Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാൾ ഇന്ത്യയോടൊപ്പം: ഒലി

modi നേപ്പാൾ സന്ദർശനത്തിനിടെ മുക്തിനാഥ് ക്ഷേത്ര ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തന്നെ സ്വീകരിക്കാനെത്തിയ സംഘത്തിനൊപ്പം പരമ്പരാഗത വാദ്യോപകരണം മുഴക്കുന്നു. ചിത്രം: പിടിഐ

കഠ്മണ്ഡു∙ ഇന്ത്യൻ താൽപര്യങ്ങളെ മാനിക്കുമെന്നും ഇന്ത്യയ്ക്കെതിരായ പ്രവർത്തനം തങ്ങളുടെ മണ്ണിൽ അനുവദിക്കില്ലെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകി. ഒലിയുമായി നടത്തിയ ചർച്ചകളിൽ ഇന്ത്യയ്ക്കു തൃപ്തിയാണുള്ളതെന്നും സെപ്റ്റംബറിനകം എല്ലാ വിഷയങ്ങളിലും ചർച്ച നടത്താൻ ധാരണയായെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾ തീർക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും തീരുമാനമായി.

നേപ്പാളും ഇന്ത്യയും തമ്മിൽ 1850 കിലോമീറ്റർ അതിർത്തിയാണുള്ളത്. സിക്കിം, ബംഗാൾ, ബിഹാർ, യുപി, ഉത്തരാഖണ്ഡ് എന്നിവയാണ് അതിർത്തിയിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ. അതിർത്തിക്കപ്പുറത്തു കുടുംബ ബന്ധങ്ങൾ ഉള്ളവർ ഏറെക്കാലമായി വീസയില്ലാതെ തന്നെ ഇരുവശത്തേക്കും പോകാറുണ്ട്. തുറന്ന അതിർത്തി ശക്തമായ ഉഭയകക്ഷി ബന്ധത്തിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നു മോദി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതു കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

ഹിന്ദുക്കളും ബുദ്ധമതാനുയായികളും ഒരുപോലെ എത്തുന്ന മുക്തിനാഥ് ക്ഷേത്രസന്നിധിയിലെത്തി മോദി പ്രാർഥിച്ചു. രാഷ്ട്രനേതാക്കളിൽ ഇവിടെ ദർശനം നടത്താനെത്തുന്ന ആദ്യത്തെയാളാണു മോദി. 108 സ്ഥലങ്ങളിൽ നിന്നുള്ള തീർഥം ശേഖരിച്ച് അദ്ദേഹം പ്രദക്ഷിണം വച്ചു. 12,172 അടി ഉയരത്തിലുള്ള മുക്തിനാഥിൽ അര മണിക്കൂർ ചെലവഴിച്ച പ്രധാനമന്ത്രി, പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിലും ദർശനം നടത്തി. നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി, വൈസ് പ്രസിഡന്റ് നന്ദ ബഹാദൂർ പുൻ, മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ, ഷേർ ബഹാദൂർ ദ്യൂബ, പ്രതിപക്ഷ നേതാക്കൾ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. 

ക്ഷേത്രദർശനം കർണാടക വോട്ടർമാരെ സ്വാധീനിക്കാൻ: കോൺഗ്രസ്

ന്യൂഡൽഹി∙ നേപ്പാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ക്ഷേത്രദർശനം കർണാടകയിലെ വോട്ടർമാരെ സ്വാധീനിക്കാനാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇതു സംപ്രേഷണം ചെയ്യുകവഴി പെരുമാറ്റച്ചട്ടലംഘനമാണു നടത്തിയിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് ആരോപിച്ചു.

എന്നാൽ, നേപ്പാളിൽ ശർമ ഒലി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഫെബ്രുവരി 15ന് ഫോണിൽ ഇരുവരും സംസാരിച്ചിരുന്നെന്നും പരസ്പര സന്ദർശനങ്ങൾ അന്നു തീരുമാനിച്ചിരുന്നതാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. സന്ദർശന തീയതി നിശ്ചയിക്കുന്നത് ഇരുരാജ്യങ്ങളുടെയും സൗകര്യമനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

related stories