Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോഗം: വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

narendra-modi കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലേക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.

ലണ്ടൻ ∙ ചതുർദിന സന്ദർശനത്തിനു ലണ്ടനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ (ചോഗം) വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സെയ്ഷൽസ് പ്രസിഡന്റ് ഡാനി ഫോറെയുമായി വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണത്തെക്കുറിച്ചും മറ്റ് ഉഭയകക്ഷി വിഷയങ്ങളിലും മോദി ചർച്ച നടത്തി.

സെയ്ഷൽസിന്റെ അധീനതയിലുള്ള അസംപ്ഷൻ ദ്വീപിൽ ഇന്ത്യ സൈനിക താവളം സ്ഥാപിക്കാൻ കരാർ ഒപ്പിട്ടതു വിവാദമായത് ഏതാനും മാസം മുൻപായിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമേറെയാണ്. മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗന്നാഥ്, യുഗാണ്ടൻ പ്രസിഡന്റ് യൊവെരി മുസെവെനി, ഗാംബിയൻ പ്രസിഡന്റ് അദാമ ബാരോ, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമരാമ, സെന്റ് ലൂസിയ പ്രധാനമന്ത്രി അലൻ ചസ്റ്റനെറ്റ്, സോളമൻ ദ്വീപുകളിലെ പ്രധാനമന്ത്രി റിക് ഹുവേനിപ്വേല തുടങ്ങി വിവിധ രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ, ഇന്നലെ എലിസബത്ത് രാജ്ഞി ബക്കിങ്ങാം കൊട്ടാരത്തിൽ കോമൺവെൽത്ത് രാഷ്ട്രത്തലവന്മാർക്കായി ഔദ്യോഗിക വിരുന്നു നൽകി. കഴിഞ്ഞ തവണത്തെ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന തന്നെ ചാൾസ് രാജകുമാരൻ കഴിഞ്ഞ വർഷം ഇന്ത്യയിലെത്തി ക്ഷണിച്ചുവെന്നും രാജ്ഞി തനിക്കു നേരിട്ടു കത്തെഴുതിയെന്നും, അതെല്ലാം ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും ഇന്ത്യൻ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മോദി ബുധനാഴ്ച പറഞ്ഞിരുന്നു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകോം ടേൺബുൾ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ തുടങ്ങിയവരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചകോടിക്ക് ഇന്നു സമാപനമാകും. മടങ്ങിവരുംവഴി ബർലിനിൽ ഹ്രസ്വസന്ദർശനം നടത്തി ജർമൻ ചാൻസലർ അംഗല മെർക്കലുമായി മോദി കൂടിക്കാഴ്ച നടത്തും.

related stories