Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറഞ്ഞ നഷ്ടസാധ്യതയോടെ എഫ്എംപി

mutual-fund

ഉയർന്ന വരുമാന സാധ്യതകളുള്ള ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികൾക്കു താരതമ്യേന ഉയർന്ന നഷ്ടസാധ്യതയും നിശ്ചിത വരുമാന പദ്ധതികൾക്ക് താരതമ്യേന കുറഞ്ഞ നഷ്ട സാധ്യതയുമാണല്ലോ ഉള്ളത്. ഈ രണ്ടു വിഭാഗങ്ങൾക്കും അവയുടേതായ മികവുകളുണ്ട്. ഇതിൽ ഏതു മേഖലയിലാണു നിക്ഷേപം നടത്തേണ്ടതെന്നു തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണു തീരുമാനിക്കേണ്ടത്. 

കുറഞ്ഞ നഷ്ട സാധ്യതയും യുക്തിസഹമായ വരുമാനവും ലക്ഷ്യമിടുന്നവർക്ക് ഏറെ ഗുണകരമായ ഒന്നാണ് നിശ്ചിത കാലാവധിയുള്ള പദ്ധതികൾ എന്ന എഫ്എംപികൾ. ക്ലോസ് എൻഡഡ് വിഭാഗത്തിൽപെടുന്ന കടപ്പത്രാധിഷ്ഠിത മ്യൂചൽ ഫണ്ടുകളാണ് എഫ്എംപികൾ.  ഇവിടെ നിക്ഷേപിക്കുമ്പോൾ ഒരു നിശ്ചിത കാലാവധിക്കു ശേഷം നിങ്ങളുടെ പണം വർധനവോടെ തിരികെ ലഭിക്കും. പരമ്പരാഗത സ്ഥിര നിക്ഷേപങ്ങൾക്കു സമാനം തന്നെയാണിവ. സ്ഥിര നിക്ഷേപങ്ങളിൽ നിശ്ചിത കാലാവധിക്കു ശേഷം മുതൽ പലിശയോടു കൂടെ തിരികെ ലഭിക്കും. ഈ സ്ഥിര നിക്ഷേപങ്ങളിൽ നിങ്ങളുടെ പണം ബാങ്കിന്റെ കൈവശമാണെങ്കിൽ എഫ്എംപികളിൽ പദ്ധതിയുടെ കാലാവധി കഴിയുംവരെയുള്ള സമയത്തേക്ക് കോർപറേറ്റുകൾക്കോ സർക്കാരിനോ കടമായി നൽകുകയാണ്. 

കുറഞ്ഞ നികുതി നിരക്കുകളാണ് എഫ്എംപികളുടെ ഒരു പ്രധാന സവിശേഷത. എഫ്എംപികൾ ഡെറ്റ് ഇനത്തിൽപെട്ട പദ്ധതികളായതിനാൽ മൂന്നു വർഷത്തിലേറെയുള്ള നിക്ഷേപങ്ങൾക്കു ദീർഘകാല മൂലധന നേട്ട നികുതി ബാധകമായിരിക്കും. അതായത് മൂന്നു വർഷത്തിലേറെ കാലാവധിയുള്ള എഫ്എംപിയിൽ ആണു നിക്ഷേപിക്കുന്നതെങ്കിൽ അതിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന് മൂലധന നേട്ട നികുതി നൽകേണ്ടി വരും. നിലവിൽ 20 ശതമാനം നികുതിയാണു ബാധകം. അതിന് ഇൻഡക്‌സേഷനു ശേഷമുള്ള കണക്കുകൂട്ടലുകൾ ബാധകവുമാണെന്നോർക്കണം. നികുതി വിധേയമായ വരുമാനത്തിന്റെ കാര്യത്തിൽ കുറവു വരുത്തുന്ന രീതിയിൽ പണപ്പെരുപ്പത്തോത് വകയിരുത്തുന്നതിനാണ് ഇവിടെ ഇൻഡക്‌സേഷൻ എന്നു പറയുന്നത്. 

