Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ‘ഭരണനേട്ടം’ പെട്രോളിന്റെ റെക്കോർഡ് വില: സീതാറാം യച്ചൂരി

sitaram-yechury

ന്യൂഡൽഹി ∙ ഓരോ ദിവസവും പുതിയ മുദ്രാവാക്യമെന്നതല്ലാതെ മോദി സർക്കാരിനു നാലാം വർഷത്തിന്റെ അവസാനത്തിലും അവകാശപ്പെടാൻ ഭരണനേട്ടങ്ങളൊന്നുമില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രണ്ടുകോടി പുതിയ തൊഴിലവസരങ്ങൾ‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിൽ‍ ഇതുവരെ സൃഷ്ടിച്ചത് 2.05 ലക്ഷം തൊഴിലവസരങ്ങൾ‍ മാത്രമാണെന്നും യെച്ചൂരി ആരോപിച്ചു.

പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയ്ക്കെതിരെ 2014ൽ നരേന്ദ്ര മോദി ഏറെ പ്രസംഗിച്ചിരുന്നു. എന്നാൽ, അദ്ദേഹം പ്രധാനമന്ത്രിയായശേഷം ലോകത്തു പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യമായി ഇന്ത്യ മാറി. സാമൂഹികക്ഷേമ പദ്ധതികൾക്കുള്ള ധനവിഹിതം വെട്ടിക്കുറച്ചതു ജനത്തിന്റെ ജീവിതം ദുരിതപൂർണമാക്കി. വർഗീയ രാഷ്ട്രീയം രൂക്ഷമായി, സാമൂഹിക െഎക്യവും താറുമാറായി. സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ നീക്കങ്ങളാണു ധനകാര്യ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന സ്ഥിതിയും മോദിഭരണത്തിന്റെ നേട്ടമാണെന്നു യച്ചൂരി ആരോപിച്ചു. മോദി ഭരണത്തിന്റെ പിഴവുകൾ വിശദീകരിക്കുന്ന നാലു ലഘുലേഖകൾ യച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ചേർന്നു പുറത്തിറക്കി. ഭരണത്തിൽ രണ്ടുവർഷം തികച്ച പിണറായി സർക്കാർ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ മിക്കതും തന്നെ നടപ്പാക്കിയെന്നും കേരള മാതൃകയിലുള്ള വികസനത്തെ പുതിയ തലങ്ങളിലെത്തിക്കാനാണു സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും ലഘുലേഖകൾക്ക് വൃന്ദ കാരാട്ട് എഴുതിയ ആമുഖത്തിൽ പറയുന്നു.

related stories