Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനത്തിലേക്ക് സിംഗപ്പൂർ വാതിൽ

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും സമാധാനത്തിനുവേണ്ടിയുള്ള സംയുക്തപ്രസ്താവനയിൽ ഇന്നലെ ഒപ്പുവയ്ക്കുമ്പോൾ ലോകം ആശ്വാസത്തോടെ കൺപാർത്തുനിന്നു; ചരിത്രവും. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങളുടെ ശത്രുതയും ഇരു ഭരണാധികാരികളുടെയും കാർക്കശ്യവും സമ്പൂർണ ആണവ നിരായുധീകരണമെന്ന സങ്കീർണസമസ്യയും പക്ഷേ, സമാധാനകാംക്ഷയ്ക്കു മുന്നിൽ കീഴടങ്ങുന്നതു രാജ്യാന്തര സമൂഹത്തിനു പ്രത്യാശപകരുന്ന കാഴ്ചയായി. ഇക്കഴിഞ്ഞ ഏപ്രിലിൽ ഉത്തര – ദക്ഷിണ കൊറിയകളുടെ ഭരണത്തലവന്മാർ ശാശ്വത സമാധാനത്തിനും കൊറിയൻ മേഖലയിലെ സമ്പൂർണ ആണവ നിരായുധീകരണത്തിനുമുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചതിന്റെ തുടർച്ചതന്നെയായി ഇന്നലത്തെ സംയുക്തപ്രസ്താവനയെയും കാണണം. കൊറിയകൾ തമ്മിൽ ഏഴു ദശാബ്ദത്തോളം നീണ്ട സംഘർഷകാലത്തിന് ആ ദിനത്തിൽ തിരശീല വീണപ്പോൾ, ഇന്നലെ യുഎസും ഉത്തര കൊറിയയുമായി ഉണ്ടായതും അത്രതന്നെ നീണ്ട ശത്രുതാകാലത്തിനുശേഷമുള്ള ഹസ്തദാനംതന്നെ. 

ലോകാഭിപ്രായത്തിനു തരിമ്പും വിലകൽപിക്കാത്ത ഏകാധിപതി എന്നു വിശേഷിപ്പിക്കപ്പെട്ട ഉത്തര കൊറിയൻ ഭരണാധികാരിയും പ്രവചനാതീതമായ തീരുമാനങ്ങളെടുക്കുന്നതിൽ മുൻപനായ പ്രബല ഭരണാധികാരിയും തമ്മിലുള്ള ചർച്ചയുടെ ശുഭാന്ത്യത്തെക്കുറിച്ചു പലർക്കും സംശയമുണ്ടായിരുന്നു. ഉത്തര കൊറിയയോട് യുഎസ് ആവശ്യപ്പെട്ട ആണവ നിരായുധീകരണത്തിൽ തട്ടി പലതവണ കൂടിക്കാഴ്ച അലസിപ്പോകുന്ന സ്ഥിതിയുമുണ്ടായി. പല പ്രതിസന്ധികളെ മറികടന്നാണ് അതു യാഥാർഥ്യമായതുപോലും. 

ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികളുടെ പേരിൽ യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ അവർക്കെതിരെ കടുത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. യുഎസിനെ അടക്കം ആക്രമിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നു പലതവണ കിം ജോങ് ഉൻ വെല്ലുവിളിച്ചു. ജപ്പാനു മുകളിലൂടെ ദക്ഷിണ ചൈനാ കടലിലേക്കു പലതവണ ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിച്ചു. യുഎന്നിന്റെ അഭ്യർഥനകളോ ലോകരാജ്യങ്ങളുടെ മുന്നറിയിപ്പോ വകവയ്ക്കാതെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു ഉത്തര കൊറിയ. ഇതിനിടെ, ‘വിഷമുള്ള’ വാക്കുകൾകൊണ്ടു ട്രംപും ഉന്നും പോരടിച്ചു; ആണവ ബട്ടൺ വിരൽത്തുമ്പിലുണ്ടെന്നു പരസ്പരം വെല്ലുവിളിച്ചു. 

എന്നാൽ, ഈവർഷം ആദ്യത്തോടെ സംഘർഷസ്ഥിതിക്ക് അയവുവന്നു. ഉന്നുമായി കൂടിക്കാഴ്ച തീരുമാനിച്ച കാര്യം ട്രംപ് തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്. പക്ഷേ, വീണ്ടും കാര്യങ്ങൾ കുഴ‍ഞ്ഞുമറിയുകയായിരുന്നു. ഉത്തര കൊറിയ കടുത്ത ശത്രുതയും വിദ്വേഷവും തുടരുന്നുവെന്നാരോപിച്ച് ചർച്ചയിൽനിന്നു ട്രംപ് പിൻമാറിയെങ്കിലും വൈകാതെ അദ്ദേഹം മനസ്സ് മാറ്റി; സെന്റോസ ദ്വീപിൽ ചരിത്രം പിറന്നു. സിംഗപ്പൂർ ഉച്ചകോടി ശുഭകരമാകുമെങ്കിൽ ഉന്നിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്നു ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു; ഇല്ലെങ്കിൽ, ഉച്ചകോടിയിൽനിന്ന് ഇറങ്ങിപ്പോരുമെന്നും. ട്രംപിന് ഇറങ്ങിപ്പോകേണ്ടിവന്നില്ല. തുടർചർച്ചകൾക്കായി ഉന്നിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുകയും ചെയ്തു. കൊറിയൻ ഉപദ്വീപിലെ സമ്പൂർണ ആണവ നിരായുധീകരണത്തിനു തയാറാണെന്ന് ഉത്തര കൊറിയ പറഞ്ഞതിനു കൂടുതൽ വ്യക്തത വരാനുണ്ട്. തുടർനടപടികളിലൂടെയേ ഈ വലിയ തീരുമാനം യാഥാർഥ്യമാകൂ. ആണവായുധങ്ങളെല്ലാം ഉത്തര കൊറിയയിൽനിന്നു മാറ്റുന്നതുവരെ യുഎസ് ഉപരോധം തുടർന്നേക്കാം.  

നാല് യുഎസ് പ്രസിഡന്റുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യം നേടിയെടുത്ത അഭിമാനത്തോടെ ഇനി ട്രംപിനു പെരുമ പറയാം; സമാധാനത്തിനുള്ള നൊബേൽ മോഹത്തെ മനസ്സിൽ കൂടുതൽ താലോലിക്കുകയും ചെയ്യാം. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങൾകൊണ്ടു വീർപ്പുമുട്ടുന്ന ഉത്തര കൊറിയയ്ക്ക് ആശ്വാസം പകരാനായെന്ന് കിം ജോങ് ഉന്നിനും ആഹ്ലാദിക്കാം. ലോകസമാധാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന രാജ്യാന്തര സമൂഹത്തിനു സെന്റോസ ദ്വീപിൽനിന്നു കിട്ടിയതു വലിയ ആശ്വാസത്തിന്റെ   ശുഭവാർത്തതന്നെ.