Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

#മീടൂ : എം.ജെ.അക്ബർ രാജിവച്ചു

mj-akbar

ന്യൂഡൽഹി ∙ കൊടുങ്കാറ്റായി രൂപപ്പെട്ട #മീടൂ മുന്നേറ്റത്തിൽ ചുവടു തെറ്റി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ (67) കേന്ദ്രമന്ത്രിസഭയിൽ നിന്നു രാജിവച്ചു. ലൈംഗിക ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകർക്കെതിരെ കേസ് നൽകി പിടിച്ചുനിൽക്കാൻ അവസാനശ്രമം നടത്തിയെങ്കിലും ബിജെപിയിലും സർക്കാരിലും എതിർപ്പുയർന്നതിനെത്തുടർന്നു പരാജയപ്പെടുകയായിരുന്നു. 

ആദ്യം ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ അക്ബർ നൽകിയ മാനഷ്ടക്കേസ് ഇന്നു പരിഗണനയ്ക്കെത്താനിരിക്കെയാണു രാജി; പ്രിയയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ഇരുപതോളം വനിതാ മാധ്യമപ്രവർത്തകർ രംഗത്തു വന്നതിനു തൊട്ടുപിന്നാലെയും. 

അടിസ്ഥാനമില്ലാതെ ആരോപണമുന്നയിക്കുന്നതു ഫാഷനായിരിക്കുന്നുവെന്നായിരുന്നു അക്ബറിന്റെ വാദം. മാധ്യമപ്രവർത്തകനും പത്രാധിപരുമെന്ന നിലയിൽ കെട്ടിപ്പടുത്ത സൽപേരു കളങ്കപ്പെടുത്താൻ ബോധപൂർവം നടക്കുന്ന ശ്രമമാണിതെന്ന പ്രത്യാരോപണത്തോടെ ബിജെപിയുടെ രാഷ്ട്രീയപിന്തുണ നേടാനും അദ്ദേഹം ശ്രമിച്ചു. 

മേനക ഗാന്ധി, സ്മൃതി ഇറാനി എന്നിവർ മാത്രമാണ് ആരോപണമുന്നയിച്ച വനിതകൾക്കു പരസ്യപിന്തുണ നൽകിയ കേന്ദ്ര മന്ത്രിമാർ. മീടൂ ആരോപണങ്ങളെക്കുറിച്ചു പഠിക്കാൻ ജുഡീഷ്യൽ സമിതി രൂപീകരിക്കാനും വനിതാ ശിശുക്ഷേമ മന്ത്രിയായ മേനക തീരുമാനിച്ചു. പരസ്യമായി രംഗത്തെത്തിയില്ലെങ്കിലും വിദേശകാര്യ കാബിനറ്റ് മന്ത്രി സുഷമ സ്വരാജ്, പാർട്ടി വക്താവ് മീനാക്ഷി ലേഖി എന്നിവരും അക്ബർ തുടരുന്നതിൽ അമർഷത്തിലായിരുന്നു.  പാർട്ടി അധ്യക്ഷൻ അമിത് ഷായും അക്ബറിനെ കണ്ണടച്ചു പിന്തുണച്ചില്ല. 

രാജിയില്ലെന്ന ശാഠ്യത്തെ പ്രതിപക്ഷം നേരിട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ആരോപണം തിരിച്ചുവിട്ടു കൊണ്ടായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ അത് അപകടസൂചനയാണെന്നു ബോധ്യപ്പെട്ട ബിജെപി, പെൺകരുത്തിനു മുന്നിൽ കീഴടങ്ങുകയാണ്; ഇതുവരെ നിശബ്ദസാക്ഷിയായിരുന്ന പ്രധാനമന്ത്രി ചുവരെഴുത്ത് തിരിച്ചറി‌യുകയും.

related stories