Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനോലി കനാലിൽ നിശ്ശബ്ദവിപ്ലവം

നാടുണർന്നാൽ നീങ്ങാത്ത മാലിന്യമില്ലെന്നതിനു നേർസാക്ഷ്യമാവുകയാണ് കോഴിക്കോട്ടെ കനോലി കനാൽ നവീകരണം. മാലിന്യങ്ങൾ നിറഞ്ഞ്, നഗരത്തിലെ മെഗാ അഴുക്കുചാൽ ആയി മാറിയ 11.2 കിലോമീറ്റർ കനാൽ, 15 ദിവസത്തെ ജനകീയദൗത്യത്തിലൂടെ പഴയമുഖം വീണ്ടെടുക്കുമ്പോൾ ഉയരുന്നത് ഒരുമയുടെ വിജയം. 

പഴയകാലത്തു മലബാറിലെ ചരക്കുനീക്കത്തിനുള്ള പ്രധാന ജലപാതയായിരുന്നു കനോലി കനാൽ. കണ്ണൂർ – കൊല്ലം ജലപാത ശൃംഖലയിലെ ആദ്യ കനാലുമാണിത്. മാലിന്യം തള്ളാനും ഒഴുക്കിവിടാനുമുള്ള എളുപ്പസ്ഥലമായി ഇതിനെ പലരും കണ്ടതോടെ കനോലി കനാലിന്റെ ചരമഗീതം കുറിക്കപ്പെട്ടതാണ്. ഇതിന് ആരാണ് ഉത്തരവാദി, എങ്ങനെ ശുചിയാക്കണം തുടങ്ങിയ ചർച്ചകൾ പലപ്പോഴും സജീവമായി നടന്നിട്ടുമുണ്ട്. എന്നാൽ, സാമൂഹികദൗത്യം ഏറ്റെടുക്കുന്നതിലെ മറ്റൊരു മാതൃകയാണ് ഇക്കഴിഞ്ഞ രണ്ടാഴ്ചകളിലായി കോഴിക്കോട് നഗരം കണ്ടത്. സർക്കാരിന്റെ ഒരുരൂപ പോലും ചെലവഴിക്കാതെയും പ്രചാരണത്തിനായി ഒരു പോസ്റ്റർ പോലും പതിക്കാതെയും നടപ്പാക്കിയ പദ്ധതിയുടെ കരുത്ത് ജനകീയ പങ്കാളിത്തം മാത്രമായിരുന്നു. അതിന് ഊർജം പകർന്നതു ശരിയായ ലക്ഷ്യബോധവും. 

റസിഡന്റ്സ് അസോസിയേഷനായി തുടങ്ങി, ജൈവ കൃഷിയിലും മാലിന്യ നിർമാർജനത്തിലും രാജ്യത്തിനുതന്നെ മാതൃകയായ ‘വേങ്ങേരി നിറവാ’ണ് ഈ ദൗത്യത്തിനു നേതൃത്വം നൽകിയത്. പൂർണപിന്തുണയുമായി ജില്ലാഭരണകൂടവും കോർപറേഷനും ഒപ്പം നിന്നു. ‘നിറവി’ന്റെ 50 വൊളന്റിയർമാരും 10 കോ–ഓർഡിനേറ്റർമാരുമായിരുന്നു ഏകോപനം. പദ്ധതി ആരംഭിച്ചതോടെ നഗരത്തിലെ കോളജ്, സ്കൂൾ വിദ്യാർഥികളും പരിസ്ഥിതി, സന്നദ്ധ സംഘടനകളും ആവേശത്തോടെ അണിചേർന്നു. കൗൺസിലർമാരുടെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷനുകളും പങ്കെടുത്തു. വൈദ്യസഹായവും വൊളന്റിയർമാർക്കുള്ള ഭക്ഷണവും പണിയായുധങ്ങളുംവരെ സ്പോൺസർ ചെയ്യപ്പെട്ടു. കാടുമൂടിക്കിടന്ന ഭാഗങ്ങളിലെ ദുർഘടമായ ജോലികൾചെയ്യാൻ അഗ്നിശമന സേനയുടെ പല യൂണിറ്റുകളും കെഎസ്ഇബി, ജലസേചനവകുപ്പ് ജീവനക്കാരുമെത്തി. 2510 ചാക്ക് അജൈവമാലിന്യമാണ് ഇതിനകം കനാലിൽനിന്നു പുറത്തെടുത്തത്. ഇവ ‘നിറവി’ന്റെ നേതൃത്വത്തിൽ പുനഃചംക്രമണം നടത്തും. 

