Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ നന്മയ്ക്ക് നന്ദി

rebuild-kerala

പ്രളയദുരന്തത്തിൽ നാടു കേഴുമ്പോൾ, പ്രിയപ്പെട്ട വായനക്കാരുടെ കൈപിടിച്ചു മലയാള മനോരമ ഏറ്റെടുത്ത വലിയൊരു ആശ്വാസദൗത്യം പരിസമാപ്തിയിലെത്തുകയാണ്. പ്രളയക്ലേശങ്ങളിൽനിന്ന് ആത്മവിശ്വാസത്തോടെ ‌കേരളത്തെ ഉയർത്തെഴുന്നേൽപിക്കാനുള്ള ദൗത്യത്തിൽ പങ്കുവഹിക്കാനായതിന്, സുമനസ്സുകളേ, നിങ്ങൾ ഓരോരുത്തരോടും ഹൃദയംതൊട്ടു നന്ദി പറയുന്നു.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മലയാള മനോരമ മുന്നോട്ടുവച്ച ‘കൂടെയുണ്ട് നാട്’ പദ്ധതി കൂട്ടായ്മയുടെയും ജനപങ്കാളിത്തത്തിന്റെയും മികച്ച മാതൃകയായി ഇപ്പോൾ കേരളത്തിന്റെ മുന്നിലുണ്ട്. പ്രിയപ്പെട്ട വായനക്കാരുടെ നന്മയും കരുണാർദ്രതയും ഈ പദ്ധതിയുടെ ഹൃദയമിടിപ്പായി ഉയർന്നുകേൾക്കാം. മലയാള മനോരമയുടെ വിഹിതംകൂടി ചേർത്ത് ഈ ആശ്വാസപദ്ധതിക്കുവേണ്ടി ഇതുവരെ സമാഹരിക്കാനായത് 5,11,77,982 രൂപയാണെന്നു സന്തോഷത്തോടെ അറിയിക്കട്ടെ. കേരളത്തെ സ്നേഹിക്കുന്ന, മനോരമയ്ക്കൊപ്പം നിൽക്കുന്ന ഓരോരുത്തരുടെയും സഹായം കൂടിച്ചേർന്നാണ് ഈ നിധി ഇത്രയും വലുതായത്. സ്കൂൾ കുട്ടികൾ ഹൃദയപൂർവം ചേർത്തുവച്ച വിലപ്പെട്ട നാണയത്തുട്ടുകളടക്കം വലിയ തുകകൾവരെ ഈ പദ്ധതിയിലേക്കു സ്നേഹത്തോടെ ഒഴുകിയെത്തി. അതുകൊണ്ടുതന്നെ, ഓരോ രൂപയുടെയും മൂല്യം തിരിച്ചറിഞ്ഞുതന്നെയാണു മനോരമയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തുക വിനിയോഗിക്കുന്നതും.

പ്രളയബാധിത ജില്ലകളിൽ സംഘടിപ്പിച്ച ‘കൂടെയുണ്ട് നാട്’ മെഡിക്കൽ ക്യാംപുകളാകട്ടെ, 62 ദിവസംകൊണ്ട് 100 എണ്ണം പൂർത്തിയാക്കിയിരിക്കുന്നു. ഇടുക്കി ജില്ലയിലെ കുമളിയിലും കോഴിക്കോട് കിനാലൂരുമായി ഇന്നലെ നടന്ന ക്യാംപുകളാണ് ഒരു വലിയ ദൗത്യത്തിന്റെ സാഫല്യം അറിയിച്ചത്. പ്രളയത്തെ അതിജീവിച്ചു ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയവർക്കും മറ്റും കൈത്താങ്ങാകാൻ മലയാള മനോരമ നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപുകൾ ഇതിനകം എത്രയോ പേർക്ക് ആശ്വാസവും ആലംബവുമായതിന്റെ ചാരിതാർഥ്യം വിനയത്തോടെ നാമൊക്കെയും ചേർന്നാണു പങ്കിടേണ്ടത്.

