Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർണതയുടെ പുസ്തകം; പൂർണബോധ്യങ്ങളുടെ ജീവിതം

najmal-babu-tn-joy ടി.എൻ. ജോയ്

നക്സലൈറ്റ്: സ്നേഹം കലർന്ന ആരാധനയുണ്ടായിരുന്നു ആ വിശേഷണത്തിൽ; ഭയം നിറഞ്ഞ ആശങ്കയും. ഇന്നും ഒരു മാസ്മരികതയുണ്ട് ആ വിശേഷണത്തിന്; കാൽപനിക സൗന്ദര്യവും. ഒരു കാലഘട്ടത്തിൽ നിസ്വാർഥരായ ഒരു തലമുറ ജീവരക്തം നൽകി ചുവപ്പിച്ച പ്രസ്ഥാനം. ലക്ഷ്യം കാണാനായില്ലെങ്കിലും മുറിവുകളും വേദനയുമാണു തിരിച്ചുകിട്ടിയതെങ്കിലും നെഞ്ചോടടുക്കിപ്പിടിച്ച് അവസാന ശ്വാസം വരെയും സ്വന്തം പേരിനോടു ചേർത്ത് ആ വിശേഷണവുമായി ജീവിച്ച ഒരു മനുഷ്യൻ കൂടി നിശ്ശബ്ദനാകുന്നു– നക്സലൈറ്റ് ടി.എൻ.ജോയ്. ജീവിതത്തെക്കുറിച്ചും പ്രസ്ഥാനത്തെക്കുറിച്ചും ഒരു പുസ്തകം എഴുതിയപ്പോൾ ‘അപൂർണതയുടെ പുസ്തകം’ എന്ന പേരു കൊടുത്ത് തനിക്കു പൂർണമാക്കാനാകാതെപോയ പ്രയത്നങ്ങളെക്കുറിച്ച് പൂർണബോധ്യത്തോടെ ജീവിക്കുകയും മരിക്കുകയും ചെയ്ത ധീരൻ. വാക്കൊടുങ്ങി, തോറ്റൊടുങ്ങി, പാട്ടു തോർന്നെങ്കിലും വീണ്ടുമുയരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസി. 

കേരള ചരിത്രത്തിൽ ചോര കൊണ്ടെഴുതിയ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രധാന പ്രതികളിലൊരാളാണ് ടി.എൻ.ജോയ്. ഒരിക്കൽ പ്രതിയും അന്നത്തെ തടവുജീവിതകാലത്ത് അനുഭവിച്ച കൊടിയ മർദനമുറകളുടെ ഫലമായി പിന്നീട് രോഗങ്ങളുടെ ഇരയായി ജീവിക്കേണ്ടിവരികയും ചെയ്ത വ്യക്തി. അടിയന്തരാവസ്ഥയുടെ കാലത്തെ കിരാത നിയമങ്ങൾക്കെതിരെ യൗവ്വനം ഹോമിച്ചു നടത്തിയ പോരാട്ടങ്ങളുടെ നായകൻ. അടിയന്താവസ്ഥ പിൻവലിക്കപ്പെട്ടു. അടിയന്തരാവസ്ഥ പിൻവലിച്ചവരും അതിനെ എതിർത്തവരെ എതിർത്തുവെന്ന് അവകാശപ്പെട്ടവരുമൊക്കെ ഇന്നും വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുന്നു. അന്ന് തെരുവിൽ ചോര ചീന്തിയവരോ? അവർക്കു ബാക്കിയായതു രോഗങ്ങൾ. കാലോ കയ്യോ ഒന്ന് അനക്കിയാൽപ്പോലും അനുഭവിക്കുന്ന അസഹനീയ വേദന. ചുമയ്ക്കുമ്പോൾ തുപ്പുന്ന ചോര. ഒരു വാചകം പോലും മുഴുമിക്കാനാകാതെ അലട്ടുന്ന കിതപ്പ്. ഒർമകളുടെ ചൂടിൽ ഉരുകിയും എതിർപ്പിന്റെ അഗ്നിത്തിളക്കം കണ്ണുകളിൽ ഏറ്റുവാങ്ങിയും അവർ ഗർജിച്ചുകൊണ്ടേയിരുന്നു– അംഗീകരിക്കപ്പെടാൻ; ആദരിക്കപ്പെടാനല്ല. 

