Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാർ പൂച്ചെടി സംഘടിപ്പിക്കും, കിണറുകുഴിക്കും; ഇല്ല, ഇവരെ വിട്ടുകൊടുക്കില്ല

police-flower

ഒരു വകുപ്പിലെ ഉന്നതരിലൊരാൾ വർഷങ്ങൾക്കു മുൻപ് സുരക്ഷയ്ക്ക് എന്ന പേരിൽ ഒരു പൊലീസുകാരനെ കൂടെ കൂട്ടിയതാണ്. ഇപ്പോൾ, ജോലിയും ഇടവുമെല്ലാം മാറിയെങ്കിലും ഈ പൊലീസുകാരനെ പിഎസ്ഒ എന്ന പേരി‍ൽ ഒപ്പം കൂട്ടിയിട്ടുണ്ട്. കോൺസ്റ്റബിളായി ജോലി ചെയ്യുമ്പോൾ പിഎസ്ഒ ആയ ആ പൊലീസുകാരൻ ഇപ്പോൾ എസ്ഐ ആണ്. വകുപ്പിലെ അത്യാവശ്യം ഫയലുകളിലൊക്കെ കൈകടത്താൻ അവസരം ലഭിക്കുന്നുണ്ടെന്നതിനാൽ പിഎസ്ഒ പണി നിർത്തിപ്പോകാൻ എസ്ഐക്കും മടി.

എറണാകുളത്തെ ഒരു കക്ഷിരാഷ്്ട്രീയ നേതാവിനൊപ്പം പൊലീസുകാരനായി കൂടിയയാൾ എസ്ഐ ആയതും അയാൾക്കൊപ്പം തന്നെ. ഇപ്പോഴും ഇതേ നേതാവിനൊപ്പമാണ് ഈ എസ്ഐ. 

ഒരു വിരമിച്ച ജഡ്ജിയുടെ സുരക്ഷാ പൊലീസുകാരനെ തിരിച്ചെടുക്കാൻ നോട്ടിസയച്ചപ്പോൾ എതിർത്തതു പൊലീസുകാരൻ തന്നെ. ‘സാറു പറഞ്ഞാൽ കുറച്ചുകാലം കൂടി അനുവദിക്കു’മെന്ന് ഇയാൾ ജഡ്ജിയോട് അഭ്യർഥിച്ചു. നിർബന്ധം തുടർന്നപ്പോൾ ജഡ്ജി തന്നെ പൊലീസ് ആസ്ഥാനത്തേക്ക്, പൊലീസുകാരനെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു ഫോൺ ചെയ്തു. പറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, ജഡ്ജി തന്നെയാണ് വീട്ടുകാവലിനു തനിക്കല്ല, പൊലീസുകാരനാണു നിർബന്ധമെന്ന കാര്യം വെളിപ്പെടുത്തിയത്. 

സർക്കാർ നിയോഗിക്കുന്ന കമ്മിഷനുകൾക്കെല്ലാം സുരക്ഷയ്ക്കു പൊലീസുകാരെ നൽകും. കമ്മിഷന്റെ കാലാവധി കഴിഞ്ഞു റിപ്പോർട്ട് നൽകിയാലും പൊലീസുകാരെ തിരികെ വിടാറില്ല. ഇങ്ങനെ കാലാവധി കഴിഞ്ഞ കമ്മിഷനുകൾക്കൊപ്പം രണ്ടു ഡസനിലേറെ പൊലീസുകാർ ഉണ്ടത്രേ. 

police-hotel

കഫെറ്റീരിയ ഡ്യൂട്ടി 

തിരുവനന്തപുരം വഴുതക്കാട്ടെ സംസ്ഥാന പൊലീസ് ആസ്ഥാനത്തു ചട്ടപ്രകാരം അനുവദിച്ചിട്ടുള്ളതു 10 കോൺസ്റ്റബിൾമാരെയും 10 ഡ്രൈവർമാരെയും ആണ്. എന്നാൽ, ഇവിടെ 250ലേറെ പൊലീസുകാർ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. കഫെറ്റീരിയ നടത്തുന്നതും മൈക്ക് ഓപ്പറേറ്ററായി ജോലിചെയ്യുന്നതും പൊലീസുകാർ. പെയിന്റിങ്ങും ട്രഷറിയിൽ പോക്കുമെല്ലാം ഇവരുടെ പണിതന്നെ. ഇതിൽ ഭൂരിപക്ഷം പേരും വർക്ക് അറേഞ്ച്മെന്റിലാണ്. വർക്ക് അറേഞ്ച്മെന്റിനുള്ള അധികാരം ഡിജിപിക്കു മാത്രമാണെങ്കിലും ഐജി മുതൽ എസ്പി വരെയള്ളവർ വർക്ക് അറേഞ്ച്മെന്റ് നടത്തുന്നു. മിക്കതും വാക്കാലുള്ള ഉത്തരവിന്റെ പുറത്താണ്, രേഖയിലില്ല. 

വിരമിച്ച ഒരു ഡസനിലേറെ ഡിജിപിമാരിൽ ഭൂരിപക്ഷം പേർക്കും രണ്ടും മൂന്നും പൊലീസുകാർ സഹായികളായുണ്ട്. വർഷങ്ങൾക്കു മുൻപു വിരമിച്ച ഒരു ഡിജിപി രണ്ടു പൊലീസുകാരെ ഇപ്പോഴും കൂടെ നിർത്തിയിട്ടുണ്ട്. ഇവരെക്കൊണ്ടു കിണർവരെ കുഴിപ്പിച്ചു എന്നാണു കഥ. 

