Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലം കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകൾ

എൻ.എസ്. മാധവൻ
dectators.jpg.image.784.410 ഹിറ്റ്‌ലർ, ഗീബൽസ്, ഹിംലർ, ഐക്മാൻ

ഒരു ജനതയെ മുഴുവൻ ആഴത്തിൽ മുറിവേൽപിച്ച സംഭവങ്ങൾക്ക് ചരിത്രത്തിൽ പരിസമാപ്തി ഉണ്ടാകുക പ്രയാസമാണ്. ലക്ഷക്കണക്കിനു ജൂതന്മാരെ നരസംഹാര ക്യാംപുകളിൽ കൊന്നൊടുക്കിയതിനു കാരണക്കാരനായ ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ അനുവർത്തികളായ ഗീബൽസ്, ഹിംലർ തുടങ്ങി ഒട്ടേറെപ്പേരും യുദ്ധം തോറ്റപ്പോൾ ആത്മഹത്യ ചെയ്തു. ശേഷിച്ച നാസി യുദ്ധക്കുറ്റവാളികളിൽ പലർക്കും ജർമനിയിലെ ന്യൂറംബർഗ് നഗരത്തിൽ സ്ഥാപിച്ച രാജ്യാന്തര കോടതി, 1945-46ലെ വിചാരണകൾക്കു ശേഷം മരണം ഉൾപ്പെടെയുള്ള ശിക്ഷകൾ വിധിച്ചു. 

പക്ഷേ, കൂട്ടക്കൊലയുടെ മുഖ്യസംഘാടകനായ അഡോൾഫ് ഐക്മാൻ യുദ്ധത്തിനുശേഷം അപ്രത്യക്ഷനായിരുന്നു. 1960ൽ, അർജന്റീനയിൽ ഒളിച്ചുതാമസിച്ചിരുന്ന അയാളെ കണ്ടെത്തി നാടകീയമായി ഇസ്രയേലിൽ‌ എത്തിച്ച്, ജറുസലേമിൽ വിചാരണ നടത്തി വധശിക്ഷ നടപ്പിലാക്കി. ‌ഒരിക്കലും ഉണങ്ങാത്ത മുറിവാണെങ്കിലും കൂട്ടക്കൊലയുടെ ആഘാതത്തിന്റെ ആദ്യത്തെ അധ്യായത്തിന് ഈ വിചാരണയിലൂടെ പരിസമാപ്തി കുറിച്ചു.

ഇന്ദിരാഗാന്ധി വധത്തെത്തുടർന്ന്, 1984 നവംബർ മാസത്തിൽ ഡൽഹിയിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും നടന്ന സിഖ് കൂട്ടക്കൊലയിൽ എതാണ്ട് 3000 പേർക്കു ജീവൻ നഷ്ടമായി. കഴിഞ്ഞ 34 വർഷമായി അതൊരു ഉണങ്ങാത്ത വ്രണമായി സിഖ് ജനത കൊണ്ടുനടക്കുന്നു. ഇന്ത്യയ്‌ക്കു പുറത്ത്, കാനഡ പോലുള്ള രാജ്യങ്ങളിൽ താമസിക്കുന്ന സിഖുകാരിൽ പലരും പരസ്യമായിത്തന്നെ ഇന്ത്യാവിരുദ്ധ വികാരം  പ്രകടിപ്പിക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ സംഭവം ഓർമയിൽ വടുകെട്ടി കിടക്കുന്നു എന്നതിനു തെളിവാണ്, അമൃത്‌സറിലെ സുവർണക്ഷേത്രത്തിനു നേരെ നടന്ന പട്ടാള നടപടിക്കു നേതൃത്വം നൽകിയ ലഫ്റ്റനന്റ് ജനറൽ കുൽദീപ് സിങ് ബ്രാറിനു നേരെ 2012ൽ ലണ്ടനിൽ വച്ചുണ്ടായ ആക്രമണം. 