മനസ്സിലും ശര‍ീരത്തിലും പ്രളയക്കെടുതിയേൽപിച്ച വേദനകൾ പങ്കുവയ്ക്കാൻ ഈ മെഡിക്കൽ ക്യാംപുകളിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 75,000 പേരാണ്. കൈക്കുഞ്ഞുങ്ങളൊത്തുള്ള വീട്ടമ്മമാർ മുതൽ വയോധികർ വരെ ക്യാംപിലെത്തി. അപ്രതീക്ഷിത വെള്ളപ്പൊക്കം ശരീരത്തിനേൽപിച്ച രോഗക്കെടുതികൾക്കൊപ്പം മനസ്സിന്റെ വിങ്ങലുകളും അവർ ഡോക്ടർമാരോടു പങ്കുവച്ചു. മരുന്നിനൊപ്പം പ്രത്യാശയും രോഗികളിലേക്കു പകർന്നുനൽകിയ ഡോക്ടർമാർ ആശ്വാസസാന്നിധ്യമാവുകയും ചെയ്തു. ക്യാംപുകളിലെത്തിയ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ഡോക്ടർമാരെ വിട്ടുനൽകിയ ആശുപത്രികൾക്കുമായി പറയേണ്ട നമ്മുടെ നന്ദി വലുതാണ്.

രണ്ടേകാൽ കോടി രൂപയുടെ മരുന്നുകളാണു മെഡിക്കൽ ക്യാംപുകളിലൂടെ വിതരണം ചെയ്തത്. ആന്റിബയോട്ടിക്കുകൾക്കും പ്രതിരോധ മരുന്നുകൾക്കും പുറമെ, ജീവിതശൈലീരോഗങ്ങൾ, പോഷകക്കുറവ്, ജലജന്യരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ഇതിലുൾപ്പെടുന്നു. വിദഗ്ധ ഡോക്ടർമാർ നേരിട്ടു പരിശോധിച്ചശേഷമാണു മരുന്നുകൾ നിർദേശിച്ചത്. പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ ഉൾപ്പെട്ട കിറ്റുകളും വിതരണം ചെയ്യുകയുണ്ടായി.

കുട്ടനാട്ടിലെയും വയനാട്ടിലെയും മറ്റും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഒറ്റപ്പെട്ടയിടങ്ങളിൽപോലും മഴക്കെടുതിയുടെ ആദ്യനാളുകളിൽത്തന്നെ സഹായവുമായി ചെന്നെത്തി തുടക്കമിട്ട ‘കൂടെയുണ്ട് നാട്’ പദ്ധതി, സംസ്ഥാനത്തെ എട്ടു ജില്ലകളിലേക്കു വ്യാപിക്കുകയായിരുന്നു. കുടിക്കാനുള്ള വെള്ളമത്രയും മലിനമായ കുട്ടനാട്ടിലും മറ്റും അഞ്ചരലക്ഷത്തോളം ലീറ്റർ ശുദ്ധജലം വിതരണം ചെയ്യാനായതു പദ്ധതിയുടെ വലിയ ധന്യതകളിലൊന്നായി. സംസ്ഥാനത്തു പ്രളയജലം തകർത്ത വീടുകളിൽ പുനഃപ്രവേശം നടത്തുന്നവരിൽ പലർക്കും പുതപ്പും വസ്ത്രങ്ങളും പാത്രങ്ങളും നിത്യോപയോഗസാധനങ്ങളും ശുചീകരണവസ്തുക്കളും മറ്റും വിതരണം ചെയ്യാനും കഴിഞ്ഞു.

സമാഹരിച്ചതിൽ ബാക്കിയുള്ള തുകകൊണ്ടു കുട്ടനാട്ടിൽ നമ്മളൊരു കമ്യൂണിറ്റി ഹാൾ പണിയുന്നതിന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ്. നിരന്തര പ്രളയഭീഷണിയെ അഭിമുഖീകരിക്കുന്ന കുട്ടനാട്ടിൽ ഉചിതമായ സ്ഥലത്ത് അങ്ങനെയൊരു അഭയകേന്ദ്രം ഉയരുമ്പോൾ, ദുരിതബാധയുടെ അത്യാവശ്യ സന്ദർഭങ്ങളിൽ വീട്ടിൽനിന്നു മാറിത്താമസിക്കാനുള്ള ഇടമാവും അടിസ്ഥാന സൗകര്യങ്ങളോടെ ലഭിക്കുക.

നവകേരള നിർമിതിയുടെ അതേ ദിശയിലാണു നമ്മുടെ സമർപ്പിത മുന്നേറ്റവും. നാടിന്റെ നന്മമനസ്സിന്റെ ഉത്തമ മാതൃകകൾ ആർദ്രതയുടെ നല്ലപാഠങ്ങളായി ഇനിയും ഇവിടെ ഉയരേണ്ടതുണ്ട്. ആ കരുണാവഴികളിൽ കൂട്ടായ്മയുടെ ശക്തിയും ലക്ഷ്യബോധത്തിന്റെ വെളിച്ചവുമാകാൻ ‘കൂടെയുണ്ട് നാട്’ പദ്ധതിക്കു കഴിഞ്ഞാൽ മനോരമയ്ക്കും ധന്യതയായി.