Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം ബാക്കിവച്ചത്: വേവുന്ന കുട്ടനാട്, നീറുന്ന ചെങ്ങന്നൂർ

flood-pachakam വെള്ളത്തിൽ വെന്തുനീറി: വീട് നഷ്ടപ്പെട്ടതിനെത്തുടർന്നു ബോട്ട് ‍ജെട്ടിയിൽ കഞ്ഞിവയ്ക്കുന്ന ലക്ഷ്മിയും ലളിതാമ്മയും. കൈനകരി ഈസ്റ്റ് പൗരസമിതി ജെട്ടിയിൽ നിന്നുള്ള കാഴ്ച. ചിത്രങ്ങൾ: റെജു അർനോൾഡ് ∙ മനോരമ

പ്രളയത്തിലും മണ്ണിടിച്ചിലും പകച്ചുപോയ കേരളത്തെ എങ്ങനെ പുനർനിർമിക്കാം? യുഎൻ പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ എന്നിവർ ‘മനോരമ’യ്ക്കുവേണ്ടി ദുരന്തമേഖലകളിലൂടെ നടത്തിയ പഠനയാത്രയിലെ കാഴ്ചകൾ, നിർദേശങ്ങൾ...

കയറുന്നതിനു മുൻപ് ബോട്ടിന്റെ ഡ്രൈവർ ജോജോ പറഞ്ഞു:‘അഞ്ചാറു ദിവസമായി ഉറങ്ങിയിട്ട്. എന്റെ രണ്ട് അനിയന്മാരെയാണു വെള്ളം കൊണ്ടുപോയത്. ഒരാളുടെ മൃതദേഹം കിട്ടി. അവന് നീന്തലറിയില്ലായിരുന്നു. രണ്ടാമനെ ഇത്രയും ദിവസം തിരഞ്ഞു. കിട്ടിയില്ല. അവനു നീന്തലറിയാമായിരുന്നു... പക്ഷേ, (ഒരു നിമിഷത്തെ മൗനം) ചിലപ്പോൾ മീൻ തിന്നു പോയിട്ടുണ്ടാവും...’

flood-jojo പ്രളയം കവർന്നെടുത്ത സഹോദരങ്ങളെക്കുറിച്ചു പറയുന്ന ജോജോ.

‘അവനു നീന്തലറിയാമായിരുന്നു’ എന്നു പറയുന്നതിനിടെ വേമ്പനാട്ടുകായലിന്റെ പരപ്പിലൂടെ ജോജോയുടെ കണ്ണുകൾ പരതുന്നുണ്ടായിരുന്നു. എങ്ങാനും അവൻ നീന്തി വരുന്നുണ്ടാവുമോ എന്ന് വെറുതെ അന്വേഷിക്കുന്നതുപോലെ...

വെള്ളത്തിൽ കളിച്ചു വളർന്ന ആലപ്പുഴയും കുട്ടനാടും ഇത്തവണത്തെ പ്രളയം കണ്ടു പകച്ചുപോയി. ഒറ്റരാത്രികൊണ്ടാണു വെള്ളം കയറി ആലപ്പുഴയിലെ റോഡുകളെയും കുട്ടനാടിനെയും മുക്കിക്കളഞ്ഞത്. ഇപ്പോഴും വെള്ളമിറങ്ങാത്ത വീടുകളുണ്ട്.

പമ്പയും അച്ചൻകോവിലാറും കരകയറിയെത്തിയപ്പോഴുണ്ടായ ഭയം ഇപ്പോഴും വിട്ടുമാറാത്ത നിലയിലാണു  ചെങ്ങന്നൂർ, പാണ്ടനാട്, മേഖലകൾ. കിലോമീറ്ററുകളോളം നീളത്തിൽ റോഡിലേക്ക് അടിതെറ്റി മറിഞ്ഞുവീണിരിക്കുകയാണു മതിലുകൾ. വല്ലന ഗ്രാമത്തിൽ 600 പൊലീസുകാരുടെ സേന വീടുകൾ കയറിയിറങ്ങി വൃത്തിയാക്കുന്നു...

കരുതിയിരിക്കണം... ‘ഞങ്ങൾ ഇനിയൊരു വള്ളം വാങ്ങിക്കും. വീട് മൂക്കറ്റം മുങ്ങിയപ്പോൾ മുറ്റത്തു കിടന്ന ആഡംബരക്കാറല്ല, രക്ഷിക്കാനായി തുഴഞ്ഞെത്തിയത് ഒരു വള്ളമാണ്.’