thalsamayam എഴുത്തുകാരൻ ഖുഷ്‌വന്ത് സിങ്, ലഫ്റ്റനന്റ് ജനറൽ കുൽദീപ് സിങ് ബ്രാർ

കഴിഞ്ഞ 34 കൊല്ലമായി, ഇത്രയധികം ആളുകൾ കൊല്ലപ്പെട്ട സംഭവ പരമ്പരകളിൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ജസ്റ്റിസ് ജി. ടി. നാനാവതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്, 2005ൽ പുറത്തുവന്നപ്പോൾ ആ റിപ്പോർട്ടിനെപ്പറ്റി പ്രശസ്ത എഴുത്തുകാരൻ പരേതനായ ഖുഷ്‌വന്ത് സിങ് പറഞ്ഞത് ഇത്ര മാത്രം: ‘പരമ ചവറ്’. 2015ൽ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണം ഈയിടെ ഫലം കാണുകയുണ്ടായി. 

1984ലെ കലാപത്തിനിടെ ഡൽഹിയിലെ മഹിപാൽപുരിൽ രണ്ടു സിഖുകാർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഇവരിൽ യശ്പാൽ സിങ് എന്നയാൾക്കു വധശിക്ഷയും കൂട്ടുപ്രതിയായ നരേഷ് ഷെറാവത്തിനു ജീവപര്യന്തം തടവും കോടതി വിധിച്ചു. തെളിവില്ലെന്നു പറഞ്ഞ് ഡൽഹി പൊലീസ് 1994ൽ അവസാനിപ്പിച്ച കേസിലാണ് പ്രത്യേക അന്വേഷണസംഘം ഇത്തരമൊരു വിധി സമ്പാദിച്ചത്. നിഷ്‌ക്രിയത്വത്തിന്റെ പല വർഷങ്ങൾക്കു ശേഷം, ആദ്യമായി സിഖുകാർക്കു നീതി ലഭിച്ചു എന്ന തോന്നൽ ഈ വിധി നൽകുന്നു; ആശയുടെ നേരിയ സൂര്യകിരണം. 

തെളിവില്ലെന്നു പറഞ്ഞ് 293 കേസുകളാണു ഡൽഹി പൊലീസ് അവസാനിപ്പിച്ചത്. അതിൽ 60 എണ്ണത്തിൽ പ്രത്യേക അന്വേഷണസംഘം പുനർനടപടികൾ ആരംഭിച്ചിട്ടുണ്ട്. മൂന്നര ദശകങ്ങൾ നീണ്ട നീതിനിഷേധം അവസാനിക്കുന്നതിന്റെ തുടക്കമായി ഈ വിധിയെ കാണുന്നത് എത്രത്തോളം ശരിയായിരിക്കുമെന്ന് കാലം തെളിയിക്കും. 

 ഡോർസി പിടിച്ച പുലിവാല് 

ട്വിറ്റർ സിഇഒ ജാക്ക് ഡോർസി കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരുകൂട്ടം പ്രശസ്തരായ വനിതാ പത്രപ്രവർത്തകരുടെയും എഴുത്തുകാരികളുടെയും യോഗം വിളിച്ചു. അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് സ്ത്രീകളുടെ ട്വിറ്റർ അനുഭവത്തെക്കുറിച്ചായിരുന്നു. തുറന്നു സംസാരിക്കാൻ അവസരമൊരുക്കുന്നതിനായി, യോഗത്തിൽ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. പങ്കെടുത്തവർ ഓരോരുത്തരായി ട്വിറ്ററിൽ അവർ നേരിടുന്ന അസഭ്യവർഷത്തെക്കുറിച്ചു സംസാരിച്ചു. ട്വിറ്ററിന്റെ സോഫ്റ്റ്‌വെയറിന് ഇത്തരം അശ്ലീലഭാഷണത്തെ നേരിടാൻ കഴിയുന്നില്ലെന്നും പറഞ്ഞു. ഒരു ദലിത് യുവതി അവർ നേരിടുന്ന ജാതീയമായ ശകാരങ്ങളെക്കുറിച്ചു വാചാലയായി. അതുകേട്ട് ഒരു ട്വിറ്റർ ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു. യോഗം കഴിഞ്ഞപ്പോൾ ഈ ദലിത് യുവതി ജാക്ക് ഡോർസിക്ക് ഒരു പോസ്റ്റർ സമ്മാനിച്ചു. അതും പിടിച്ച് ജാക്ക് യോഗത്തിൽ പങ്കെടുത്തവുടെ കൂടെ ഫോട്ടോ എടുത്തു. പടം പ്രചരിപ്പിച്ചോളാൻ പറഞ്ഞ് പടത്തിലുണ്ടായിരുന്നവർക്ക് ട്വിറ്റർ അധികാരികൾ അത് അയച്ചുകൊടുത്തു. 

