Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി കഴിവുകെട്ട ഡ്രൈവർ; രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്നു: രാഹുൽ

Rahul Gandhi

ന്യൂഡൽഹി∙ ഏകാധിപതിയും കഴിവുകെട്ടവനും അഹങ്കാരിയുമായ ഡ്രൈവർ ദുരന്തത്തിലേക്ക് ഓടിക്കുന്ന ട്രെയിൻ പോലെയാണു മോദി ഭരണത്തിനു കീഴിലെ ഇന്ത്യയുടെ അവസ്ഥയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ, രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു.

മെല്ലെ നീങ്ങുന്ന പാസഞ്ചർ ട്രെയിൻ പോലെയാണ് ഇന്ത്യയെന്ന് 2014 ൽ അധികാരത്തിലേറിയപ്പോൾ മോദി പരിഹസിച്ചിരുന്നു. ജനങ്ങളെ നല്ല ദിനങ്ങളിലേക്കു നയിക്കുന്ന മാജിക് ട്രെയിൻ ആയി ഇന്ത്യയെ മാറ്റുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, നാലു വർഷത്തെ എൻഡിഎ ഭരണത്തിൽ ഇന്ത്യ ദുരന്തത്തിലേക്കു കുതിക്കുന്ന ട്രെയിൻ ആയി മാറി. അതിലെ കഴിവുകെട്ട ഡ്രൈവറാണു മോദി. മാജിക് ട്രെയിനിന്റെ പേരുപറഞ്ഞ് ഇനിയും രാജ്യത്തെ ജനങ്ങളെ മണ്ടൻമാരാക്കാൻ കഴിയില്ല – രാഹുൽ പറഞ്ഞു.

റഫാൽ യുദ്ധവിമാന ഇടപാട് ഉൾപ്പെടെയുള്ള വിഷയങ്ങൾ മോദിക്കെതിരായ പ്രചാരണായുധമാക്കണമെന്നു നേതാക്കളോടു രാഹുൽ നിർദേശിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഏകാധിപത്യത്തിനെതിരായ പോരാട്ടമാണ്. റഫാൽ, അസമിലെ പൗരത്വ റജിസ്റ്റർ, തൊഴിലില്ലായ്മ, കർഷക ദുരിതം, നോട്ട് നിരോധനം, ജിഎസ്ടി എന്നിവയായിരിക്കും കോൺഗ്രസിന്റെ മുഖ്യ പ്രചാരണ വിഷയങ്ങളെന്നും രാഹുൽ വ്യക്തമാക്കി. പാർലമെന്ററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് പ്രസംഗിച്ചു.

related stories