Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ നിന്നു ലെനിനും സ്റ്റാലിനും പുറത്ത്; പകരം ഗാന്ധിജി, നേതാജി

Lenine - Stalin ലെനിന്‍, സ്റ്റാലിന്‍

അഗർത്തല∙ ത്രിപുരയിലെ പാഠപുസ്തകങ്ങളിൽ നിന്നു കമ്യൂണിസ്റ്റ് നേതാക്കളായ ലെനിനും സ്റ്റാലിനുമെല്ലാം പുറത്ത്. കമ്യൂണിസ്റ്റ് പാർട്ടി ചരിത്രവും പുസ്തകങ്ങളിൽ നിന്നു നീക്കും. 25 വർഷമായി വിദ്യാലയങ്ങളി‍ൽ കമ്യൂണിസത്തിന്റെ ചരിത്രം മാത്രമാണു പഠിപ്പിച്ചുകൊണ്ടിരുന്നതെന്നും അതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്നും മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് എൻസിഇആർടി മാതൃകയിലുള്ള വിദ്യാഭ്യാസം പൂർണമായി നടപ്പാക്കും. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ചരിത്രം കൂടുതലായി ഉൾപ്പെടുത്തും. ലെനിനെപ്പറ്റിയും സ്റ്റാലിനെപ്പറ്റിയും പഠിക്കുന്നതിനു പകരം മഹാത്മാ ഗാന്ധിയെക്കുറിച്ചും ലോകമാന്യ ഗംഗാധര തിലകിനെക്കുറിച്ചും നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചും മറ്റും കുട്ടികൾക്ക് ഇനി പഠിക്കാനാവും.

കമ്യൂണിസ്റ്റ് ചരിത്രം പഠിക്കുന്നതിനു പകരം അശോക ചക്രവർത്തിയുടെ കഥയും കലിംഗയുദ്ധത്തിലെ അദ്ദേഹത്തിന്റെ വിജയവും ബുദ്ധമതപ്രചാരണത്തിനായുള്ള സ്ഥാനത്യാഗവുമെല്ലാം കുട്ടികൾ അറിഞ്ഞിരിക്കേണ്ടതാണ്– മുഖ്യമന്ത്രി പറഞ്ഞു.

മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ വാർത്താവിനിമയവും നിലനിന്നിരുന്നതായി അദ്ദേഹം ആവർത്തിച്ചു. ഇന്റർനെറ്റെന്നോ ഉപഗ്രഹമെന്നോ ഉള്ള വാക്ക് അന്നു ഉപയോഗിച്ചിട്ടുണ്ടാവില്ല. ഹസ്തിനപുരത്തു നിന്നു നൂറു കണക്കിനു കിലോമീറ്ററുകൾ അകലെയിരുന്നു കുരുക്ഷേത്രയുദ്ധം ധൃതരാഷ്ട്രർക്കു വിശദീകരിച്ചുകൊ‍ടുക്കാൻ പിന്നെങ്ങനെയാണു സഞ്ജയനു കഴിയുക? ദൃശ്യങ്ങൾ തത്സമയം കൈമാറാനുള്ള വിദ്യ അന്നുണ്ടായിരുന്നു– അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയ്ക്കെതിരായ യുദ്ധത്തിൽ പാക്കിസ്ഥാനെയും ചൈനയെയും പിന്തുണച്ചവരാണു തന്നെ കളിയാക്കുന്നതെന്നു ദേബ് കുറ്റപ്പെടുത്തി. താൻ അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ അശോക സ്തംഭമോ ത്രിവർണപതാകയോ ഉണ്ടായിരുന്നില്ല. അവ വാങ്ങിച്ചു വയ്ക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നുമുള്ള കഥകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിൽ നിന്നു മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

related stories