Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോയലിന്റെ സ്ഥാനലബ്ധി, ഒന്നുമാകാതെ ലോക്പാൽ

deseeyam

സുപ്രീം കോടതിയിൽനിന്നു വിരമിച്ച ദിവസംതന്നെ ജസ്റ്റിസ് എ.കെ.ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷനായി നിയമിച്ച നടപടി, സർക്കാർ – നിയമവൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കി. ജസ്റ്റിസ് സ്വതന്തർ കുമാർ വിരമിച്ചശേഷം എൻജിടി അധ്യക്ഷസ്ഥാനം ഒഴിച്ചിട്ടത് ജസ്റ്റിസ് ഗോയലിനുവേണ്ടിയായിരുന്നു എന്നുവരെ പല അഭിഭാഷകരും ഊഹിച്ചു.  

ട്രൈബ്യൂണൽ ഒഴിവുകൾ നികത്തുന്നതിൽ നരേന്ദ്ര മോദി സർക്കാരിനു പൊതുവേ വിമുഖതയാണുണ്ടായിരുന്നത്. അതിൽനിന്നു വേറിട്ട നടപടിയായി ഗോയലിന്റെ നിയമനം. മൻമോഹൻ സിങ്, വാജ്പേയി സർക്കാരുകളുടെ കാലത്ത് പാർലമെന്റിന്റെ വിവിധ നിയമങ്ങൾക്കുകീഴിൽ ആവശ്യത്തിലേറെ കമ്മിഷനുകളും ട്രൈബ്യൂണലുകളും ആരംഭിച്ചുവെന്നാണു നരേന്ദ്ര മോദിയുടെ വിലയിരുത്തൽ. 

ജസ്റ്റിസ് ഗോയൽ ചുമതലയേറ്റപ്പോൾ അദ്ദേഹം കണ്ടത് ട്രൈബ്യൂണലിനു മുൻപാകെ കെട്ടിക്കിടക്കുന്ന ആറായിരം കേസുകളാണ്. ട്രൈബ്യൂണലിൽ ആവശ്യത്തിന് അംഗങ്ങളില്ലാത്തതാണു കേസുകൾ കെട്ടിക്കിടക്കാൻ കാരണം. നാലു നഗരങ്ങളിലെ ട്രൈബ്യൂണൽ ബെഞ്ചുകൾ നൽകിയ സ്റ്റേ ഉത്തരവുകൾ മൂലം വികസനപദ്ധതികൾ ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്നുവെന്ന് വിവിധ മന്ത്രാലയങ്ങൾക്കു പരാതിയുണ്ടായിരുന്നു. ദേശീയപാതകൾ, ജലസേചനം, ഊർജം തുടങ്ങിയ മന്ത്രാലയങ്ങളുടെ വൻപദ്ധതികളാണു ട്രൈബ്യൂണൽ കേസുകളിൽ കുടുങ്ങിയത്. 

ആളില്ലാതെ, ഇൻഫർമേഷൻ കമ്മിഷൻ

കേന്ദ്ര വിവരാവകാശ നിയമപ്രകാരം (ആർടിഐ) സ്ഥാപിച്ച സെൻട്രൽ ഇൻഫർമേഷൻ കമ്മിഷനിലും ഒട്ടേറെ തസ്തികകൾ കേന്ദ്ര സർക്കാർ ഒഴിച്ചിട്ടിരിക്കുന്നു. ആർടിഐ അപേക്ഷകളും തുടർന്ന് കേന്ദ്ര കമ്മിഷനുമുൻപാകെ വരുന്ന അപ്പീലുകളും കൈകാര്യം ചെയ്യാൻ വളരെയധികം വിഭവശേഷി വേണമെന്നാണു മന്ത്രാലയങ്ങളിലെ ഒരു വികാരം. രണ്ടുവർഷം മുൻപ്, ധനകാര്യ, കമ്പനികാര്യ മന്ത്രാലയങ്ങളിലെ ചില കമ്മിഷനുകൾ സർക്കാർ ലയിപ്പിച്ചിരുന്നു. വിവരാവകാശനിയമം ഭേദഗതി ചെയ്യാനും നരേന്ദ്ര മോദി സർക്കാർ ആലോചിക്കുന്നുണ്ട്. മന്ത്രാലയങ്ങൾ, വിവിധ വകുപ്പുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു വിവരങ്ങൾ ലഭ്യമാക്കുന്നതിനു കടുത്ത വ്യവസ്ഥകൾ കൊണ്ടുവരാനാണു സർക്കാർ നീക്കം. 

