Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ഡോക്ടർമാർ രൂപപ്പെടട്ടെ

സ്വാശ്രയ മെഡിക്കൽ കോളജുകളുടെ പ്രശ്നങ്ങൾ സീറ്റും ഫീസുമായി ബന്ധപ്പെട്ട പതിവുസമസ്യകൾക്കപ്പുറം അംഗീകാരം നേടലും  റദ്ദാക്കലുമൊക്കെയായി കൂടുതൽ സങ്കീർണമാവുന്നതു വർഷങ്ങളായി നാം കണ്ടുവരികയാണ്. രക്ഷിതാക്കളുടെ ആധിയും കുട്ടികളുടെ ഭാവിയും മറന്നുള്ള ഈ വാർഷിക സ്വാശ്രയ സംഘർഷനാടകത്തിന് ഇനിയെങ്കിലും എന്നേക്കുമായി തിരശ്ശീല വീഴ്ത്തണ്ടേ? മെഡിക്കൽ കോളജുകളുടെ മികവിനുവേണ്ടി നിലകൊള്ളേണ്ട മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ)യുടെ നിലപാടുകളെക്കുറിച്ചുവരെ ആശങ്കയുയരുമ്പോൾ ഈ ചോദ്യത്തിനു കൂടുതൽ പ്രസക്തി കൈവരുന്നു.

മെഡിക്കൽ കോളജുകളിൽ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനകൾ സാങ്കേതികവിദ്യ ഉപയോഗിച്ചു സുതാര്യമാക്കാൻ ഇൻഫോസിസ് നോൺ–എക്സിക്യൂട്ടീവ് ചെയർമാനായ നന്ദൻ നിലേകനിയുടെ സഹായം സുപ്രീം കോടതി തേടിയതിൽവരെ എത്തിനിൽക്കുകയാണു കാര്യങ്ങൾ. പരിശോധനയുടെ പേരിലുള്ള തർക്കം വിദ്യാർഥികളെയും കോടതിയെയും സമ്മർദത്തിലാക്കുന്നുവെന്നും പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്നുമാണു കോടതി പറഞ്ഞത്. പരിശോധനയുടെ സുതാര്യത ഉറപ്പാക്കാനുള്ള നിർദേശങ്ങൾ തയാറാക്കാൻ കോടതി നേരത്തേ പല തവണ എംസിഐയോടു നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല.  

രാജ്യത്തെ ആരോഗ്യ, ചികിത്സാരംഗത്തു സമഗ്രനിയന്ത്രണം കയ്യിലുള്ള എംസിഐ, ആ അധികാരം കൃത്യമായും സുതാര്യമായും ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യം പല കേന്ദ്രങ്ങളിൽനിന്നും  ഉയർന്നുതുടങ്ങിയിട്ടു നാളേറെയായി. ഉന്നത ധാർമിക നിലവാരം അനിവാര്യമായ ഈ മേഖലയിൽ കർശനവും വിശ്വാസ്യവുമായ നിയന്ത്രണം അത്യാവശ്യമാണുതാനും. മെഡിക്കൽ കോളജുകളെ നിയന്ത്രിക്കുന്നതിലും പ്രവേശനം അഴിമതിരഹിതമാക്കുന്നതിലും ഉത്തരവാദിത്തമുള്ള എംസിഐ പക്ഷേ തൽപരകക്ഷികളുടെ കൈകളിൽ അഴിമതിയുടെ അധ്യായങ്ങൾ രചിച്ചുവെന്നാണു പരാതി. പ്രവേശനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതിക്കേസിൽ എംസിഐ പ്രസിഡന്റ് 2010ൽ അറസ്‌റ്റിലാവുകപോലും ഉണ്ടായിട്ടുണ്ട്. 

എംസിഐ അഴിമതിപ്രസ്ഥാനമാണെന്നു സുപ്രീം കോടതിവരെ പറയുമ്പോൾ അതിനു മാനങ്ങളേറെയുണ്ട്. തൊടുപുഴ അൽ അസ്ഹർ, വർക്കല എസ്.ആർ., പാലക്കാട് പി.കെ.ദാസ്, ഡി.എം. വയനാട് എന്നീ മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിനെതിരെ എംസിഐ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഈ രൂക്ഷവിമർശനമുണ്ടായത്. എംസിഐയെ ഇങ്ങനെ തുടരാൻ അനുവദിച്ചുകൂടെന്നു നിരീക്ഷിച്ച കോടതി, വിദ്യാഭ്യാസം കച്ചവടമായെന്നും തലവരിപ്പണം യാഥാർഥ്യം തന്നെയെന്നും പറയുകയുണ്ടായി. കോളജ് പരിശോധനാ സംഘത്തെ തീരുമാനിക്കുന്നതിൽപോലും എംസിഐ തട്ടിപ്പു നടത്തുന്നുണ്ടെന്നും കോളജുകളുമായി ഒത്തുകളിയുണ്ടെന്നുമുള്ള ആരോപണം കോടതിയിലും പുറത്തും ഉന്നയിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ മെഡിക്കൽ പ്രഫഷനെ ദേശീയമായി നിയന്ത്രിക്കുന്നതിനുണ്ടാക്കിയ എംസിഐയ്‌ക്കു വിശ്വാസ്യത നഷ്ടമാവുന്നുവെന്ന ആശങ്ക ബന്ധപ്പെട്ടവർ ഗൗരവത്തിലെടുക്കുകതന്നെ വേണം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെയാണ് അമിക്കസ് ക്യൂറിയായി സുപ്രീം കോടതി ഇപ്പോൾ നിയോഗിച്ചിട്ടുള്ളത്. 

പാലക്കാട് കരുണ, അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയ 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഓർഡിനൻസിനെതിരെ എംസിഐ നൽകിയ ഹർജിയിലാണു നടപടിയുണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടു തടയുന്നതിനു നിയമാനുസൃതമായ കമ്മിറ്റി രൂപീകരിക്കുകയും അതേസമയം തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി ഓർഡിനൻസ് കൊണ്ടുവരികയും ചെയ്ത സർക്കാരിനുള്ള തിരിച്ചടിയാണ് ഇതെന്നാണു വിലയിരുത്തൽ. 

ഡോക്ടർമാരെ വാർത്തെടുക്കുന്ന നമ്മുടെ മെഡിക്കൽ കോളജുകൾക്ക് ഉന്നതനിലവാരം ഉറപ്പുവരുത്തിയേതീരൂ. അതിനു ചുമതലപ്പെട്ട മെഡിക്കൽ കൗൺസിലാകട്ടെ അങ്ങേയറ്റം സംശുദ്ധി പുലർത്തുകയും വേണം. ഇപ്പോൾ സുപ്രീം കോടതിയിൽനിന്നുണ്ടായ ഇടപെടൽ ഫലവത്താകുകയാണെങ്കിൽ അതു നമ്മുടെ സ്വാശ്രയ മെഡിക്കൽ കോളജുകളെയാകെ ഒരളവോളം ശുദ്ധീകരിച്ചേക്കുമെന്നാണു പ്രതീക്ഷ.