Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം; 12 പേർ കൊല്ലപ്പെട്ടു

Bengal-Election-Violence വോട്ടിനിട്ടൊരു കുത്ത്: ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം അരങ്ങേറിയ മാൽഡ ജില്ലയിലെ പോളിങ് ബൂത്തിൽ നിന്ന് തട്ടിയെടുത്ത ബാലറ്റുപെട്ടികൾ നശിപ്പിക്കുന്നവർ. കത്തിനശിച്ച ബാലറ്റ്പേപ്പറുകളും കാണാം. ചിത്രം∙പിടിഐ

കൊൽക്കത്ത ∙ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം. 12 പേർ കൊല്ലപ്പെട്ടു. 43 പേർക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും വർധിക്കാനിടയുണ്ടെന്നാണു സൂചന. എന്നാൽ, തിരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട് ആറു പേരെ മരിച്ചിട്ടുള്ളൂവെന്നും മറ്റ് ആറുപേരുടെ മരണകാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നുമാണ് പൊലീസ് വ്യാഖ്യാനം. ചിലയിടങ്ങളിൽ ബാലറ്റ് പെട്ടികൾ തട്ടിയെടുത്തു നശിപ്പിച്ച സംഭവവുമുണ്ട്.

തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ സംഘർഷങ്ങളുണ്ടായ സംസ്ഥാനത്ത് പ്രാഥമിക കണക്കുപ്രകാരം 73% പേരാണ് വോട്ടു ചെയ്തത്. തൃണമൂൽ കോൺഗ്രസുകാർ നാമനിർദേശപത്രിക സമർപ്പിക്കാൻ പോലും മറ്റു കക്ഷികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും ചിലമേഖലകളിൽ ധാരണപ്രകാരം മൽസരിച്ചതു ദേശീയശ്രദ്ധ നേടിയിരുന്നു. ബംഗാളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി അറുപതിനായിരത്തോളം വരുന്ന സുരക്ഷാസേനാംഗങ്ങളെ തിരഞ്ഞെടുപ്പിനായി നിയോഗിച്ചെങ്കിലും ആക്രമണങ്ങൾക്കു യാതൊരു കുറവുമുണ്ടായില്ല.

ബോംബേറ്, വെടിവയ്പ്, തീവയ്പ്, മുളകുപൊടിയേറ്, കല്ലേറ്, തെരുവുയുദ്ധം തുടങ്ങിയവയെല്ലാം അരങ്ങേറി. 70 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്ക്, തെക്ക് 24 പർഗാനാസ് ജില്ലകൾ, കിഴക്കൻ മിഡ്നാപുർ, ബർദാൻ, നാദിയ, മുർഷിദാബാദ്, ദക്ഷിണ ദിനാജ്പുർ ജില്ലകളിലാണ് വ്യാപകമായ ആക്രമണങ്ങളുണ്ടായത്. എല്ലായിടത്തും സംഘർഷത്തിന്റെ ഒരുവശത്ത് സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുകാരാണെന്നാണ് ആരോപണം.

പോളിങ് ബൂത്തുകൾക്കു പുറത്തായിരുന്നു മുഖ്യമായും സംഘർഷം. കൊല്ലപ്പെട്ടവരിൽ സിപിഎം, ബിജെപി പ്രവർത്തകരുണ്ട്. മാൽഡ ജില്ലയിലെ ഡിയോറ്റലയിൽ ഒരു സംഘം പോളിങ് ബൂത്തിൽനിന്നു ബാലറ്റുപെട്ടികൾ തട്ടിയെടുത്തു തീയിട്ടു നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കിഴക്കൻ മിഡ്നാപുരിൽ വോട്ടുചെയ്യാൻ വരിനിന്നവർക്കു നേരെയുണ്ടായ ബോംബേറിലാണു രണ്ടു പേർ കൊല്ലപ്പെട്ടത്. നാദിയയിലെ നാകാഷിപുരയിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. മുർഷിദാബാദിലെ സുർജപുരിൽ ഒരാൾ വെടിയേറ്റു മരിച്ചു. ദിനജ്പുരിലും ദക്ഷിണ പർഗാനയിലെ കുൽത്താലിയിലും ഉത്തരപർഗാനയിൽ അംദംഗയിലും ബോംബേറിൽ ഒരോരുത്തർ വീതം കൊല്ലപ്പെട്ടു.