പള്ളിയോടങ്ങളുടെ നാട്ടിൽ, ഓണത്തിനുശേഷമുള്ള കീഴ്‌വൻമഴി പള്ളിയോടത്തിന്റെ ദിവസമാണ് മോഹനൻ ഇതു പറയുന്നത്. ആലപ്പുഴ ജില്ലയിലെ പാണ്ടനാടു വച്ചാണു മോഹനനെ കണ്ടത്. പമ്പയുടെ തീരം മാത്രമാണു പാണ്ടനാട്. കുത്തിയൊഴുകിയെത്തിയ പമ്പ പാണ്ടനാടിനെ അടിമുടി ആക്രമിച്ചിരിക്കുന്നു.

മോഹനനെപ്പോലെ എല്ലാവരും വള്ളം വാങ്ങേണ്ടതില്ലെങ്കിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ചേർന്നു കേരളത്തെ പഠിപ്പിക്കുന്നൊരു പാഠമുണ്ട്: ‘കരുതിയിരിക്കണം എപ്പോഴു’മെന്നു മുരളി തുമ്മാരുകുടി പറയുന്നു. ദുരന്തശേഷമുള്ള പുനർനിർമാണത്തിന്റെ തുടക്കം, ദുരന്തത്തെ നേരിടാനുള്ള ഒരുക്കത്തിൽനിന്നു തന്നെയാണ്.

ദുരന്തസാധ്യതാ അറിവ് 

നാം ജീവിക്കുന്ന ഇടങ്ങളിൽ എന്തൊക്കെ ദുരന്തങ്ങൾക്കു സാധ്യതയുണ്ട്? അത് അറിയാനുള്ള അവകാശം പൗരനുണ്ട്. നിർഭാഗ്യവശാൽ ഇത്തരം സാങ്കേതിക വിവരങ്ങൾ നമ്മുടെ സർക്കാർ ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ല. മഹാപ്രളയത്തിൽ ഇത്രയേറെ നാശനഷ്ടമുണ്ടാകാനുള്ള പ്രധാനകാരണവും ഇതുതന്നെ.

 കേരളത്തിലെ 44 നദികളിലും എത്രത്തോളം വെള്ളമുയരാം? 

 നൂറോളം ഡാമുകൾ തുറന്നാൽ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഡാം പൊട്ടിയാൽ എവിടെ വരെ വെള്ളമെത്താം. (ഡാം ബ്രേക്ക് ലെവൽ)

 മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിലാണോ താമസിക്കുന്നത്?

 ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണോ? എങ്കിൽ അതിന്റെ ആഘാതസാധ്യതകൾ എന്തൊക്കെ?

 ഇടിമിന്നൽ ദുരന്ത സാധ്യതാ മേഖലയിലാണോ നാം ജീവിക്കുന്നത്?

pandanad-house ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്ന ആറൻമുള വല്ലനയിൽ വീട്ടുപകരണങ്ങൾ കഴുകി ഉണക്കാൻ വച്ചിരിക്കുന്നു.

തുടങ്ങിയ അറിവുകൾ ജനങ്ങളുടെ അവകാശമാണ്. അതു സർക്കാർ ഫയലിൽ ഉറങ്ങേണ്ടതല്ല. ഇത്തരമൊരു വിവരം പൊതുജനങ്ങൾക്കു ലഭിച്ചിരുന്നെങ്കിൽ ഇടുക്കി ഡാം തുറന്നാൽ വെള്ളം കുത്തിയൊഴുകുമെന്നു രേഖപ്പെടുത്തിയ സ്ഥലത്തു കോടികൾ മുടക്കി വൻ കെട്ടിടസമുച്ചയം ആരും നിർമിക്കുമായിരുന്നില്ല. വീടുവയ്ക്കുമ്പോൾ പോലും അതു നിർമിക്കുന്ന സ്ഥലത്തെപ്പറ്റി ജാഗ്രതയുണ്ടാകും.

നമുക്കിടയിലെ ‘ആർമി’

കേരളത്തിലെ എല്ലാ ദുരന്തങ്ങളിലും രക്ഷിക്കാനുള്ള ‘പട്ടാളം’ നമ്മുടെ നാട്ടിൽത്തന്നെയുണ്ട്. പ്രളയനേരത്തു ബോട്ടെടുത്തു പാഞ്ഞുവന്ന മീൻപിടിത്തക്കാർ തന്നെ ഉദാഹരണം. ഇത്തരം തദ്ദേശ സംഘങ്ങളെ പരിശീലിപ്പിച്ചു സജ്ജരാക്കണം.  സ്വിറ്റ്സർലൻഡ് മോഡലിൽ സിവിൽ ഡിഫൻസ് സെന്ററുകൾ ഓരോ ഗ്രാമത്തിലും രൂപീകരിക്കാം.

