Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ നഷ്ടപ്പെട്ടാൽ ഇഎസ്ഐ അംഗങ്ങൾക്കു ജീവൻരക്ഷാ വേതനം

santosh-gangwar കേന്ദ്രമന്ത്രി സന്തോഷ് ഗാ‍ങ്‍വർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ തൊഴിൽ നഷ്ടപ്പെടുന്ന ഇഎസ്ഐ അംഗങ്ങൾക്കു ജീവൻരക്ഷാ വേതനം (അടൽ ബിമ വ്യക്തി കല്യാൺ യോജന) നൽകാൻ ഇഎസ്ഐ കോർപറേഷൻ ഭരണസമിതി തീരുമാനിച്ചു. അവസാന ആറു മാസം ലഭിച്ച വേതന ശരാശരിയുടെ 25% തുക മൂന്നുമാസം വരെയാണു ലഭിക്കുക. രണ്ടു വർഷം ഇഎസ്ഐയിൽ അംഗങ്ങളായിരുന്നിരിക്കണം.

തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണു തീരുമാനം. കേരളത്തിൽ നിന്നു ഭരണസമിതിയംഗം വി. രാധാകൃഷ്ണൻ പങ്കെടുത്തു.
മറ്റു തീരുമാനങ്ങൾ:

∙ സൂപ്പർ സ്പെഷ്യൽറ്റി: ഇഎസ്ഐയിൽ ആറു മാസം അംഗത്വവും 78 ദിവസം ഹാജരുമുണ്ടെങ്കിൽ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയ്ക്കു യോ‌ഗ്യതയാവും. ആശ്രിതർക്കുകൂടി ചികിത്സ കിട്ടണമെങ്കിൽ ഒരു വർഷവും 156 ദിവസം ഹാജരും. തൊഴിലാളികൾ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്.

∙ മരണാനന്തര ആനുകൂല്യം 15,000 രൂപയാക്കി. നിലവിൽ 10,000 രൂപ.

∙ രാജ്യവ്യാപകമായി ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫിസുകൾ (ഡി‌സിബിഒ) തുടങ്ങാനുള്ള മുൻ തീരുമാനം ഉടൻ നടപ്പാക്കും. ഇതനുസരിച്ചു കേരളത്തിൽ പുതുതായി തുറക്കുക 14 ഓഫിസുകൾ. ആദ്യത്തേതു മൂന്നാറിൽ പ്രവർത്തനം തുടങ്ങി.

∙ ഇഎസ്ഐ വിഹിതത്തിൽ മാറ്റം വരുത്താനുള്ള നിർദേശത്തിൽ തീ‌രുമാനമായില്ല. തൊഴിലുടമാ വിഹിതം നാലു ശതമാനവും തൊഴിലാളിയുടേത് ഒരു ശതമാനവുമാക്കണമെന്നാണ് ആവശ്യം. ഇതു നിലവിൽ 4.75 ശതമാനവും 1.75 ശതമാനവും.