Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌പ്രളയത്തിൽ വീടു തകർന്നവർക്കായി വീട്ടുപകരണ മേള; കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും

പാലക്കാട് ∙ പ്രളയത്തിൽ വീടു തകർന്നവർക്കു കുറഞ്ഞ വിലയ്ക്കു വീട്ടുപകരണങ്ങൾ ലഭ്യമാക്കാൻ പഞ്ചായത്ത് തലത്തിൽ ചേംബർ ഒ‍ാഫ് കെ‍ാമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹായത്തേ‍ാടെ പ്രദർശന–വിൽപന മേളകൾ സംഘടിപ്പിക്കും. പാത്രങ്ങൾ അടക്കമുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ നേരിട്ടു നടത്തുന്ന മേളയ്ക്ക് ആവശ്യമായ സംവിധാനം വകുപ്പുകൾ സംയുക്തമായി ഒരുക്കും.

പ്രളയക്കെടുതിയിൽപ്പെട്ടു 10,000 രൂപ ദുരിതാശ്വസ ആനുകൂല്യം ലഭിച്ചവർക്കു 40% വരെ വിലക്കിഴിവിൽ ഉപകരണങ്ങൾ ലഭ്യമാക്കുകയാണു ലക്ഷ്യം. കുടുംബശ്രീ മുഖേന ഇവർക്കു നൽകുന്ന പലിശരഹിത വായ്പയായ ഒരു ലക്ഷം രൂപ ഉപയേ‍ാഗിച്ചു വസ്തുക്കൾ വാങ്ങാം. വായ്പ ലഭിക്കാനുള്ള സാങ്കേതിക തടസ്സം അടുത്ത ദിവസം പരിഹരിക്കുമെന്നു വകുപ്പ് അധികൃതർ പറഞ്ഞു.

വീട്ടുപകരണ പ്രദർശനം സംഘടിപ്പിക്കാൻ ചേംബറുമായി നടത്തിയ ചർച്ചയിൽ 10 കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കി. അവസാനഘട്ട ചർച്ച അടുത്തദിവസം നടക്കും. റവന്യു–തദ്ദേശ വകുപ്പു മുഖേന നടത്തിയ കണക്കെടുപ്പിൽ അഞ്ചു ലക്ഷം വീടുകൾക്കു കേടുപാടു സംഭവിച്ചതായും അതിൽ ഒരു ലക്ഷം പൂർണമായി തകർന്നതായുമാണു കണക്ക്. കണക്കു സംബന്ധിച്ച പരാതി പരിഹരിക്കാൻ ജിയേ‍ാ–ടാഗ് ഉപയേ‍ാഗിച്ച് ആരംഭിച്ച കണക്കെടുപ്പ് ഈ മാസം പൂർത്തിയാകുമ്പേ‍ാൾ തകർന്ന വീടുകളുടെ കൃത്യമായ എണ്ണം ഫേ‍ാട്ടേ‍ാ ഉൾപ്പെടെ ലഭിക്കും.

500 കേ‍ാടി മുൻകൂർ 

പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ പ്രധാനമന്ത്രി ആവാസ് യേ‍ാജന (പിഎംഎവൈ) പദ്ധതി നിബന്ധനകളിൽ ഇളവു വരുത്തി സംസ്ഥാനത്തിന് 500 കേ‍ാടി രൂപ മുൻകൂർ അനുവദിക്കാൻ സാധ്യത. ഇതുസംബന്ധിച്ചു നടത്തിയ ചർച്ചയിൽ അനുകൂലമായാണു കേന്ദ്രം പ്രതികരിച്ചതെന്ന് അധികൃതർ സൂചിപ്പിച്ചു. നഗരപ്രദേശത്തു സ്വന്തമായി ഭൂമിയുള്ളവർക്കു വീടുനൽകുന്ന പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനത്തിന് 82,780 വീടുകളാണ് അനുവദിച്ചത്.

related stories