വാഹനാപകടത്തിൽപെട്ടവരെ എങ്ങനെ രക്ഷിക്കാമെന്നതു മുതൽ പരിശീലനം നൽകണം. തീപിടിത്തമുണ്ടായാൽ എന്തു ചെയ്യണം?, മണ്ണിടിച്ചിൽ സാധ്യതയുടെ ആദ്യലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?, എപ്പോൾ മാറിത്താമസിക്കണം? ഇവയൊക്കെ കൃത്യമായി പരിശീലിപ്പിച്ച തദ്ദേശീയരായ രക്ഷാസേനയുണ്ടാവണം.

കോളജ്, സ്കൂൾ ക്യാംപസുകൾ കേന്ദ്രീകരിച്ച് ഇത്തരം പരിശീലനം നൽകിയാൽ ഏതു ഗ്രാമത്തിലും സജ്ജമായൊരു സേന നമുക്കുണ്ടാവും. ആറുമാസം കൂടുമ്പോഴെങ്കിലും മോക്ക് ഡ്രിൽ നടത്തണം.

എവിടെപ്പോയി ‘ഭായിമാർ’ ?

വീടുകളിൽ നിന്നു കല്ലും മണ്ണും കോരിക്കളയുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഞങ്ങൾ കണ്ടു.  തലയ്ക്കുമീതേ വെള്ളം പൊങ്ങിയപ്പോൾ വീടുകൾ പോലുമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ എവിടെപ്പോയി? സ്വന്തക്കാരെ രക്ഷിക്കാനുള്ള വെപ്രാളത്തിനിടെ അവരെ ആരും പരിഗണിച്ചില്ലെന്നതാണു സത്യം. അവരുടെ പ്രശ്നം നമ്മുടേതുകൂടിയാണ്.കേരളജനസംഖ്യയുടെ പത്തുശതമാനം വരും അവർ. ഉദ്ദേശം 30 ലക്ഷം പേർ.

shankar-murali-visit കൈനകരിയിൽ തകർന്ന വീടുകൾ പരിശോധിക്കുന്ന ജി. ശങ്കറും മുരളി തുമ്മാരുകുടിയും.

ദുരന്തനിവാരണ അതോറിറ്റിയും സർക്കാരും അറിയിപ്പുകൾ നൽകിയതു പോലും ഇംഗ്ലിഷിലും മലയാളത്തിലുമാണ്. ഇത്തരം അറിയിപ്പുകൾ ഹിന്ദിയിലും നൽകാൻ നടപടി വേണം.  മുന്നറിയിപ്പുപോലും കിട്ടാതെ വെള്ളത്തിൽ പെട്ടപ്പോൾ ഇവരിൽ ചിലർക്കു ജീവഹാനി സംഭവിച്ചിട്ടുണ്ടാകാം. അത് മരണക്കണക്കിൽ പോലും ഇടംപിടിച്ചിട്ടുണ്ടാവില്ല. ചില ദുരിതാശ്വാസ ക്യാംപുകളിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ ആട്ടിയോടിച്ചിട്ടുപോലുമുണ്ട്. ഇവർക്കായി ഉടൻ മെഡിക്കൽ ക്യാംപ് നടത്തണം. വെള്ളം ഇറങ്ങിപ്പോയ സ്ഥലങ്ങളിൽ തമ്പടിച്ചിരിക്കുന്ന ഇവരിൽനിന്നു പകർച്ചവ്യാധി പടരാമെന്നതും ഓർക്കുക.

ഹോളണ്ട് മോഡല്‍: അവസരത്തിനൊത്ത്  ‘ഉയരുന്ന’ വീടുകൾ

സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ തൂണുകളിലുള്ള വീടുകൾ പരീക്ഷിക്കണമെന്നു ജി.ശങ്കർ പറയുന്നു. കുട്ടനാടിനു സമാനമായ ഭൂപ്രകൃതിയുള്ള ഇടമാണ് നെതർലൻഡ്സ്. അവിടെ കാലുകളിൽ ഉയർത്തി നിർത്തിയിരിക്കുന്ന വലിയ വീടുകൾ കാണാം. വെള്ളമുയരുന്നതനുസരിച്ച് ഉയരുന്ന ഫ്ലോട്ടിങ് കെട്ടിടങ്ങളും നെതർലൻഡ്സിലുണ്ട്.

മുളയിലും തടിയിലുമൊക്കെ മനോഹരവും ഉറപ്പുള്ളതുമായ വീടുകൾ നിർമിക്കാവുന്ന സാങ്കേതികവിദ്യ നിലവിലുണ്ട്. കുട്ടനാട്ടിലായാലും നമ്മൾ കോൺക്രീറ്റ് വീടുകളോടാണു പ്രിയം കാണിക്കുന്നത്. 

