Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല്ലവിയുമായി ബന്ധമുണ്ടായിരുന്നു; കുടുംബത്തിൽ പ്രശ്നമായപ്പോൾ നിർത്തി: അക്ബർ

mj-akbar എം.ജെ. അക്ബർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ തനിക്കെതിരെ അമേരിക്കൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്‌ ഉയർത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ ബന്ധം പരസ്പരസമ്മതത്തോടെ ആയിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി എം.ജെ.അക്ബർ. പല്ലവിയുമായി 1994 ൽ എപ്പഴോ ആണ് പരസ്പര സമ്മതപ്രകാരം ബന്ധത്തിലേർപ്പെടുന്നത്. ഇത് മാസങ്ങളോളം നീണ്ടു. പിന്നീട് തന്റെ കുടുംബജീവിതത്തെയടക്കം ഇതു മോശമായി ബാധിച്ചു. അങ്ങനെയാണ് ഈ ബന്ധം അവസാനിച്ചത്. എന്നാൽ നല്ല രീതിയിൽ ആയിരുന്നില്ല ഇതിന്റെ അന്ത്യം – എം.ജെ.അക്ബർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. പല്ലവി സമ്മർദത്തിലായിരുന്നോ ജോലി ചെയ്തിരുന്നതെന്ന് തങ്ങളുടെ സഹപ്രവർത്തകരോടു ചോദിച്ചാൽ മനസ്സിലാകുമെന്നും അക്ബർ പറഞ്ഞു.

അതേസമയം, അക്ബറിനെതിരായ ‘മീ ടു’ ആരോപണങ്ങൾക്കു മറുപടിയുമായി ആദ്യമായി ഭാര്യ മല്ലിക അക്ബർ രംഗത്തെത്തി. ഇരുപതോളം വർഷം മുൻപ് പല്ലവി ഗൊഗോയ് തങ്ങളുടെ ജീവിത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അർധരാത്രിയിൽ പോലും വന്നിരുന്ന ഫോൺ കോളുകളും പൊതുസ്ഥലങ്ങളില്‍ പോലും കാണിച്ചിരുന്ന അടുപ്പവുമാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നത് അറിയാൻ ഇടയാക്കിയത്. ഇക്കാര്യത്തിൽ ഭർത്താവുമായി വഴക്കുണ്ടായി. അതേത്തുടർന്ന് അദ്ദേഹം കുടുംബത്തിന് മുൻഗണന നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും മല്ലിക പറഞ്ഞു.

എം.ജെ.അക്ബർ 20 വര്‍ഷം മുമ്പു തന്നെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നാണ് പല്ലവി വെളിപ്പെടുത്തിയത്. അക്ബര്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ഏഷ്യന്‍ ഏജ് പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണു തനിക്കു ദുരനുഭവം ഉണ്ടായതെന്നും പല്ലവി ഒരു രാജ്യാന്തര മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

related stories