ഇത് ആദ്യഘട്ടം മാത്രം. വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളിയും ജൈവമാലിന്യങ്ങളും ഇനിയും പലഭാഗത്തായുണ്ട്. മാലിന്യമൊഴുകിയെത്തുന്നതിനാൽ പലഭാഗത്തും വെള്ളത്തിന്റെ നിറം കറുപ്പായിത്തുടരുന്നുമുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് രണ്ടാംഘട്ടം നടപ്പാക്കുന്നത്. എലത്തൂർ മുതൽ കല്ലായിവരെയുള്ള കനാൽ എട്ടു സെക്ടറുകളായി തിരിച്ച് ഓരോന്നും ശുചിയായി സൂക്ഷിക്കാൻ പ്രദേശവാസികളുടെ കമ്മിറ്റി രൂപീകരിക്കുകയാണ്. ഓരോ സെക്ടറും വേർതിരിച്ച് ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള അഴുക്കുവെള്ളം കനാലിലേക്കെത്തുന്നതു തടയാൻ നടപടി ആരംഭിച്ചു. കനാൽ കോരപ്പുഴയുമായും കല്ലായിപ്പുഴയുമായും ചേരുന്ന ഭാഗങ്ങളിലെ ചെളി നീക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഇനി പ്രകടമാകണം. 

ബ്രിട്ടിഷ് ഭരണകാലത്ത് മലബാർ കലക്ടറായിരുന്ന എച്ച്.വി.കനോലി, കോരപ്പുഴയെയും കല്ലായിപ്പുഴയെയും ബന്ധിപ്പിച്ച് 1845ൽ നിർമിച്ചതാണ് ഈ കനാൽ. മലിനീകരണവും കയ്യേറ്റവും ദുരവസ്ഥയിലാക്കിയ കനാലിനെ രക്ഷിക്കാൻ 18 വർഷത്തിനുള്ളിൽ ജലസേചന വകുപ്പ് 12 കോടിരൂപ ചെലവഴിച്ചിട്ടുണ്ട്. എങ്കിലും കനാലിന്റെ സ്ഥിതി മെച്ചപ്പെട്ടിരുന്നില്ല. ഈ സ്ഥാനത്താണ്, 15 ദിവസം കൊണ്ട് വൻ വിജയത്തിലെത്തിയ ജനകീയദൗത്യം നടന്നത്. ഇതൊരു വിപ്ലവം തന്നെയാണ്.

കോലാഹലങ്ങളോ മുദ്രാവാക്യം വിളികളോ ഇല്ലാതെ, എല്ലാവരും അക്ഷരാർഥത്തിൽ കൈകോർത്തു നേടിയ വിജയം. മാലിന്യംകൊണ്ട് വീർപ്പുമുട്ടുന്ന ജലാശയങ്ങൾ കേരളത്തിന്റെ ഏതുഭാഗത്തും കാണാം. ഒരുമയോടെയും ഇച്ഛാശക്തിയോടെയും രംഗത്തിറങ്ങിയാൽ ഈ ജലാശയങ്ങളെല്ലാം പുനരുജ്ജീവിപ്പിക്കാം എന്ന ആത്മവിശ്വാസമാണ് കനോലി കനാൽ നവീകരണം കേരളത്തിനു പകരുന്നത്. നമ്മുടെ നാടിന്റെ തനിമ വീണ്ടെടുക്കാനുള്ള ദൗത്യത്തിന് ഇതു നല്ലൊരു മാതൃകയും തുടക്കവുമാകട്ടെ.