്റെ ആഗോള നിലവാരത്തിലുള്ള ആതിഥ്യ സൗകര്യങ്ങളുടെ തെളിവാണിത്. ഒരു നൂറ്റാണ്ടിലേറെയായി മികച്ച സേവനം നല്‍കുന്ന താജ് ഗ്രൂപ്പ് ഭാവിയിലും അതിഥികളെ തൃപ്തിപ്പെടുത്തും' ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി എംഡിയും സിഇഒയുമായ പുനീത് ചാത്വാല്‍ പ്രതികരിച്ചു.
താജ് ഉള്‍പ്പെടുന്ന ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനികളുടെ കൂട്ടായ്മയാണ് ഐ.എച്ച്.സി.എല്‍. ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റയാണ് ഇതിന്റെ സ്ഥാപകൻ. മുംബൈയുടെ മുഖമായി മാറിയ താജ്മഹല്‍ പാലസ് ഹോട്ടല്‍ 1903ലാണ് ഐ.എച്ച്.സി.എല്‍ നിര്‍മിച്ചത്. ഇന്ന് നാല് ഭൂഖണ്ഡങ്ങളില്‍ 11 രാജ്യങ്ങളിലായി 263 ഹോട്ടലുകള്‍ ഈ ഹോട്ടല്‍ ഗ്രൂപ്പിന് കീഴിലായുണ്ട്.
ട്രിപ്പ് അഡ്വസറിന്റെ മികച്ച ചെറിയ ഹോട്ടലുകളുടെ വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശിലെ ആരിയ പലംപൂര്‍ ലോകത്ത് പത്താം സ്ഥാനവും ഏഷ്യയില്‍ മൂന്നാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ബെസ്റ്റ് ബി ആന്‍ഡ് ബി ആന്‍ഡ് ഇന്‍സ് വിഭാഗത്തില്‍ ഉത്തരാഖണ്ഡിലെ രാംനഗറിലുള്ള ദ് ദരിയന്‍ റിസോര്‍ട്ടിനാണ് ഇന്ത്യയിലും ഏഷ്യയിലും ഒന്നാം സ്ഥാനം. അസാധാരണ ഹോട്ടലുകളില്‍ റാമോജി ഫിലിം സിറ്റിയിലെ ഹോട്ടല്‍ സിത്താര ആഗോളതലത്തില്‍ 18ാം സ്ഥാനം നേടി. ഹോട്ടസ്റ്റ് ന്യൂ ഹോട്ടല്‍സ് വിഭാഗത്തില്‍ ജയ്പൂരിലെ സിഗ്നെറ്റ് പാര്‍ക്ക് ബിഐ ആഗോള തലത്തില്‍ നാലാം സ്ഥാനവും ശ്രീനഗറിലെ ഹോട്ടല്‍ സ്‌നോ ലാന്‍ഡ് ഏഴാം സ്ഥാനവും നേടിയിട്ടുണ്ട്.
English Summary: Tripadvisor Reveals Top-Rated Hotels in 2023 Travelers’ Choice Best of the Best Awards