Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രില്ലർ തിരൈപ്പടമാകുമോ ?

dmk-nidhi

കരുണാനിധി തലപ്പത്തിരുന്നപ്പോൾ സത്യൻ അന്തിക്കാടിന്റെ കുടുംബ ചിത്രം പോലെ ശാന്തമായിരുന്നു ഡിഎംകെ. കലൈജ്ഞറെന്ന വന്മരത്തണലൊഴിയുമ്പോൾ അത് ഷാജി കൈലാസ് ചിത്രം പോലെ ആക്‌ഷൻ ത്രില്ലറാകുമോയെന്ന ആശങ്കയിലാണ് അണികൾ. മുൻ മുഖ്യമന്ത്രി ജയലളിതയെപ്പോലെ പകരക്കാരന്റെ കസേര ശൂന്യമാക്കിയല്ല കരുണാനിധി വിടവാങ്ങുന്നത്.മകൻ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെ പിൻഗാമിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ, പിതാവ് ജീവിച്ചിരിക്കെ തന്നെ കലാപത്തിനു കോപ്പു കൂട്ടിയ, മൂത്തമകൻ എം.കെ.അഴിഗിരിയുടെ അടുത്ത നീക്കമാണ് അറിയാനുള്ളത്. ആറു മാസത്തിനകം സജീവ രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുമെന്ന വെടി പൊട്ടിച്ചതു രണ്ടാഴ്ച മുൻപാണ്. പിതാവിന്റെ കലാ സാഹിത്യ പ്രവർത്തനങ്ങളുടെ നേരവകാശിയായ മകൾ കനിമൊഴിയും രാഷ്ട്രീയത്തിൽ സജീവം.രാജ്യത്തെ ഏറ്റവും ശക്തമായ പ്രാദേശിക പാർട്ടികളിലൊന്നായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കടിഞ്ഞാണിനായി കരുണാനിധി കുടുംബത്തിൽ തുറന്ന പോരുണ്ടാകുമോയെന്നു കണ്ടു തന്നെയറിയണം.

രാഷ്ട്രീയ പിൻഗാമിയായി തുടക്കം മുതൽ സ്റ്റാലിനായിരുന്നു കരുണാനിധിയുടെ മനസ്സിൽ. തന്നെപ്പോല, 14-ാം വയസ്സിൽ സ്റ്റാലിനെയും രാഷ്ട്രീയത്തിലിറക്കി. അടിയന്തിരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയിലിലായി ക്രൂര പീഡനത്തിനിരയായ മകനോടുള്ള പിതാവിന്റെ വാൽസല്യം കൂടി. എംഎൽഎയും ചെന്നൈ മേയറും മന്ത്രിയു ഉപമുഖ്യമന്ത്രിയും കഴിഞ്ഞ വർഷം ജനുവരിയിൽ വർക്കിങ് പ്രസിഡന്റുമായി അണികളുടെ ദളപതി, നേതൃത്തിലേക്കുള്ള പടവുകൾ ഒന്നൊന്നായി കയറി.യുവത്വത്തിൽ കൂടെയുണ്ടായിരുന്ന ചീത്തപ്പേര് മാറ്റി വികസന നായകനെന്ന പ്രതിഛായ നിർമിച്ചെടുത്തു.ഡിഎംകെയിൽ പിൻഗാമിയായി പലരും കണക്കാക്കിയിരുന്ന  വൈകോ  പാർട്ടിവിടാനുള്ള അടിസ്ഥാന കാരണം കരുണാനിധി സ്റ്റാലിനു അമിത പ്രാധാന്യമായിരുന്നു. 

സ്റ്റാലിന്റെ മുഖമുദ്ര പക്വതയെങ്കിൽ വെട്ടൊന്ന് മുറി രണ്ടെന്നാണു അഴഗിരി ശൈലി.മക്കൾക്കിടയിൽ മൂപ്പിളമത്തർക്കം ഉയർന്നുവരുന്നതു ശ്രദ്ധിച്ച കരുണാനിധി അഴഗിരിയെ മധുരയിലേക്കു മാറ്റി. ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും തെക്കൻ തമിഴ്നാട്ടിലെ ഡിഎംകെയെന്നാൽ അതോടെ, അഴഗിരിയായി. മധുരയിൽ നിന്നു പാർലമെന്റിലേക്കു ജയിച്ചു കേന്ദ്രമന്ത്രിയായി.

സ്റ്റാലിനുമായി അടി മൂത്തപ്പോൾ 2014ൽ അഴഗിരി പാർട്ടിക്കു പുറത്ത്. കരുണാനിധിയുടെ മൂന്നാം ഭാര്യ രാജാത്തിയമ്മാളിന്റെ ഏക മകൾ കനിമൊഴി 2007 മുതൽ രാജ്യസഭാംഗമാണ്.അർധ സഹോദരന്മാരുടെ പോരിൽ ചേരിചേരാ നയം സ്വീകരിക്കുന്ന അവരുടെ നിലപാടിന് ഇനി പ്രസക്തിയേറും. സ്റ്റാലിൻ പാർട്ടിയുടെ അടുത്ത പ്രസിഡന്റാകാൻ തന്നെയാണ് സാധ്യത. 

മകൻ ഉദയനിധി മാരനെ നേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള സ്റ്റാലിന്റെ ശ്രമങ്ങൾക്കെതിരെ ചെറുതല്ലാത്ത മുറുമുറുപ്പ് പാർട്ടിക്കുള്ളിലുണ്ട്. അത് പ്രതിഷേധമായി പുറത്തുവന്നാൽ അഴഗിരിയുടെ സമയം തെളിയും.