Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഭാടമില്ലാതെ മുന്നോട്ടുപോകാം

കഴിയുന്നത്ര സഹായസമാഹരണം നട‍ത്തിയും പാഴ്ച്ചെലവുകൾ കുറച്ചുമൊക്കെ നാം നിവർന്നുനിൽക്കാൻ ശ്രമിക്കുന്നതു നല്ലതുതന്നെ. പക്ഷേ, അതു കേരളത്തെ നഷ്ടസങ്കടങ്ങളിലും നിരാശയുടെ നിഴലിലും തളച്ചിട്ടുകൊണ്ടാവരുത്. രാജ്യാന്തര ചലച്ചിത്രോത്സവം, വിവിധ വകുപ്പുകളുടെ കീഴിലുള്ള കലോത്സവങ്ങൾ, യുവജനോത്സവങ്ങൾ തുടങ്ങിയ മേളകൾക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപകമായി പ്രതിഷേധമുയരുന്നത് ഈ സാഹചര്യത്തിൽവേണം കാണാൻ.

മേളകൾക്കായി നീക്കിവച്ച തുക വകുപ്പു മേധാവികൾ ദുരിതാശ്വാസനിധിയിലേക്കു നൽകണമെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നുണ്ട്. സർക്കാരിന്റെ നേതൃത്വത്തിലും സർക്കാരിന്റെ പണം ഉപയോഗിച്ചും നടത്തുന്ന എല്ലാ മേളകൾക്കും വിലക്കു ബാധകമാണ്. അതേസമയം, ഒരു വർഷത്തേക്കു നമ്മുടെ മേളകളുടെ തിരശീല ഉയരാതെ വന്നാൽ അതു സാംസ്കാരിക കേരളത്തിനുണ്ടാക്കുന്ന നഷ്ടവും നിരാശയും തളർച്ചയും എന്താണെന്നു വിലക്കിയവർ ഓർത്തുകാണാൻ വഴിയില്ല. 

ലോകത്തിനു മുന്നിൽ കേരളത്തിന്റെ സാംസ്കാരിക പ്രതിച്ഛായ ഉയർത്തുന്നതിൽ, ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിനും തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കും വലിയ പങ്കുണ്ട്. ഈ സാംസ്കാരികോത്സവങ്ങൾ നടത്താതെ കലാകേരളത്തിന്റെ ജാലകങ്ങൾ ഒരു വർഷത്തേക്ക് അടച്ചിടുന്നതിൽ ന്യായമില്ല; ഇവയൊക്കെ നമ്മുടെ സാംസ്കാരികതയുടെ മുഖമുദ്രയാണെന്നിരിക്കെ വിശേഷിച്ചും. 

ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ അത് അവതരിപ്പിക്കാനായി നമ്മുടെ കുട്ടികൾ കാത്തിരിക്കുന്ന സ്കൂൾ കലോത്സവം നമുക്കു വെറുമൊരു മൽസരവേദിയല്ല, കലാകേരളത്തിനു പുതിയ താരോദയങ്ങൾ സമ്മാനിക്കുന്ന ബൃഹദ്സംഗമം കൂടിയാണ്. പ്രളയം കലക്കിമറിച്ച മാനസികാവസ്ഥയിൽനിന്നു നമ്മുടെ കുട്ടികൾക്കു മോചനമുണ്ടാകാനും കലോത്സവങ്ങൾ സഹായകമാവും. രാജ്യാന്തര ചലച്ചിത്രോത്സവമാകട്ടെ, നമ്മുടെ സിനിമകൾക്കു ലോക‌തിരശീലകളിലേക്കുള്ള വാതിൽകൂടിയാണ്. ലോക സിനിമകളെ ഇഷ്ടപ്പെടുന്നവരുടെ വാർഷിക സംഗമവും മികച്ച സിനിമകളുടെ ആസ്വാദനവും നടക്കാതെ വന്നാൽ അതുണ്ടാക്കുന്ന നിരാശയും നഷ്ടബോധവും ചെറുതാവില്ല. ചലച്ചിത്രോത്സവങ്ങളുടെ തുടർച്ച പ്രധാനമാണെന്നിരിക്കെ, അതു കാത്തുസൂക്ഷിക്കുകതന്നെ വേണം. 

ആഘോഷമില്ലാതെ സ്കൂൾ കലോത്സവം നടത്തി മൽസരത്തിലൂടെ കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ട്. ആഘോഷം ഒഴിവാക്കി ചലച്ചിത്രോത്സവം നടത്തണമെന്നു പല കേന്ദ്രങ്ങളിൽനിന്നും ആവശ്യം ഉയരുകയുമാണ്. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്ന നിലപാടിലാണു ടൂറിസം വകുപ്പ്. ഇതെല്ലാം വേണ്ടെന്നുവച്ചാൽ വിനോദസഞ്ചാരികളെ എങ്ങനെ ആകർഷിക്കുമെന്നാണ് അവർ ചോദിക്കുന്നത്. കേരളം മോശപ്പെട്ട അവസ്ഥയിൽ തുടരുകയാണെന്നുള്ള സന്ദേശം പുറത്തേക്കു പ്രചരിക്കുന്നതു ദോഷം ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എത്രയോപേർക്കു തൊഴിൽ നൽകുന്ന നമ്മുടെ വിനോദസഞ്ചാര മേഖല ഒരു കാരണവശാലും തളർന്നുകൂടാ. 

സംസ്ഥാനം പഴയ അന്തരീക്ഷത്തിലേക്കു മടങ്ങണമെങ്കിൽ മേളകളുംമറ്റും തിരികെ എത്തണമെന്ന് എത്രയോ പേർ ആഗ്രഹിക്കുന്നുണ്ട്. ആർഭാടമില്ലാതെ ഇത്തരം പരിപാടികളായിക്കൂടേ എന്നാണ് അവരുടെ ചോദ്യം. ആർഭാടം പൂർണമായും ഒഴിവാക്കാവുന്നതേയുള്ളൂ. സർക്കാർവക ചെലവു തീരെ കുറയ്ക്കണമെങ്കിൽ സ്കൂൾ കലോത്സവങ്ങൾക്കും ചലച്ചിത്രോത്സവത്തിനുമൊക്കെ സ്വകാര്യ പങ്കാളിത്തമോ പ്രായോജകരെയോ തേടുകയുമാവാം. കേരളത്തിന്റെയും സർക്കാരിന്റെയും ഇപ്പോഴത്തെ അവസ്ഥ അറിയുന്ന കലാസ്വാദകർ തീർച്ചയായും ഇക്കാര്യത്തിൽ കൈകോർത്ത് ഒപ്പമുണ്ടാവുമെന്നു തീർച്ച.

ഒരു വർഷത്തേക്കു മേളകൾക്കു വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതുകണ്ട് കേരളം വിങ്ങലോടെ നമ്മുടെ രാഷ്ട്രീയ പാർട്ടികളോടു ചോദിക്കുന്നതും ഇതിനിടെ കേൾക്കാം: ഈ ഒരു വർഷത്തേക്ക് നിങ്ങൾക്കു ഹർത്താലുകൾ പൂർണമായി വേണ്ടെന്നുവച്ചുകൂടേ? ഓരോ ഹർത്താൽദിവസവും വ്യവസായകേരളത്തിനുണ്ടാവുന്ന നഷ്ടം ശതകോടികളാണെന്നിരിക്കെ ഈ ചോദ്യത്തിന് അനുകൂല മറുപടി ഉണ്ടാവുകതന്നെ വേണം.