Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിപ്പുള്ള ഈ പാഠം

പ്രളയത്തെ തോൽപിച്ച ജനകീയ സംഘശക്തിക്കുമുന്നിൽ ഒരിക്കൽകൂടി അഭിവാദ്യം അർപ്പിക്കുകയാണു കേരളം. വീടുകളിലേക്കും സ്കൂളുകളിലേക്കും മറ്റുമുള്ള പുനഃപ്രവേശത്തിനു തടസ്സമാകുന്ന പ്രളയമാലിന്യങ്ങൾ സംസ്ഥാനം നേരിടുന്ന സങ്കീർണപ്രതിസന്ധിയാകുമ്പോഴാണു കുട്ടനാട് മഹനീയമായൊരു ജനകീയ മാതൃക നൽകുന്നത്. വയനാട്ടിലും ഇന്നുമുതൽ ശുചീകരണത്തിനായി ആയിരക്കണക്കിനുപേർ കൈകോർക്കുന്നു. 

പ്രളയമാലിന്യങ്ങളുടെ മഹാശുചീകരണത്തിനായി മന്ത്രിമാർ മുതൽ സാ‌ധാരണക്കാർ വരെ ഒരുമിച്ചപ്പോൾ കുട്ടനാടു രചിക്കുന്നതു കൂട്ടായ്മയുടെ പുതുചരിത്രമാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെപ്പേർ കുട്ടനാടിന്റെ പുനർനിർമാണ പ്രക്രിയയിൽ കൈകോർക്കുന്നു. ചൊവ്വാഴ്ച ആരംഭിച്ച ദൗത്യത്തിൽ ഓരോ ദിവസവും കൂടിവരുന്ന പങ്കാളിത്തമാകട്ടെ, വിസ്മകരവും പ്രത്യാശാഭരിതവുമാണ്. ആദ്യദിവസംതന്നെ ഇവർ വൃത്തിയാക്കിയത് ആയിരക്കണക്കിനു വീടുകളാണ്. ഒത്തുപിടിച്ചാൽ എത്ര വലിയ മാലിന്യമലയും നീക്കാമെന്ന് അവർ തെളിയിക്കുമ്പോൾ സമാനമായ മാലിന്യപ്രശ്നം ശ്വാസംമുട്ടിക്കുന്ന നമ്മുടെ എത്രയോ നാടുകൾ അതു ഹൃദിസ്ഥമാക്കേണ്ടതാണ്.

കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയുമായി വിവിധ പഞ്ചായത്തുകളിലാണു ശുചീകരണം ഇന്നും പുരോഗമിക്കുന്നത്. ആദ്യപരിഗണന ആശുപത്രികൾ, ഹാളുകൾ, ഓഡിറ്റോറിയം, സ്കൂളുകൾ തുടങ്ങിയവയ്ക്കാണ്. വീടുകൾക്കു ബലക്ഷയം സംഭവിച്ചവരെ വരുംദിവസങ്ങളിൽ ഇവിടേക്കു മാറ്റിയേക്കും. ഒരുമാസത്തിലേറെയായി പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്ന കുട്ടനാട്ടിലെ ശുചീകരണ–പുനരധിവാസ പ്രവർത്തനങ്ങൾ സംസ്ഥാനത്തു മറ്റൊരിടത്തും ഇല്ലാത്തവിധം സങ്കീർണം കൂടിയാണ്. വിദഗ്ധ തൊഴിലുകളിൽ പ്രാവീണ്യമുള്ള വൊളന്റിയർമാരെ തിരഞ്ഞെടുത്തതു വെബ്പോർട്ടൽ വഴി അപേക്ഷ ക്ഷണിച്ചാണ്. ഇവരോടൊപ്പം ജനപ്രതിനിധികൾ, ക്യാംപ് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, വിവിധ സംഘടനകളിലെ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും  നാട്ടുകാർക്കൊപ്പം ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ശുചീകരണ പ്രക്രിയയുടെ ക്രമീകരണങ്ങൾ ആലോചിക്കാനായി ദുരിതാശ്വാസ ക്യാംപുകളിൽ പ്രത്യേക ‘പ്രളയ ഗ്രാമസഭ’കൾതന്നെ ചേരുകയുണ്ടായി. 

പേമാരിയും പ്രളയവും ഉരുൾപൊട്ടലും ദുരന്തഭൂമിയാക്കിയ വയനാടിന്റെ കുളിരും പച്ചപ്പും വൃത്തിയും വീണ്ടെടുക്കാൻ നാടൊന്നാകെ കൈകോർക്കുന്ന ജനകീയയജ്ഞത്തിൽ 25,000 പേരാണു പ്രാരംഭമായി പങ്കുചേരുന്നത്. നാട്ടുകാർ, ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനകൾ, രാഷ്‌ട്രീയ–സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടൊപ്പം കൃത്യമായ ആശയങ്ങളുടെ നിർവഹണവും ഏകോപനവും വയനാട്ടിലും കാണാം. പഞ്ചായത്ത് ഏകോപന സമിതിയാണു ശുചിയാക്കേണ്ട സ്ഥലങ്ങൾ തിരഞ്ഞെടുത്ത്, ശുചീകരണ പ്രവർത്തകർക്കു സാമഗ്രികൾ ലഭ്യമാക്കുക. പ്രളയബാധിത പ്രദേശങ്ങൾ ശുചീകരണത്തിൽനിന്നു വിട്ടുപോയിട്ടില്ലെന്ന്  ഉറപ്പുവരുത്താൻ ഫോട്ടോ സഹിതമുള്ള ഡോക്കുമെന്റേഷൻ തയാറാക്കുന്നുണ്ട്. മാലിന്യം വെവ്വേറെ ശേഖരിച്ച്, ഹരിത സഹായ ഏജൻസികൾക്കു കൈമാറും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കും.

പ്രളയമാലിന്യങ്ങളുടെ ശേഖരണത്തോടൊപ്പംതന്നെ പ്രധാനമാണ് അവയുടെ സംസ്കരണവും. ഇതിനായി സംസ്ഥാനം മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങിയേതീരൂ. ഈ വലിയ പ്രക്രിയ ഫലപ്രദമാക്കാൻ മുഖ്യമന്ത്രിതന്നെ നേരിട്ടു മേൽനോട്ടം വഹിക്കുകയും വേണം. വീടുകളിൽനിന്നു മാറ്റിയ പ്രളയമാലിന്യങ്ങൾ തൊട്ടപ്പുറത്തുള്ള മറ്റൊരു ഇടത്തിന്റെ ശാപമായിക്കൂടാ. 

കുട്ടനാടും വയനാടും പറ‍ഞ്ഞുതരുന്നതു പ്രളയാനന്തര കേരളത്തിനുള്ള പുതുപാഠമാണ്; കലിതീർത്തു തിരിച്ചുപോയ വെള്ളം ശേഷിപ്പിച്ച മാലിന്യക്കൂമ്പാരങ്ങൾ എത്രത്തോളമുണ്ടെങ്കിലും ലക്ഷക്കണക്കിനു കൈകൾ ഒത്തുചേർന്നാൽ ഇവിടം ശുചിത്വസുന്ദരമാക്കാമെന്ന ജനകീയപാഠം. അതിജീവിക്കാൻ വെമ്പുന്ന കേരളത്തിന് ഈ പാഠം പ്രതീക്ഷ നൽകും.