നന്ദിഗ്രാമിൽ ഒരാൾക്കു തലയിൽ കുത്തേറ്റു, മറ്റൊരാളുടെ വിരലറ്റു. പലയിടത്തും ആയുധധാരികളായ സംഘങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ചിലയിടത്തു മുഖംമൂടി ധരിച്ച സംഘങ്ങൾ തോക്കുകളുമായി ബൂത്തുകൾക്കു പുറത്തു റോന്തുചുറ്റി. ഇതിനിടെ കൂച്ച് ബിഹാറിൽ സംസ്ഥാന മന്ത്രി രവീന്ദ്രനാഥ് ഘോഷ് പോളിങ് ബൂത്തിനു പുറത്തുവച്ച് ഒരാളെ അടിച്ചതു വിവാദമായി. മന്ത്രി അടിക്കുന്ന ദൃശ്യങ്ങൾ ടിവി ചാനലുകൾ പുറത്തുവിട്ടു. പരാതി ലഭിച്ചതിനെത്തുടർന്ന് നടപടിയെടുക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

ആക്രമണങ്ങളിൽ പ്രതിഷേധിച്ചു കൊൽക്കത്തയിൽ സിപിഎമ്മും കോൺഗ്രസും തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിനു മുന്നിൽ ധർണ നടത്തി. തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ പച്ചയായ കശാപ്പാണ് നടന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ന്യൂഡൽഹിയിൽ ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ പ്രതിയോഗികളെ ചുട്ടെരിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ഗുണ്ടകൾക്കു പൊലീസ് ഒത്താശചെയ്തെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഓടിയൊളിച്ചെന്നും യച്ചൂരി ആരോപിച്ചു.

എന്നാൽ, എക്കാലത്തും രാഷ്ട്രപതി ഭരണത്തെ എതിർത്തിട്ടുള്ള പാർട്ടിയായതിനാൽ ബംഗാളിൽ രാഷ്ട്രപതി ഭരണത്തിനു തങ്ങൾ ആവശ്യപ്പെടില്ല. അക്രമത്തെ ജനാധിപത്യരീതിയിൽ ചെറുക്കും. മുൻകാല അതിക്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഇപ്പോഴത്തേതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും സിപിഎം നേരത്തെ ഇങ്ങനെയാണ് പ്രവർത്തിച്ചിട്ടുള്ളതെങ്കിൽ തൃണമൂലും മമതാ ബാനർജിയും അധികാരത്തിൽ വരുമായിരുന്നില്ല. തൃണമൂലിന്റെ അക്രമത്തോട് ജനങ്ങൾ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ആ പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തമാകും. കൊൽക്കത്തയിൽ പ്രതിഷേധക്കാർ ഗവർണറെ കാണുമെന്നും യച്ചൂരി പറഞ്ഞു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ദേബു ദാസ് – ഉഷ ദമ്പതികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ചിത്രവും യച്ചൂരി പുറത്തുവിട്ടു.

എന്നാൽ, വോട്ടെടുപ്പു ദിവസത്തെ സംഘർഷങ്ങൾ ഒറ്റപ്പെട്ടതാണെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. സിപിഎം ഭരിച്ചിരുന്ന 1990കളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 400 പേരാണു കൊല്ലപ്പെട്ടതെന്നു തൃണമൂൽ നേതാവ് ഡെറക് ഒബ്രിയൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 25 പേർ കൊല്ലപ്പെട്ടിരുന്നുവെന്നും ഇത്തവണ മരണസംഖ്യ കുറഞ്ഞുവെന്നും ഡിജിപി സുരജിത് കർ പുരകായസ്ഥ പറഞ്ഞു.

related stories