ഗ്രാമസഭ: കേന്ദ്ര നിർദേശം മന്ത്രിസഭ തള്ളി

തിരുവനന്തപുരം∙ കലക്ടർമാർ റിപ്പബ്ലിക് ദിനത്തിൽ ഗ്രാമസഭ വിളിച്ചു ചേർത്ത് അതിൽ പങ്കെടുക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളാൻ മന്ത്രിസഭ തീരുമാനിച്ചു. ആസൂത്രണ കാര്യങ്ങൾക്കായി കേന്ദ്രം രൂപീകരിച്ച നീതി ആയോഗാണു റിപ്പബ്ലിക് ദിനത്തിൽ കലക്ടർമാർ ഗ്രാമസഭ വിളിച്ചു ചേർക്കണമെന്ന നിർദേശം സർക്കാരിനു നൽകിയത്.

സംസ്ഥാനത്തു നടപ്പാക്കിയ പഞ്ചായത്തീരാജ് ചട്ടങ്ങൾ അനുസരിച്ചു കലക്ടർമാർക്കു ഗ്രാമസഭ വിളിച്ചു ചേർക്കാൻ കഴിയില്ലെന്നു മന്ത്രിസഭാ യോഗം വിലയിരുത്തി. ഗ്രാമസഭ വിളിക്കാനുള്ള അധികാരം ജനപ്രതിനിധികൾക്കാണ്. എന്നാൽ, പഞ്ചായത്തീരാജ് നിയമം നടപ്പാക്കാത്ത മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്.

ഗ്രാമസഭ വിളിച്ചു ചേർക്കുന്നതിനും ജനങ്ങളെ അറിയിക്കുന്നതിനുമായി നിശ്ചിത കാലപരിധിയും കേന്ദ്ര നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഗ്രാമസഭ വിളിച്ചു ചേർക്കണമെന്നു നിർദേശിക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണു കേന്ദ്ര നിർദേശം തള്ളാൻ മന്ത്രിസഭ തീരുമാനിച്ചത്.