സമ്പാദിച്ചുകൂട്ടാനല്ല, ജീവിതത്തെ നിലനിർത്തുന്ന മരുന്നുകൾക്കു ചെലവഴിക്കാനുള്ള പണത്തിനുവേണ്ടി. അതേ, ജോയ് അവസാനകാലത്തു നടത്തിയ പോരാട്ടം കേരളത്തെയോ ഇന്ത്യയെയോ വിമോചിപ്പിക്കാനോ വിപ്ലവത്തിന്റെ നക്ഷത്രങ്ങൾ ഭൂമിയുടെ ആകാശത്തു തൂക്കിയിടാനോ വേണ്ടിയായിരുന്നില്ല. അടിയന്തരാവസ്ഥാ പോരാളികൾക്കു പെൻഷൻ അനുവദിപ്പിക്കാൻവേണ്ടി. ലൈംഗിക തൊഴിലാളികളുടെ സംരക്ഷണത്തിനുവേണ്ടി. തുച്ഛമായ തുക പെൻഷൻ കിട്ടാൻ‌വേണ്ടി തെരുവിലിറങ്ങിയ ഈ മനുഷ്യൻ ഒരുകാലത്ത് പോസ്റ്റൽ വകുപ്പിലെ ജോലി രാജിവച്ച് വിപ്ലവത്തിന്റെ അനിശ്ഛിതത്വത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണെന്ന് അധികാരികൾ മറന്നു. സഹപോരാളികൾ മറന്നു. കാലവും കണ്ണടച്ചപ്പോൾ അപൂർണതയെ ധ്യാനിച്ച്, ഒരു ജീവിതം എത്ര ശുഷ്കമാണെന്ന് ആലോചിച്ച്, ഇനിയും മരിച്ചിട്ടില്ലാത്തവരെ സ്തുതിച്ച് ജോയിയും വിടവാങ്ങി. 

അപൂർണതയുടെ പുസ്തകത്തിൽ സ്വയം വിമർശനത്തിന്റെ ഭാഗമായി അടിയന്താവസ്ഥ അന്നത്തെ മാവോയിസ്റ്റുകളെ എന്താണു പഠിപ്പിച്ചത് എന്ന് ടി.എൻ.ജോയ് ചോദിക്കുന്നുണ്ട്?

ഉത്തരം അദ്ദേഹം തന്നെ പറയുന്നു: 

ജനങ്ങളെ പഠിപ്പിച്ചതിൽ, സ്വയം വിശ്വസിച്ചതിൽ പലതും അത്ര ശരിയായിരുന്നില്ല എന്ന അറിവ് ‘തിരിഞ്ഞുനോക്കുമ്പോൾ’ വെളിപ്പെടുന്നുണ്ട്. അൽപം വ്യത്യസ്തതകളോടെ, പിറകോട്ടു ചാഞ്ഞു ധൃതിവയ്ക്കാതെ നടത്തുന്ന ആലോചനകളിലൂടെ ബഹുസ്വരത മലയാളികൾക്കു നിലനിൽത്താനാവുമോ? നാവിലും തൂലികയിലും പിറക്കാൻ മടിച്ച, പാർടി രേഖകളിൽ ഉറഞ്ഞുപോകേണ്ടതില്ലാത്ത ഒരു പാഠഭേദം? ‘വിപ്ലവത്തിനു വിശ്രമത്താവളങ്ങളില്ല’ എന്നു പറഞ്ഞ സാഹസികന്റെ പാതയാണോ മലയാളിയുടെ വിധി? 

അന്നു ചെയ്തതും ശരി, ഇന്നു ചിന്തിക്കുന്നതും ശരി – കർമപദ്ധതികൾക്ക് ആത്മവിശ്വാസത്തിന്റെ ഈ വിശ്വാസലഹരി മാത്രം. 

മറുവഴികൾ ? ആശിക്കുക– ആശയ്ക്കെതിരെയും! 

ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച നക്സൽബാരിയുടെ അമ്പതാം വർഷം നാട് ആഘോഷിച്ചത് ഇക്കഴിഞ്ഞവർഷം. അപ്പോൾ ചില ആനുകാലികങ്ങൾ ജോയിയെ തിരക്കിയെത്തി. പ്രതികരണം എടുക്കാൻ. ഓർമകളിലൂടെ തിരിഞ്ഞുനടക്കാൻ. പരാജയപ്പെട്ടതെങ്ങനെയെന്ന് കണ്ടുപിടിക്കാൻ. ഭാവി എന്താകുമെന്ന് പ്രവചിക്കാൻ. അപ്പോൾ തിരക്കിലായിരുന്നു ജോയ്. തന്നോടൊപ്പം പ്രവർത്തിക്കുകയും, തന്നെപ്പോലെ തെരുവുകളിലേക്ക് ഇറങ്ങി അടിയന്തരാവസ്ഥയ്ക്കെതിരെ പോരാട്ടം നടത്തുകയും ചെയ്തതിന്റെ പേരിൽ ജീവിക്കാൻ വകയില്ലാതെ പോയവർക്ക് പെൻഷൻ അനുവദിപ്പിക്കാൻ. കേരളത്തിലെ ഒന്നാംഘട്ട നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഒടുക്കനാളുകളിൽ പാർടിയിൽ എത്തിയ ജോയ് ചിന്നിച്ചിതറിയ സംഘനയെ പുനഃസംഘടിപ്പിക്കാൻ അഹോരാത്രം പരിശ്രമിച്ച വ്യക്തിയാണ്. ശരീരം മുഴുവൻ മർദനത്തിന്റെ മുറിവുകളും മനസ്സുമുഴുവൻ പൂർത്തിയാക്കാത്ത പോരാട്ടത്തിന്റെ വേദനയുമായിരുന്നെങ്കിലും ഒരിക്കലും പോരാടാതിരുന്നിട്ടില്ല ആ വിപ്ലവകാരി. 

അതേ, വിപ്ലവത്തിന് ഇടത്താവളങ്ങളില്ല. 

വിപ്ലവകാരിക്കു മരണവും. 

ലാൽസലാം!