Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിത്വം, ഒരുമ പരമപ്രധാനം

മലയാളികൾ, ഒട്ടും പരിചയമില്ലാത്ത വൻ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. പലരും മടങ്ങിത്തുടങ്ങിയെങ്കിലും ഒട്ടേറെപ്പേർക്ക് ആഴ്ചകളോളം ക്യാംപിൽ കഴിയേണ്ടിവരും. ദുരിതാശ്വാസക്യാംപുകളിൽ കഴിയുന്നവരും ക്യാംപിനു നേതൃത്വം നൽകുന്നവരും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ.

∙ സഹായവിതരണം

ക്യാംപുകളിൽ ഏറ്റവും വലിയ പരാതി വരാനിടയുള്ള കാര്യം. മുൻഗണനാടിസ്ഥാനത്തിലുള്ള രീതി വേണം. ഓടിവന്ന് ആദ്യം വരിനിൽക്കാൻ കഴിയാത്തവർക്കാണ് ആദ്യ പരിഗണന നൽകേണ്ടത്. രോഗികൾ, ഗർഭിണികൾ, അംഗപരിമിതർ, വയോധികർ, കുട്ടികൾ എന്നിവർക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്തു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മറ്റുള്ളവർക്കുള്ള വിതരണത്തിലേക്കു കടക്കുക. കൈക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഭക്ഷണം, കമ്പിളി എന്നിവ ഉറപ്പുവരുത്തുക. രോഗികൾക്കും വൃദ്ധർക്കും വിരിച്ചുകിടക്കാൻ പുതപ്പുണ്ടെന്ന് ഉറപ്പുവരുത്തുക.

∙ കുഞ്ഞുങ്ങൾ

കുട്ടികൾ എപ്പോഴും കയ്യെത്തും ദൂരത്തുതന്നെ ഉണ്ടെന്ന് അച്ഛനമ്മമാർ ഉറപ്പുവരുത്തുക. രാത്രി എപ്പോൾ വേണമെങ്കിലും വൈദ്യുതി നിലയ്ക്കാം. ജനങ്ങൾ തിങ്ങിക്കഴിയുന്നിടത്തു കുട്ടി ഒറ്റപ്പെട്ടു പോകാനിടയുണ്ട്.

∙ വാർത്തകൾ

ഭീതി ജനിപ്പിക്കാനും സാഹചര്യം വഷളാക്കാനും ഒരു തെറ്റായ വാർത്ത മതി. ഉദാഹരണത്തിന് ക്യാംപിൽ ഒരാൾക്കു കോളറ വന്നു എന്ന വ്യാജവാർത്ത മതി, ആളുകൾ വിട്ടൊഴിഞ്ഞു പോകാൻ. ക്യാംപിലേക്കുള്ള വാർത്തകൾ അറിയിക്കാനും ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേൾക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തണം.

∙ അഗ്നിബാധ

ദുരിതാശ്വാസക്യാംപുകളിൽ തീപിടിത്തത്തിനു സാധ്യതയേറെ. ഭക്ഷണം പാകംചെയ്യുന്ന സ്ഥലവും ഇന്ധനം വച്ചിരിക്കുന്ന സ്ഥലവും തീ പടർന്നുപിടിക്കാൻ സാധ്യതയുള്ളവയാണോ? അതുണ്ടായാൽ പെട്ടെന്നു നേരിടാൻ വെള്ളമോ ഫയർ എക്സ്റ്റിംഗ്വിഷറോ സമീപത്തു ലഭ്യമാണോ എന്നീ കാര്യങ്ങൾ പരിശോധിക്കുക.

∙ കൂട്ടംചേരുക

ക്യാംപിൽ താമസിക്കുന്നവർക്കുതന്നെ പലതരം ആവശ്യങ്ങൾക്കു കമ്മിറ്റികൾ രൂപീകരിക്കാം. ഉദാഹരണത്തിന് മാലിന്യശേഖരണത്തിനു ചെറുപ്പക്കാരുടെ ഗ്രൂപ്പ്. വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കാൻ വേറൊരു ഗ്രൂപ്പ്. കുട്ടികളെ പഠിപ്പിക്കാനും ഗെയിംസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമായി ഒരു സംഘം വേണം. ദുരന്തത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ എന്ന പ്രശ്‌നം പലർക്കുമുണ്ടാകാം, പ്രത്യേകിച്ചു കുട്ടികൾക്ക്. അവരുടെ മുന്നിൽ ദുരന്ത കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുക.