അടിത്തട്ട് ഉറപ്പില്ലാത്ത മണ്ണിൽ വലിയ കോൺക്രീറ്റ് വീടുകൾ വയ്ക്കുന്നതു നിലനിൽക്കില്ലെന്നു കുട്ടനാട്ടിലെ പര്യടനം കാണിച്ചുതന്നു.കുട്ടനാടിനെ ചങ്ങനാശേരി ടൗൺ ആക്കാൻ ശ്രമിക്കരുത്. കുട്ടനാട്ടിലെ വീടുകൾക്ക് അതേസ്വഭാവം വേണമെന്നും ശങ്കർ പറയുന്നു.

സ്വിസ് മോഡല്‍: അഗ്നിശമന സേനയെ ‘ഇൻഷുറൻസ് കമ്പനി’യാക്കാം

ചെങ്ങന്നൂർ മേഖലയിൽ സഞ്ചരിക്കുമ്പോൾ വെള്ളത്തിൽ മുങ്ങിപ്പോയ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളും മുറ്റത്ത് ഉണക്കാൻ വച്ചിരിക്കുന്ന കാഴ്ചയാണു പലയിടത്തും കണ്ടത്. ‌ടിവിയും മറ്റും തേച്ചുകഴുകി വച്ചിരിക്കുന്നു. ഇവ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലല്ല; ഒരു ഭാഗ്യപരീക്ഷണം. വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചവരുമുണ്ട്. ഇതിനൊരു പരിഹാരം നിർദേശിക്കുന്നു വിദഗ്ധർ. സ്വിറ്റ്സർലൻഡിലെ ‘അഗ്നിസുരക്ഷാ സർവീസ് ഇൻഷുറൻസ്’ കേരളത്തിൽ നടപ്പാക്കാം.

∙ വർഷംതോറും എല്ലാ വീട്ടുകാരും ചെറിയ ഇൻഷുറൻസ് പ്രീമിയം അഗ്നിസുരക്ഷാ വകുപ്പിനു നൽകുന്നതാണു പദ്ധതി.

∙ അഗ്നിരക്ഷാ സേനയെ വിപുലപ്പെടുത്തി അതിനുകീഴിൽ സർക്കാർ ഇൻഷുറൻസ് കൊണ്ടുവരിക. ഓരോ വീടും വീട്ടിലെ ഉപകരണങ്ങളടക്കം കണക്കാക്കി ചെറിയ പ്രീമിയം ഈടാക്കുക. 

∙ ചെറിയ വീടുകൾക്കു ചെറിയ തുക, വലുതും സൗകര്യം കൂടിയതുമായ വീടുകൾക്ക് അതിനനുസരിച്ച് ഉയർന്ന തുക. 

∙ 60 ലക്ഷത്തോളം വീടുകളുണ്ട് കേരളത്തിൽ. ശരാശരി 1000 രൂപയെന്നു കണക്കാക്കിയാൽപ്പോലും പ്രതിവർഷം 600 കോടി രൂപ സർക്കാരിന്റെ അക്കൗണ്ടിലെത്തും. രണ്ടാം വർഷം 1200 കോടി.

∙ വർഷം തോറും ഈ തുക ലഭിച്ചുകൊണ്ടേയിരിക്കുമെന്നതിനാൽ വലിയ ലാഭമുള്ളൊരു ഇൻഷുറൻസ് കമ്പനിയായി അഗ്നിസുരക്ഷാ സേനയെ മാറ്റാം. 

∙ പ്രളയത്തിലോ മണ്ണിടിച്ചിലിലോ നശിച്ചുപോകുന്ന വീടുകൾക്കും വീട്ടുപകരണങ്ങൾക്കും പൂർണമായ  നഷ്ടപരിഹാരത്തുക ഈ ഫണ്ടിൽ നിന്നു നൽകാം.

ജി. ശങ്കർ:  കുട്ടനാടൻ ഗ്രാമങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പുനർനിർമാണത്തിന്റെ ഭാഗമായി ഇവിടെ ഒന്നോ രണ്ടോ ഏക്കർ ഭൂമി കണ്ടെത്തി മാതൃകാ കുട്ടനാടൻ ഗ്രാമം നിർമിക്കണം.

മുരളി തുമ്മാരുകുടി: കുട്ടനാട് ഇനിയും വലിയൊരു പാർപ്പിടമേഖലയായി നിലനിർത്തുക ശ്രമകരമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ജലനിരപ്പുയർന്നാൽ എത്രകാലം ബണ്ട് ഉയർത്തിക്കെട്ടി പിടിച്ചു നിൽക്കാനാകും? ജനവാസം പരമാവധി കുറച്ച് കൃഷിക്കായി കുട്ടനാടിനെ മാറ്റണം. മൊത്തം കുട്ടനാട്ടിൽ ഒരുമിച്ചു കൃഷിനടത്തി ലാഭം വീതിക്കുന്ന രീതി പരീക്ഷിക്കണം.

(വയനാടിന്റെ തിരിച്ചുവരവിന് മാർ‌ഗങ്ങൾതേടി നാളത്തെ യാത്ര)

related stories