പ്രധാനമന്ത്രിയുടെ കീഴിലുള്ള പഴ്‌സനേൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് രാജ്യത്തെ 100 കമ്മിഷനുകളെയും ട്രൈബ്യൂണലുകളെയും സംബന്ധിച്ച് പഠനം നടത്തി അവയുടെ വലുപ്പവും എണ്ണവും കുറയ്ക്കാനുള്ള ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. 

വിരമിക്കുന്ന ജഡ്‌ജിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി രാജ്യത്ത് ഒരുപാടു തസ്തികകളാണ് ഉണ്ടാക്കിവച്ചിരിക്കുന്നതെന്ന വികാരമാണു മുതിർന്ന മന്ത്രിമാർക്കിടയിലുള്ളത്. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ അധികാരപരിധിയിൽ സമാനമായ സ്ഥാപനങ്ങൾ വേറെയും ഉണ്ടാക്കിയിട്ടുണ്ട്. വിരമിച്ചശേഷം ലഭിക്കുന്ന പദവികളിൽ കണ്ണുനട്ടു ജോലിയെടുക്കുന്ന ജഡ്‌ജിമാരെ സൃഷ്ടിക്കുന്ന വ്യവസ്ഥിതി ശരിയല്ലെന്ന് ഒരിക്കൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് മുൻ ചീഫ് ജസ്റ്റിസ് ലോധ, ഈയിടെ വിരമിച്ച ജസ്റ്റിസ് ചെലമേശ്വർ എന്നിവരടക്കം മുതിർന്ന ജഡ്‌ജിമാർ, തങ്ങൾ വിരമിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാർ പദവികൾ സ്വീകരിക്കില്ലെന്ന നിലപാടു പ്രഖ്യാപിച്ചത്.

പാലകരില്ലാതെ ലോക്പാൽ 

നാലുവർഷമായി നീണ്ടുപോകുന്ന ഒരു പ്രധാന ട്രൈബ്യൂണൽ ലോക്പാൽ ആണ്. അഴിമതി തടയാൻ ലക്ഷ്യമിട്ടുകൊണ്ടുവന്ന ഈ സ്ഥാപനത്തിന്റെ തലവനാകേണ്ടത് സുപ്രീം കോടതിയിലെ ഒരു മുൻ ചീഫ് ജസ്റ്റിസും. ലോക്‌പാൽ സ്ഥാപിക്കാൻ നരേന്ദ്ര മോദിക്ക് ഉൽസാഹമില്ല. പക്ഷേ, നിയമഭേദഗതിക്കു പാർലമെന്റിന്റെ അംഗീകാരം കിട്ടാത്തതാണ് ലോക്‌പാൽ വൈകാൻ കാരണമെന്നു കേന്ദ്ര സർക്കാർ പറയുന്നു. 

ലോക്‌പാൽ നിയമനം സമയബന്ധിതമായി പൂർത്തിയാക്കാൻ സുപ്രീം കോടതിയും സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. അഴിമതിവിരുദ്ധ പോരാട്ടത്തിനു നേതൃത്വം വഹിക്കേണ്ട ലോക്‌പാലിൽ, വിരമിച്ചതും വിരമിക്കാനിരിക്കുന്നതുമായ ഏതെല്ലാം ജഡ്‌ജിമാർക്കു നിയമനം കിട്ടിയേക്കുമെന്ന ഊഹങ്ങളും ശക്തമാണ്.

related stories