Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമ നിരീക്ഷണ പദ്ധതി: നീക്കം അറിഞ്ഞത് ടെൻഡർ വിളിച്ചപ്പോൾ

social-media

ന്യൂഡൽഹി ∙ സമൂഹമാധ്യമ നിരീക്ഷണ പദ്ധതിക്ക് ആവശ്യമായ സോഫ്റ്റ്‌വെയറിന് ഈ വർഷം മേയിൽ ടെൻഡർ ക്ഷണിച്ചതോടെയാണ് ഇതു സംബന്ധിച്ച കേന്ദ്രസർക്കാർ നീക്കം പുറത്തുവന്നത്. 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് എൻജിനീയറിങ് കൺസൽറ്റന്റ്സ് ആണു ടെൻഡർ ക്ഷണിച്ചത്. ടെൻഡർ രേഖ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു സുപ്രീം കോടതിയിലെ ഹർജി.

സോഫ്റ്റ്‌വെയർകൊണ്ടു ലക്ഷ്യമിടുന്നതെന്തെന്നു രേഖയിൽ പറയുന്നുണ്ട്. 

∙ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ നടപടികൾ നിരീക്ഷിക്കുക.

∙ ദേശീയ ബോധം വളർത്തുക.

∙ ഇന്ത്യാവിരുദ്ധരുടെ പ്രചാരണങ്ങൾ മനസ്സിലാക്കി നിർവീര്യമാക്കുക.

∙ വ്യാജവാർത്തകൾ തിരിച്ചറിയുക.

∙ ഇ–മെയിൽ പരിശോധിക്കുക.

∙ സർക്കാരിന്റെ പ്രചാരണ പരിപാടികൾ മെച്ചപ്പെടുത്തുക.

∙ വാർത്താമാധ്യമങ്ങളുടെ തലക്കെട്ടുകൾ പ്രവചിക്കുക.

സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിരീക്ഷണ സംവിധാനമാണു ലക്ഷ്യമിടുന്നത്. 

ഭരണഘടനയുടെ 14, 19(1–എ), 21 വകുപ്പുകൾ ലംഘിക്കുന്നതാണു സർക്കാരിന്റെ നടപടിയെന്നു ഹർജിയിൽ‍ പറയുന്നു. 

സർക്കാരിനെ വിമർശിക്കുന്ന ശബ്ദങ്ങളെയാണ് ഉന്നംവയ്ക്കുന്നതെന്നും ആരോപിക്കുന്നു.

ഹർജിയിലെ പ്രധാന വാദങ്ങൾ

∙ നിരീക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നവർക്ക് അനിയന്ത്രിത അധികാരമാണു നൽകുന്നത്. 

∙ ഇത്തരത്തിൽ ആശയവിനിമയം നിരീക്ഷിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇതു മൗലികാവകാശങ്ങൾക്കു ബാധകമായ ‘ന്യായമായ നിയന്ത്രണങ്ങ’ളുടെ പരിധിയിൽ വരില്ല. 

∙ നീക്കം ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കും; സ്വകാര്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കും. 

കേസിൽ കോടതിയെ സഹായിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. 

related stories