∙ ശുചിത്വം

പ്രളയദുരന്തങ്ങളിലെ വലിയ വെല്ലുവിളിയാണ് പരിസരം ശുചിയായി നിലനിർത്തുക എന്നത്. ക്യാംപുകളിലെ ശുചിമുറികൾ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ക്യാംപിന്റെ ജലസ്രോതസ്സിൽനിന്നു 30 മീറ്റർ ദൂരത്തിലും എന്നാൽ, ക്യാംപിൽനിന്ന് 50 മീറ്റർ ദൂരത്തിലല്ലാതെയും ശുചിമുറികൾ ഒരുക്കണം. ഭൂഗർഭ ജലനിരപ്പിൽനിന്ന് ഒന്നര മീറ്ററെങ്കിലും ഉയരത്തിലാകുന്നതാണ് അഭികാമ്യം. കുട്ടനാട്ടിലേതു പോലുള്ള അപ്രായോഗിക സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്നതാണ് ഇക്കോസാൻ (eco san) ടോയ്‌ലറ്റുകൾ.

അധികം വെള്ളം ആവശ്യമില്ലാത്തതിനാലും വിസർജ്യങ്ങൾ ഉടൻ പുറംതള്ളേണ്ടതില്ലാത്തതിനാലും ഇത് ഇത്തരം വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ പ്രായോഗികമാണ്.50 പേർക്ക് ഒരു ശുചിമുറി എന്ന മാനദണ്ഡമെങ്കിലും പാലിക്കണം. വ്യക്തിശുചിത്വം ഉറപ്പുവരുത്തുക. കൈകൾ വൃത്തിയായി കഴുകുക, കിടപ്പുസാമഗ്രികളും വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നിവ പരമ പ്രധാനം.

∙ കണക്കുവേണം

ദുരിതാശ്വാസക്യാംപിലെ കണക്കുകൾ സൂക്ഷിക്കുമ്പോൾ ദിവസവും ശേഷിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും ഇന്ധനങ്ങളുടെയും കണക്ക് പ്രത്യേകം നോക്കണം. എന്താണോ കുറയുന്നത് അതാണു നമ്മൾ ആവശ്യപ്പെടേണ്ടത്. ഒരു ക്യാംപിലേക്ക് 1000 പേർക്കു ഭക്ഷണം ആവശ്യമുണ്ടെന്നു പറയുന്നതിലും നല്ലത് 30 കിലോ പരിപ്പ്, 60 കിലോ അരി എന്നിങ്ങനെ, വേണ്ട സാധനം അളവുപറഞ്ഞ് ആവശ്യപ്പെടുന്നതാണ്. അത് സഹായിക്കുന്നവർക്കും സൗകര്യമാകും.

∙ നമ്മളൊന്ന്

ക്യാംപുകളിലെ അന്തരീക്ഷം അസ്വസ്ഥമാവാതെ നോക്കുന്നത് വളരെ പ്രധാനമാണ്. കലഹങ്ങൾ ഉണ്ടായാൽ അത് പുറത്തു നിന്നുള്ള ഇടപെടലുകൾക്കും വലിയ പ്രശ്നങ്ങളിലേക്കും നയിക്കും. ഏറെ നേരത്തെ വരിനിൽക്കൽ കലഹം ക്ഷണിച്ചുവരുത്തും. അര മണിക്കൂറിലേറെ നീളുന്ന വരികൾ ഉണ്ടാവാത്ത വിധം കൗണ്ടറുകൾ ലഭ്യമാക്കുക. ഇതരസംസ്ഥാന തൊഴിലാളികളുള്ള ക്യാംപിൽ അനൗൺസ്‌മെന്റുകൾ അവരുടെ ഭാഷയിലും നടത്തുക. മത, രാഷ്ട്രീയ ഘടകങ്ങളെയും ചിഹ്നങ്ങളെയും മാറ്റിനിർത്തുക.

∙ മാലിന്യനിർമാർജനം

ക്യാംപുകളിൽ അവരവരുടെ മാലിന്യം സംഭരിക്കാൻ എല്ലാ കുടുംബങ്ങൾക്കും എന്നും രണ്ടു കവർ വീതം നൽകുക. ഒന്ന് ജൈവമാലിന്യങ്ങൾക്കും മറ്റൊന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും. ഇതു ദിവസേന ശേഖരിച്ച് നിശ്ചയിക്കപ്പെട്ട സ്ഥലത്തു വേണ്ടവിധം സംസ്കരിക്കുക.

∙ മാർഗരേഖ

ക്യാംപുകൾ നടത്താൻ രാജ്യാന്തര മാർഗരേഖയുണ്ട്. സ്ഫിയർ സ്റ്റാൻഡേർഡുകൾ, യുഎൻ ഓച്ച ഗൈഡൻസ് എന്നിവയാണ് ഇതിൽ മുഖ്യം. ക്യാംപിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ഇതൊന്നു വായിക്കണം. ഈ നിലവാരങ്ങൾ അതുപോലെ നിലനിർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിലും എന്ത്, എങ്ങനെ ചെയ്യാം, ചെയ്യാതിരിക്കാം, കരുതൽ വേണ്ടതെവിടെ തുടങ്ങി ഒരുപാടു സാങ്കേതിക വിവരങ്ങൾ ഇവയിലുണ്ട്. 

                                                  (ജപ്പാനിൽ ജോലിചെയ്യുന്ന, ദുരന്തനിവാരണ വിദഗ്ധനാണു ലേഖകൻ)

related stories