Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞ് യാത്ര മുടക്കാതിരിക്കാൻ സോജില തുരങ്കപ്പാത; നിർമാണം തുടങ്ങി

PTI5_19_2018_000144B സോജില തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

ലേ (ജമ്മു കശ്മീർ) ∙ കനത്ത മഞ്ഞുവീഴ്ചയുള്ളപ്പോഴും ശ്രീനഗറിൽനിന്നു റോഡുമാർഗം ലേയിലേക്കു തടസ്സമില്ലാതെ സഞ്ചരിക്കാൻ സഹായിക്കുന്ന, സോജില തുരങ്കപ്പാതയുടെ നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സമുദ്രനിരപ്പിൽനിന്നു 11,578 അടി ഉയരത്തിൽ, ശ്രീനഗർ–കാർഗിൽ–ലേ ദേശീയപാതയിൽ നിർമിക്കുന്ന തുരങ്കപ്പാതയ്ക്കു 14.15 കിലോമീറ്റർ നീളമുണ്ടാകും. 6808.69 കോടിരൂപ ചെലവിൽ ഏഴുവർഷം കൊണ്ടു പദ്ധതി പൂർത്തിയാകുമ്പോൾ ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപ്പാതയെന്ന ബഹുമതിയും സോജിലയ്ക്കു സ്വന്തമാകും.

സോജില തുരങ്കപ്പാത ഉൾപ്പെടെ ജമ്മു കശ്മീരിൽ 25,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്നലെ തുടക്കമിട്ടത്. കശ്മീരിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധസന്യാസിയും പണ്ഡിതനും മംഗോളിയയിലെ ഇന്ത്യൻ അംബാസഡറുമായിരുന്ന കുഷോക് ബാകുല റിംപോച്ചെയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിലും മോദി സംബന്ധിച്ചു. ‘25,000 കോടിയുടെ വികസനപദ്ധതികൾ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുകയും ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾ പിന്നിട്ടിട്ടും വൈദ്യുതി ലഭിക്കാത്ത വീടുകൾ നമ്മുടെ രാജ്യത്തുണ്ട്. ഒന്നര വർഷത്തിനുള്ളിൽ അവിടെയെല്ലാം വൈദ്യുതി കണക്‌ഷൻ എത്തിക്കും’ – പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, ജിതേന്ദ്ര സിങ്, ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരും സംബന്ധിച്ചു. 

related stories