Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുജീവൻ തേടി തോട്ടം മേഖല

നിലനിൽപിനായി കിണഞ്ഞുപരിശ്രമിക്കുന്ന തോട്ടം മേഖലയെ കാർഷികാദായ നികുതിയിൽനിന്ന് ഒഴിവാക്കിയത് ഉചിതമായ തീരുമാനംതന്നെ. സംസ്ഥാന സർക്കാർ ജൂണിൽ പ്രഖ്യാപിച്ച ഒൻപതിന കർമപരിപാടിയുടെ തുടർനടപടിയാണിത്. കേരളത്തിലെ തോട്ടം മേഖലയുടെ നിലനിൽപ് ഉടമകളുടെ മാത്രം തലവേദനയല്ല; അവിടെയുള്ള മൂന്നര ലക്ഷം തൊഴിലാളികളെ ബാധിക്കുന്ന സാമൂഹികപ്രശ്നംകൂടിയാണത്. ഈ യാഥാർഥ്യം ഉൾക്കൊണ്ടാണ് നികുതിബാധ്യതകളുടെ കെട്ടുകളിൽനിന്നു തോട്ടങ്ങൾക്കു വിടുതൽ നൽകുന്നത്. പക്ഷേ, പ്രതിസന്ധികളിൽ വലയുന്ന നമ്മുടെ തോട്ടം മേഖലയ്ക്കു ജീവവായു നൽകാൻ ഇതുമാത്രം പോരെന്നതാണു സത്യം.

കാർഷികാദായ നികുതി പിരിക്കുന്നത് അഞ്ചു വർഷത്തേക്കു മരവിപ്പിക്കാൻ ജൂണിൽ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നു വ്യക്തമായപ്പോഴാണ് തോട്ടം മേഖലയെ ഇതിൽനിന്നു പൂർണമായി ഇപ്പോൾ ഒഴിവാക്കുന്നത്. ഖജനാവിലേക്കു നാമമാത്ര വരുമാനം മാത്രമാണ് ഈയിനത്തിൽ ലഭിച്ചിരുന്നത്. എന്നാൽ, മുൻവർഷങ്ങളിലെ കാർഷികാദായ നികുതിയുടെ കുടിശികയും പിഴപ്പലിശയുമായി വലിയ തുക തോട്ടമുടമകൾ സർക്കാരിനു നൽകേണ്ടതുണ്ട്. തോട്ടങ്ങൾക്കുള്ള പ്ലാന്റേഷൻ ടാക്സ് നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. 

തോട്ടം തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പാട്ടക്കാലാവധി പുതുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുമുള്ള നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്ന ചുമതലയിൽ തോട്ടമുടമകളോടൊപ്പം സർക്കാരും പങ്കുവഹിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതസൗകര്യം തുടങ്ങിയ രംഗങ്ങളിലെങ്കിലും തോട്ടംമേഖലയിൽ സർക്കാർ മുതൽമുടക്കു വർധിപ്പിക്കണം. ശ്രീലങ്കയിലും ബംഗാളിലുമൊക്കെ ഇപ്രകാരം സാമൂഹികബാധ്യത പങ്കുവയ്ക്കുന്നതു സർക്കാരുകളാണ്. ഉൽപാദനക്ഷമത കുറയുകയും ഉൽപാദനച്ചെലവു വർധിക്കുകയും ചെയ്ത തോട്ടങ്ങളെ മത്സരക്ഷമമാക്കുന്നതിനു കൂടുതൽ സാങ്കേതികവിദ്യയും നിക്ഷേപവും ഈ രംഗത്തേക്കു കടന്നുവരണം. 

ഇന്ത്യയിലെ ആകെ തോട്ടക്കൃഷിയുടെ 46 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്തെ ആകെ കൃഷിഭൂമിയുടെ 30 ശതമാനത്തോളമുള്ള (7.04 ലക്ഷം ഹെക്ടർ) ഈ മേഖലയെ അവഗണിച്ച് കാർഷികരംഗത്തു മുന്നേറാനാവില്ലെന്നതാണു സത്യം. എന്നാൽ, തുടർച്ചയായ വിലത്തകർച്ചയും അവഗണനയും നിയന്ത്രണങ്ങളുംമൂലം തോട്ടങ്ങൾ തളരുന്ന കാഴ്ചയാണ് ഏതാനും വർഷങ്ങളായി കാണുന്നത്. ഈ മേഖലയെ സംബന്ധിച്ചു സർക്കാരിന് ഇതുവരെ സമർപ്പിക്കപ്പെട്ട ഒൻപതു പഠന റിപ്പോർട്ടുകളും ഫലപ്രദമായി നടപ്പാക്കപ്പെട്ടിട്ടില്ല. ഏറ്റവുമൊടുവിൽ, റിട്ട. ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സർക്കാർ ഒൻപതിന പരിപാടികൾ മേഖലയ്ക്കായി പ്രഖ്യാപിച്ചത്. 

നമ്മുടെ തോട്ടങ്ങൾക്കു ജീവവായു പകരാൻ വേണ്ടതു സമഗ്രമായ നയരൂപീകരണമാണ്. കാലഹരണപ്പെട്ട നിയന്ത്രണങ്ങളിലും ചട്ടങ്ങളിലും കുരുക്കിയിടാതെ, സുസ്ഥിരകൃഷിയുടെ മാതൃകാ കേന്ദ്രങ്ങളായി അവയെ മാറ്റണം. ഏകവിളത്തോട്ടങ്ങളെന്ന പരിമിതി മറികടക്കാനും വരുമാനത്തിന്റെ പുത്തൻ മേഖലകൾ കണ്ടെത്താനും അനുവദിക്കണം. തൊഴിലാളികൾക്കു മാന്യമായ ജീവിതസാഹചര്യങ്ങളും കാലാനുസൃതമായ വേതനവും നൽകാൻ നിർബന്ധിക്കുമ്പോൾ തന്നെ, ആനുപാതികമായി വരുമാനം വർധിപ്പിക്കാനുള്ള അവസരങ്ങളും തോട്ടമുടമകൾക്ക് ഒരുക്കണം. ഇടവിളക്കൃഷി, ഫാം ടൂറിസം തുടങ്ങിയ ആശയങ്ങൾ നടപ്പാക്കുന്നതിൽ മുൻവിധിയോടെയുള്ള നിയന്ത്രണങ്ങൾക്കു പ്രസക്തിയില്ല. തോട്ടം മേഖല പരിസ്ഥിതിക്കു ദോഷമുണ്ടാക്കിയിട്ടില്ലെന്നും അവയ്ക്കു നിയമപരിരക്ഷ നൽകണമെന്നും കൃഷ്ണൻനായർ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. 

ഒട്ടേറെ തലമുറകളുടെ അധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് നമ്മുടെ തോട്ടങ്ങളും അവയിലെ അടിസ്ഥാന സൗകര്യങ്ങളും. സുസ്ഥിരവികസനത്തിലൂടെ, സാമ്പത്തികമായും പാരിസ്ഥിതികമായും ഉൽപാദനപരമായും മെച്ചപ്പെടുത്തി നമ്മുടെ തോട്ടങ്ങൾക്കു പുതുജീവൻ പകരാൻ നടപടികൾ ഒട്ടും വൈകരുത്.