Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാണതൊഴിലാളികൾക്ക് 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ

construction-workers

ന്യൂഡൽഹി ∙ നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് 4 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന മാതൃകാ ക്ഷേമപദ്ധതി കേന്ദ്ര തൊഴിൽ മന്ത്രാലയം പരിഷ്കരിച്ചു. സുപ്രീം കോടതി കഴിഞ്ഞ മാസം 4 നു നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പരിഷ്കരണം. നേരത്തെ മന്ത്രാലയം തയാറാക്കിയ പദ്ധതി പരിഗണിച്ചപ്പോൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് നിയമത്തിന്റെയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തിന്റെയും ആനുകൂല്യങ്ങൾ നിർമാണ തൊഴിലാളികൾക്കു ലഭ്യമാക്കുന്നതു പരിഗണിക്കണമെന്നാണു ജസ്റ്റിസ് മദൻ ബി.ലൊക്കൂർ അധ്യക്ഷനായ ബെ‍ഞ്ച് നിർദേശിച്ചത്. ഈ നിയമങ്ങളുടെ ആനുകൂല്യം നിർമാണ മേഖലയിലെ തൊഴിലാളികൾക്കു ലഭിക്കില്ലെന്ന മുൻ വ്യവസ്ഥ ഒഴിവാക്കിയുള്ളതാണു കഴിഞ്ഞ ദിവസം പുറത്തിറക്കിയ പദ്ധതി.

പദ്ധതിയിലെ ശ്രദ്ധേയ വ്യവസ്ഥകൾ:

∙അപകടമരണം സംഭവിച്ചാൽ 4 ലക്ഷം രൂപയും, സ്വാഭാവിക മരണമെങ്കിൽ 2 ലക്ഷം രൂപയും ആശ്രിതർക്ക് സംസ്ഥാന ക്ഷേമ ബോർഡ് നഷ്ടപരിഹാരമായി നൽകണം.

∙മേൽപറഞ്ഞ സംവിധാനത്തിനു പകരം, 18 മുതൽ 50 വരെ പ്രായത്തിലുള്ള തൊഴിലാളികളെ പ്രധാനമന്ത്രി ജീവൻ ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവയിൽ ഉൾപ്പെടുത്താം. വാർഷിക പ്രീമിയം 171 രൂപയാണ്. അതിന്റെ പകുതി സംസ്ഥാന ക്ഷേമ ബോർഡ് നൽകണം. ബാക്കി തുക കേന്ദ്രം നൽകും. ഈ പദ്ധതികളിലും 4 ലക്ഷം, 2 ലക്ഷം എന്നിങ്ങനെയാണ് ആനുകൂല്യം.

∙മരണം സംഭവിച്ച് 60 ദിവസത്തിനകം നഷ്ടപരിഹാരത്തുക നൽകണം.

∙തൊഴിലാളികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന ബോർഡ് ശ്രമിക്കണം.

∙ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളല്ലാത്തവർക്ക് നിശ്ചിത തുക ചികിൽസാച്ചെലവിനത്തിൽ നൽകും. റജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് വേതനത്തോടെ 90 ദിവസം മുതൽ 26 ആഴ്ചവരെ പ്രസവാവധി ലഭിക്കും; 2 പ്രസവത്തിന്.

∙ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗമല്ലാത്തവരെങ്കിലും, റജിസ്റ്റർ ചെയ്ത തൊഴിലാളിയുടെ ഭാര്യയ്ക്ക് 2 പ്രസവത്തിന് 6000 രൂപ വീതം ലഭിക്കും. പ്രസവവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾക്കു പുറമെയാണിത്.

∙തൊഴിലാളികളുടെ ഓരോ കുട്ടിക്കുമുള്ള വാർഷികവിദ്യാഭ്യാസ സഹായം: 1 മുതൽ 5 വരെ ക്ലാസ് – 1800 രൂപ; 6 മുതൽ 10വരെ – 2400 രൂപ; 11,12 ക്ലാസ് – 3000 രൂപ, ബിരുദം – 10,000 രൂപ; െഎടിഐ, തൊഴിലധിഷ്ഠിത കോഴ്സ്, പ്രഫഷനൽ കോഴ്സ് – സർക്കാർ സ്ഥാപനത്തിലെ ഫീസ്. വിദ്യാർഥിക്ക് 50% ഹാജർ നിർബന്ധമാണ്.

∙തൊഴിലാളികൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. വാടക ഈടാക്കാവുന്ന ഇത്തരം സൗകര്യങ്ങൾ തൊഴിലുടമ നൽകാൻ ബാധ്യസ്ഥമായ സൗകര്യങ്ങൾക്കു പകരമാവരുത്.

∙തൊഴിലാളികൾക്ക് 3 വർഷത്തിലൊരിക്കൽ നൈപുണ്യ വികസന പരിശീലനം നൽകണം. പരിശീലന കാലത്ത് സ്റ്റൈപൻഡ് നൽകണം. തൊഴിലാളിയുടെ ആശ്രിതർക്ക് സ്റ്റൈപൻഡ് ഇല്ലാതെ പരിശീലനം നൽകാം.

∙റജിസ്ട്രേഷനുള്ള തൊഴിലാളിയായി 10 വർഷം പൂർത്തിയാക്കിയ വ്യക്തിക്ക് പെൻഷൻ നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി തയാറാക്കണം. ഇതരസംസ്ഥാന തൊഴിലാളികൾക്കും റജിസ്ട്രേഷൻ നൽകണം.