Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുവഴിയിലും ഉരുട്ടിക്കൊല

കാക്കിയുടെ ക്രൂരത ഒരിക്കൽകൂടി ഒരു കുടുംബത്തെ അനാഥമാക്കി. വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവം കേരളം ഞെട്ടലോടെയാണു കേട്ടത്. നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി എസ്.സനൽ (33) ആണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കിരാതനടപടിക്ക് ഇരയായത്. പൊലീസിന്റെ തൊപ്പിയിൽ മറ്റൊരു കറുത്ത തൂവൽ.

തിങ്കളാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയതാണ് നെയ്യാറ്റിൻകര ഡിവൈഎസ്പി: ബി.ഹരികുമാർ. റോഡിൽ പാർക്ക് ചെയ്തിരുന്ന സനലിന്റെ കാർ തന്റെ കാറിനു വഴിമുടക്കിയെന്ന പേരിൽ ഡിവൈഎസ്പി ബഹളമുണ്ടാക്കി. വീട്ടുകാർക്കു ഭക്ഷണം വാങ്ങാൻ തട്ടുകടയിലെത്തിയ സനൽ ശബ്ദംകേട്ട് ഓടിയെത്തി. തുടർന്നു സനലിനെ ഡിവൈഎസ്പി അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തു. മഫ്തി വേഷത്തിലായതിനാൽ ഉദ്യോഗസ്ഥനെ സനൽ തിരിച്ചറിഞ്ഞതുമില്ല. ഇതിനിടെ റോഡിലേക്കു സനലിനെ ഡിവൈഎസ്പി പിടിച്ചുതള്ളുകയും ചെയ്തു.

അമിതവേഗത്തിലെത്തിയ കാറിടിച്ചു വീണ സനലിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ഡിവൈഎസ്പി ഉടൻ മുങ്ങി. പിന്നീടെത്തിയ പൊലീസാകട്ടെ, അവരുടെ ജീപ്പിൽ സനലിനെ കൊണ്ടുപോകാതെ ആംബുലൻസ് വരാൻ കാത്തുനിന്ന് അടിയന്തര ചികിത്സ വൈകിക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ സനലിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ ശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിയുണ്ട്. ഇതിനെല്ലാം ഉത്തരവാദികളായ പൊലീസുകാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാരിനു ബാധ്യതയുണ്ട്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥനാണ് ക്രൂരത കാണിച്ചതെന്നത് ഏറെ ഗൗരവമുള്ളതാണ്. സർവീസിലുടനീളം അന്വേഷണവും സസ്പെൻഷനും അച്ചടക്ക നടപടിയും നേരിട്ടയാളാണ് ഉദ്യോഗസ്ഥൻ. ഇങ്ങനെയൊരു വ്യക്തി ഇത്രകാലം എങ്ങനെ സേനയിൽ തുടർന്നു എന്നത് ഞെട്ടലുളവാക്കുന്നു. ഉദ്യോഗസ്ഥന്റെ വഴിവിട്ട ഇടപാടുകൾക്കെതിരെ സംസ്ഥാന ഇന്റലിജൻസ് മൂന്നു റിപ്പോർട്ടുകളാണ് ഒന്നരവർഷത്തിനിടെ നൽകിയത്. സേനയ്ക്കു നാണക്കേടാണ് ഉദ്യോഗസ്ഥനെന്നായിരുന്നു റിപ്പോർട്ടുകളുടെ ഉള്ളടക്കം.

പരാതികൾ വ്യാപകമായതോടെ പൊലീസ് മേധാവിതന്നെ നേരിട്ട് ഇന്റലിജൻസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏപ്രിൽ 25ന് ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യം, വകുപ്പുതല നടപടിയെടുക്കണമെന്നും തൽസ്ഥാനത്തുനിന്നു മാറ്റണമെന്നുമായിരുന്നു. അതിലും നടപടിയുണ്ടായില്ല. റേഞ്ച് ഐജിയും ഉദ്യോഗസ്ഥനെ മാറ്റണമെന്നു മൂന്നുമാസം മുൻപു റിപ്പോർട്ട് നൽകി. ഇതിനെല്ലാം കടലാസിന്റെ വില പോലും കൽപിക്കാതിരുന്ന സർക്കാർ വലിയ വിലയാണ് ഇപ്പോൾ നൽകേണ്ടി വന്നിരിക്കുന്നത്.

ഭരണകക്ഷി നേതാക്കളും സംഘടനാ നേതാക്കളും ക്രിമിനലുകളുമെല്ലാം ഒരുപോലെ അടുപ്പക്കാരായതിനാൽ ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം അനായാസം ഒളിവിൽ പോകാനായി. അറസ്റ്റ് വൈകുന്നതു ജനരോഷം വർധിപ്പിക്കുന്നതിനൊപ്പം സേനയ്ക്കു മറ്റൊരു നാണക്കേടുമാകും. കുറ്റത്തിന്റെ ഗൗരവമനുസരിച്ചു നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തരം പുഴുക്കുത്തുകൾ ഇനിയും സേനയിൽ തലപൊക്കും. അനാഥമായ സനലിന്റെ കുടുബത്തിനു മതിയായ സഹായവും ജോലി സുരക്ഷയും സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്.

കേരള പൊലീസ് പ്രളയകാലത്ത് ഏറെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ നേടിയ സ്ഥാനമാണ് ഒറ്റരാത്രികൊണ്ട് ഒരു ഉദ്യോഗസ്ഥൻ തട്ടിത്തെറിപ്പിച്ചത്. ഇത്തരം നടപടി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. സേനയിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിച്ചില്ലെങ്കിൽ കാക്കി ധരിച്ച ഏത് ഉദ്യോഗസ്ഥനും വഴിവിട്ടു പ്രവർത്തിക്കാൻ ധൈര്യപ്പെടുമെന്ന അപായസൂചന കൂടിയാണ് സനലിന്റെ ദുരന്തം.