പത്മനാഭ സ്വാമി ക്ഷേത്രം: ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്ന് സംസ്ഥാന സർക്കാർ

ന്യൂഡൽഹി∙ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിനു ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാൻ നിയമ നിർമാണത്തിനു തയാറാണെന്നു സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. വിഷയം പരിശോധിച്ചു തീരുമാനമെടുക്കേണ്ടതുണ്ടെന്നു ചീഫ് ജസ്‌റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. പത്മതീർഥം, മിത്രാനന്ദകുളം എന്നിവയുടെ ശുചീകരണവും ക്ഷേത്രത്തിലെ ചില അറ്റകുറ്റപ്പണികളും സംബന്ധിച്ച പ്രശ്‌നങ്ങളാണ് കോടതി ഇന്നലെ പരിഗണിച്ചത്. കുളങ്ങളിലേക്കു മാലിന്യമൊഴുകുന്നതു തടയാനും പൈപ്പ് ലൈനുകൾ നവീകരിക്കാനും മറ്റുമായി 28 ലക്ഷം രൂപ അനുവദിക്കാൻ കഴിഞ്ഞ 17നു തീരുമാനിച്ചിട്ടുണ്ടെന്നു സംസ്‌ഥാന സർക്കാരിനുവേണ്ടി ജയ്‌ദീപ് ഗുപ്‌തയും സ്‌റ്റാൻഡിങ് കൗൺസൽ ജി. പ്രകാശും വ്യക്‌തമാക്കി.

കോടതി നൽകിയ നിർദേശങ്ങൾ:

∙കുളങ്ങളിലേക്കു മാലിന്യമൊഴുകുന്നതു തടയാനും ഓട നിർമിക്കാനും മറ്റും ജല അതോറിറ്റി ഉടനെ നടപടിയെടുക്കണം. കാലതാമസമൊഴിവാക്കാൻ, ടെൻഡർ വിളിക്കാതെ പണി നടത്തണം. ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർക്കു ചുമതല.

∙പണികൾ മേയ് 15നകം പൂർത്തിയാക്കണം. രണ്ടാഴ്‌ചയിലൊരിക്കൽ എക്‌സിക്യൂട്ടീവ് എൻജിനീയർ പുരോഗതി റിപ്പോർട്ട് അമിക്കസ് ക്യൂരിയായ ഗോപാൽ സുബ്രഹ്മണ്യത്തിനു നൽകണം. പുരോഗതിയില്ലെങ്കിൽ വിഷയം അമിക്കസ് ക്യൂരിക്കു കോടതിയെ അറിയിക്കാം.

∙ശ്രീകോവിലിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്ക് ജില്ലാ ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടപടിയെടുക്കണം. ക്ഷേത്ര നിർമാണ വിദഗ്‌ധരുടെ അഭിപ്രായം തേടണം. തന്ത്രിയുടെയും മറ്റും ഉപദേശം തേടണം. പണിക്ക് ടെൻഡർ വിളിക്കണം.

∙മൂലവിഗ്രഹത്തിലെയും ഉപവിഗ്രങ്ങളിലെയും വിള്ളലുകൾ പരിഹരിക്കാൻ ജില്ലാ ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടപടിയെടുക്കണം. പണികൾക്ക് കടുശർക്കര തയാറാക്കുന്നതിനെക്കുറിച്ച് വിദഗ്‌ധാഭിപ്രായം തേടണം. പണിക്ക് ടെൻഡർ വിളിക്കണം. ഒരാഴ്‌ചയ്‌ക്കകം നടപടിയെടുക്കണം. വിശദാംശങ്ങൾ കോടതിയെ അറിയിക്കണം. ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹർജി അടുത്തമാസം 17നു വീണ്ടും പരിഗണിക്കും. രാജകുടുംബത്തിനുവേണ്ടി സി.എസ്. വൈദ്യനാഥനും ആർ. ശശിപ്രഭുവും ഹാജരായി.