thalsamayam-1 ട്വിറ്റർ സിഇഒ ജാക്ക് ഡോർസി

പോസ്റ്ററിൽ പറഞ്ഞിരുന്നത്, ‘ബ്രാഹ്മണ്യത്തിൽ ഊന്നിയ പിതൃവാഴ്ചയെ തകർക്കുക’ (Smash Brahmanical Patriarchy) എന്നായിരുന്നു. ഉടൻ തന്നെ ഇതു ബ്രാഹ്മണസമുദായത്തെ അവഹേളിക്കുന്നതാണെന്നു പറഞ്ഞ് ജാക്ക് ഡോർസിക്കും പടം ഷെയർ ചെയ്തവർക്കും എതിരെ ‘ട്രോളിങ്’ തുടങ്ങി. പല ഭാഗങ്ങളിൽനിന്നായി എതാണ്ട് ആസൂത്രിതമായി വന്ന ആക്രമണങ്ങൾക്കു മുന്നിൽ ട്വിറ്റർ മുട്ടുമടക്കി. ജാക്ക് പിടിച്ച പോസ്റ്റർ ഒരാൾ സമ്മാനിച്ചതാണെന്നും ഉള്ളടക്കം അറിയാതെയാണ് അദ്ദേഹം അതു പിടിച്ചതെന്നുമായിരുന്നു ദുർബലമായ വിശദീകരണം.

ബ്രാഹ്മണരും ബ്രാഹ്മണ്യവും രണ്ടും രണ്ടാണെന്ന് അംബേദ്‌കർതന്നെ പലതവണ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ, ‘ബ്രാഹ്മണ്യം എന്നു പറഞ്ഞാൽ, ഞാൻ ഉദ്ദേശിക്കുന്നത് ബ്രാഹ്മണസമുദായത്തിന്റെ അധികാരവും ആനുകൂല്യങ്ങളും താൽപര്യങ്ങളും അല്ല. ബ്രാഹ്മണ്യം എന്നു പറഞ്ഞാൽ ഞാൻ ഉദ്ദേശിക്കുന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളുടെ അന്തഃസത്തയെ നിഷേധിക്കലാണ്’.  

ഇതൊക്കെ ആരോടു പറയാൻ? ട്വിറ്ററിന്റെ 280ൽ ഒതുങ്ങുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും സൂക്ഷ്മമായ ആശയങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമല്ല. വാക്കുകൾ അടർത്തിയെടുത്തും ദുർവ്യാഖ്യാനം ചെയ്തുമാണ് പ്രകടമായ രാഷ്ട്രീയലക്ഷ്യങ്ങളുള്ള ആക്രമണങ്ങൾ. ഇപ്പോൾ നേരിട്ട് അനുഭവിച്ച സ്ഥിതിക്ക് ജാക്ക് ഡോർസി, ട്വിറ്ററിന്റെ അൽഗോരിതം അസഭ്യഭാഷണങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ മാറ്റുമോ? ട്വിറ്ററിന്റെ ക്ഷമാപണക്കുറിപ്പ് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. അതുകൊണ്ട് ജാക്ക് അടക്കമുള്ളവർ ചെയ്യേണ്ടത് മാധ്യമത്തിന്റെ പരിമിതികൾ അറിഞ്ഞു ട്വീറ്റ് ചെയ്യുക. 

സ്കോർപ്പിയോൺ കിക്ക്: ഗതാഗതക്കുരുക്ക് ഉണ്ടായാൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര. ഉത്തരവാദിത്തത്തോടൊപ്പം തൊപ്പിയും ബെൽറ്റും കൈമാറണമായിരുന്നു.