Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി–ഷി കൂടിക്കാഴ്ച ഇന്ന്

modi-xi

ന്യൂഡൽഹി∙ ചൈനയിലെ ക്വിങ് ദാവോയിൽ ഇന്ന് ആരംഭിക്കുന്ന ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ചർച്ചനടത്തും. ദോക് ലാ സംഭവത്തിനു ശേഷം ഇതു രണ്ടാം തവണയാണു മോദി ചൈന സന്ദർശിക്കുന്നതും ഷി ചിൻപിങ്ങുമായി ചർച്ച നടത്തുന്നതും. രണ്ടു ദിവസത്തെ ഉച്ചകോടിക്കിടയിൽ മോദി ആറു രാഷ്ട്രത്തലവന്മാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നുണ്ട്.

ആഗോളതലത്തിൽ സുപ്രധാനമായ പല തർക്കവിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. ഇറാനിലെ ആണവക്കരാറിൽ നിന്നുള്ള യുഎസ് പിന്മാറ്റം, സിംഗപ്പൂരിൽ 12നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചർച്ച, അമേരിക്കയുടെ പുതിയ വ്യാപാര നയം തുടങ്ങി ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വരെ ചർച്ചയ്ക്കു വന്നേക്കാം. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

2015ലെ ആണവക്കരാറിൽ നിന്നു യുഎസ് പിന്മാറിയതിനു ശേഷം ഇറാൻ പ്രസിഡന്റ് ആദ്യമായാണു രാജ്യാന്തര വേദിയിൽ എത്തുന്നത്. എസ്‍സിഒ അംഗങ്ങളിൽ ഇന്ത്യ മാത്രമാണു ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ എതിർക്കുന്നത്. 2001ൽ ആണ് ആറു രാഷ്ട്രങ്ങൾ എസ്‍സിഒയ്ക്കു രൂപംനൽകിയത്. ചൈന, റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവരാണ് ആദ്യ അംഗങ്ങൾ. കഴിഞ്ഞ വർഷം ഇന്ത്യയെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തി. നാലു നിരീക്ഷക രാഷ്ട്രങ്ങളും ഇതിലുണ്ട് – അഫ്ഗാനിസ്ഥാൻ, ഇറാൻ, ബെലാറസ്, മംഗോളിയ. ഇതിനു പുറമേ ആറു രാഷ്ട്രങ്ങളെ ചർച്ചകളിൽ പങ്കാളികളാക്കിയിട്ടുണ്ട്.

ഒരു മാസം മുൻപു ചൈനയിലെ വൂഹാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിൻ പിങ്ങും ധാരണയിലെത്തിയ കാര്യങ്ങൾ നടപ്പാക്കുന്നതിനായിരിക്കും ഇന്നത്തെ ചർച്ചയിൽ മുൻഗണന. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി പാക്ക് അധിനിവേശ കശ്മീരിൽ നടത്തുന്ന പ്രവർത്തനങ്ങളോടുള്ള എതിർപ്പ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയും ചൈനയും ഒരുമിച്ചു നിന്നാൽ ഏഷ്യയുടെയും ലോകത്തിന്റെയും ഭാവിക്കു ഗുണകരമായിരിക്കുമെന്ന് ഒരാഴ്ച മുൻപു ഷാങ്ഗ്രില കൂടിക്കാഴ്ചയിൽ മോദി പറഞ്ഞിരുന്നു. പാക്കിസ്ഥാൻ പ്രസിഡന്റ് മംനൂൻ ഹുസൈനുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തുന്നില്ല. ഉച്ചകോടിയിൽ തീവ്രവാദം, ഭീകരവാദം, വിഘടനവാദം എന്നിവയ്ക്കെതിരെ കർക്കശ നിലപാടെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ലഹരിമരുന്നു കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയും ചർച്ചയ്ക്കു വരുന്നുണ്ട്.

related stories