പൂച്ചെടി വാങ്ങും പൊലീസ്

കാർഷിക സർവകലാശാല സ്ഥിതിചെയ്യുന്ന മണ്ണുത്തിയുടെ പരിസരത്തുള്ള സ്റ്റേഷനുകളിലെ പൊലീസുകാർക്ക് ഇടയ്ക്കിടെ പ്രത്യേക ഡ്യൂട്ടി ലഭിക്കും: മണ്ണുത്തിയില‍ും പരിസരങ്ങളിലുമുള്ള നഴ്സറികളിൽ പോയി ചില പ്രത്യേക ചെടികളുടെ തൈ വാങ്ങി ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുക! പണം ലഭിക്കുമെന്നു പ്രതീക്ഷിക്കരുത്. ലോക്കൽ സ്റ്റേഷനിലെ പൊല‍ീസുകാരെന്ന വിലാസത്തിൽ നഴ്സറികളിൽ പോയി ചെടികൾ ‘സംഘടിപ്പിച്ചു’ നൽകാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ്.

പിആർഒമാരുടെ പെടാപ്പാട് 

പെ‍ാതുജനവും പെ‍ാലീസും തമ്മിലുള്ള ആശയവിനിമയവും ബന്ധവും ശക്തമാക്കുക, മാധ്യമങ്ങൾക്കുൾപ്പെടെ യഥാസമയം വിവരം നൽകുക എന്നിവയാണ് സാധാരണ പബ്ലിക് റിലേഷൻസ് ഒ‍ാഫിസറുടെ ജേ‍ാലിയെങ്കിലും, പെ‍ാലീസ് പിആർഒയുടെ ജേ‍ാലി വ്യത്യസ്തം. എസ്പി ഒ‍ാഫിസിന്റെ പേരിൽ ബൾബ് മുതൽ ഫ്രിജ് വരെ ‘സൗജന്യമായി’ വാങ്ങി രണ്ടാംനിര ഒ‍ാഫിസർമാർക്കു നൽകുകയാണ് ഇവരുടെ പ്രധാന ജോലിയെന്നാണ് ആക്ഷേപം. 

എസ്പിയുടെ വീട്ടിലേക്കും ഒ‍ാഫിസിലേക്കും എന്നു പറഞ്ഞാണു പല സ്ഥാപനങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങുന്നത്. ഓഫിസർമാരുടെ കുടുംബത്തിനും ബന്ധുക്കൾക്കും മറ്റും മുന്തിയ ഹോട്ടലുകളിൽനിന്നു ഭക്ഷണവും ഇത്തരത്തിൽ സംഘടിപ്പിക്കാറുണ്ട്. 

മലബാറിൽ ഒരു പിആർഒ എസ്പിയുടെ പേരു പറഞ്ഞ് ഒരു ഹോട്ടലിൽനിന്നു ഭക്ഷണം തരപ്പെടുത്തി. കുറച്ചു സമയം കഴിഞ്ഞ് എസ്പിയും കുടുംബവും അതേ ഹോട്ടലിൽ കഴിക്കാനെത്തിയതോടെ കള്ളി വെളിച്ചത്തായി. 

പിആർഒയുടെ സ്ഥാനം തെറിക്കുകയും ഭക്ഷണത്തിന്റെ വില എസ്പി ഹോട്ടലുകാർക്കു നൽകുകയും ചെയ്തു. പിആർഒമാരുടെ ജോലി പലപ്പോഴും ക്യാംപ് ഫോളോവർമാരെക്കാൾ പരിതാപകരമാണെന്നു പൊലീസുകാർതന്നെ പറയുന്നു.

police-brushing

5% വിഐപികൾക്കു പിന്നാലെ

ജനങ്ങൾക്കു സുരക്ഷയൊരുക്കേണ്ട പൊലീസ് സേനയിലെ 5% പേർ വിഐപികൾക്കു പിന്നാലെ. പൊലീസ് ആസ്ഥാനത്തു ശേഖരിച്ച കണക്കിലാണ് ഇത്രത്തോളംപേർ രാഷ്ട്രീയ – മത – സാമൂഹിക നേതാക്കൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സുരക്ഷയൊരുക്കാനെന്ന പേരിൽ ലോക്കൽ പൊലീസിൽനിന്നു വിട്ടുനിൽക്കുന്നതായി കണ്ടെത്തിയത്. ക്രമസമാധാനപാലന ചുമതലയുള്ള 40,567 പൊലീസുകാരാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. 

ഇതിൽ 4,167 പേർ വനിതകളാണ്. ഇല്ലാത്ത ആക്രമണ ഭീഷണിയുടെ പേരിലും മറ്റും നേതാക്കൾ സുരക്ഷ ആവശ്യപ്പെടുമ്പോൾ വീണ്ടുവിചാരമില്ലാതെ, അപ്പടി അനുവദിച്ചു നൽകുന്നതാണു കാലങ്ങളായുള്ള കീഴ്‌വഴക്കം. ഉന്നതർക്കൊപ്പം നിയോഗിക്കപ്പെട്ടിട്ടുള്ളവരിൽ 60 ശതമാനത്തിനും ക്രമസമാധാന പാലനത്തിൽ വലിയ പരിചയമില്ല.