ഇൻഡക്‌സേഷന്റെ നേട്ടങ്ങൾ എങ്ങനെയാണു ലഭിക്കുക എന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണം പരിശോധിക്കാം. 2015 മേയ് മാസത്തിൽ എഫ്എംപിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു എന്നു കരുതുക. ഈ സമയത്ത് ചെലവുകളുടെ പണപ്പെരുപ്പ സൂചിക 254 ആയിരുന്നു. കാലാവധി കഴിഞ്ഞ 2018 ജൂലൈയിൽ ഈ സൂചിക 280ൽ എത്തിയിരുന്നു. നിക്ഷേപം നടത്താനായി വേണ്ടിവന്ന തുകയുടെ മൂല്യം ഇപ്പോൾ 1.10 ലക്ഷം ആണെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കും. ഈ 1.10 ലക്ഷം രൂപ വാങ്ങൽ വിലയായി നിശ്ചയിച്ചാവും മൂലധന നേട്ടം കണക്കാക്കുക. ഇതുവഴി നികുതി ബാധ്യതയിൽ കുറവുണ്ടാകുകയും ചെയ്യും. 

എഫ്എംപികൾ ആരംഭിക്കുമ്പോൾ അതിന്റെ കാലാവധിക്കു തുല്യമായ കാലത്തേക്കുള്ള കടപ്പത്രങ്ങളിലാണ് ഇതിലെ തുക ഫണ്ട് മാനേജർമാർ നിക്ഷേപിക്കുക. ഇതിന്റെ നേട്ടങ്ങൾ വിപണി അധിഷ്ഠിതമായിരിക്കും. പലിശ നിരക്കുകളിലെ വ്യതിയാനങ്ങൾക്കനുസരിച്ചല്ലാതെ ഇപ്പോഴത്തെ വിപണിയുടെ നേട്ടത്തിന് അനുസരിച്ചു തങ്ങളുടെ നിക്ഷേപത്തെ നിശ്ചിത കാലത്തേക്കു ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന നിക്ഷേപകർക്ക് എഫ്എംപി വളരെ അനുയോജ്യമാണ്. പദ്ധതിയുടെ ആരംഭവേളയിൽ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നു എന്നതിനാലും അവ പിന്നീടു ഫണ്ടിന്റെ കാലാവധിയിൽ വിൽപന നടത്തുന്നില്ല എന്നതിനാലും പലിശ നിരക്കുമായി ബന്ധപ്പെട്ട് കുറഞ്ഞ നഷ്ടസാധ്യതയേ ഇവയ്ക്കുള്ളു എന്നതും പ്രസക്തമാണ്. 

എഫ്എംപിയിൽ നിക്ഷേപം നടത്തുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. നിക്ഷേപകന് പ്രയോജനകരമായ കാലാവധിയാവണം തിരഞ്ഞെടുക്കുന്ന എഫ്എംപിക്ക് ഉണ്ടാകേണ്ടത്.  നിക്ഷേപിക്കുന്ന പണം പദ്ധതിയുടെ കാലാവധി കഴിയുന്നതു വരെ പിൻവലിക്കാനാവില്ല എന്നതിനാൽ തങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ കണക്കിലെടുത്ത് അതിനനുസരിച്ചുള്ള കാലാവധിയോടെയുള്ള എഫ്എംപി ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. പണം കടം കൊടുക്കുമ്പോഴുള്ള നഷ്ട സാധ്യതകൾ എഫ്എംപികൾക്കും ബാധകമാണെന്നതാണ് മറ്റൊരു പ്രധാന ഘടകം. നഷ്ടസാധ്യതകൾ നേരിടാനുള്ള താൽപര്യമില്ലെങ്കിൽ വായ്പ നൽകാൻ കൂടുതൽ മികവുള്ളതും വിശ്വസനീയവുമായ കമ്പനികളിൽ നിക്ഷേപിക്കുന്ന ഉയർന്ന വായ്പാ നിലവാരമുള്ള എഫ്എംപികളെ തിരഞ്ഞെടുക്കാം. ഇതേസമയം കുറച്ചുകൂടി നഷ്ടസാധ്യതകൾ നേരിടാൻ നിങ്ങൾക്കാവും എങ്കിൽ ഉയർന്ന വരുമാന നിരക്കുള്ള എഫ്എംപികളെ തിരഞ്ഞെടുക്കാം. അവ താരതമ്യേന കുറഞ്ഞ ക്രെഡിറ്റ് റേറ്റിങ്ങുള്ള കമ്പനികളിലാവും നിക്ഷേപം നടത്തുക. 

എഫ്എംപികൾ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യുമെങ്കിലും വളരെ കുറഞ്ഞ തോതിൽ മാത്രമേ അവയുടെ വിൽപനകൾ സാധ്യമാകൂ എന്നതും ഇവിടെ പരിഗണിക്കേണ്ട വിഷയമാണ്. പദ്ധതിയുടെ കാലാവധി തീരുംവരെ പിൻവലിക്കാൻ സാധിക്കില്ലെന്ന ധാരണയോടെ വേണം നിക്ഷേപം നടത്താൻ.