Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കളുടെ പണം പിടിച്ചുപറിച്ച പൊലീസ് ചെവി അടിച്ചുപൊട്ടിച്ചെന്നും ആരോപണം

കൊച്ചി ∙ പെറ്റിക്കേസിൽ പിടിയിലായ യുവാക്കളിൽനിന്നു പണം പിടിച്ചുപറിച്ചതു ചോദ്യം ചെയ്തപ്പോൾ പൊലീസുകാർ ചെവി അടിച്ചുപൊട്ടിച്ചെന്ന് ആരോപണം. യുവാക്കൾ പരാതിയുമായി മുന്നോട്ടുപോകാൻ തുടങ്ങിയപ്പോൾ അസോസിയേഷൻ നേതാവായ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇടപെട്ടു പരാതിയില്ലെന്ന് എഴുതിവാങ്ങി. വാർത്ത ‘മനോരമ ന്യൂസ്’ പുറത്തുവിട്ടതിനെത്തുടർന്ന് കൊച്ചി സിറ്റി നിഴൽ പൊലീസ് സംഘത്തിലെ നാലു പൊലീസുകാരെ എആർ ക്യാംപിലേക്കു തിരിച്ചയയ്ക്കാൻ ഐജി വിജയ് സാക്കറേ നിർദേശം നൽകി. വാർത്തയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ റൂറൽ നർക്കോട്ടിക് സെൽ എഎസ്പിയെ ചുമതലപ്പെടുത്തി.

കലൂർ സ്റ്റേഡിയത്തിനു സമീപത്തെ വിഐപി റോഡിൽ കഴിഞ്ഞ മാസം 22നു പുലർച്ചെ രണ്ടോടെയാണു നിഴൽ പൊലീസുകാ‍ർ ആരോപണ വിധേയരായ സംഭവമുണ്ടായത്. പൊതുസ്ഥലത്തു പുകവലിച്ചുവെന്ന പെറ്റിക്കേസിന്റെ പേരിൽ മൂന്നു യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു. ബാഗും പഴ്സും പരിശോധിച്ച പൊലീസ് നാലായിരം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. ഇതിനെതിരെ പ്രതികരിച്ചപ്പോൾ രണ്ടു യുവാക്കൾക്കു കരണത്ത് അടിയേറ്റതായി ഇവർ ആരോപിക്കുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരുടെയും കർണപുടം പൊട്ടിയെന്നു വ്യക്തമായി.

ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് ഉൾപ്പെടുത്തിയാണു യുവാക്കൾ പരാതി നൽകാൻ ശ്രമിച്ചത്. എന്നാൽ, ആശുപത്രിയിൽനിന്നു വിവരം ലഭിച്ച പൊലീസുകാർ സ്റ്റേഡിയം പരിസരത്തേക്കു യുവാക്കളെ വിളിച്ചുവരുത്തി ഒത്തുതീർപ്പു ചർച്ച നടത്തി. അടിച്ചവരിൽ ഒരാളും ചർച്ചയ്ക്കെത്തിയിരുന്നു. ഇതു യുവാക്കൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഒത്തുതീർപ്പു ശ്രമം പരാജയപ്പെട്ടപ്പോഴാണ് ചില ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ടത്. കൊച്ചി സിറ്റിയിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് ഇതിനായി യുവാക്കളെ വിളിച്ചുവരുത്തി. സമ്മർദം ഏറിയതോടെ പരാതിയില്ലെന്നു യുവാക്കൾക്ക് എഴുതിക്കൊടുക്കേണ്ടിവന്നു.

വാർത്ത മനോരമ ന്യൂസ് പുറത്തുവിട്ടതു ഡിജിപി ലോക്നാഥ് ബെഹ്റ ശ്രദ്ധിച്ചതോടെയാണു പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്. യുവാക്കളിൽ രണ്ടു പേർക്കെതിരെ പാലാരിവട്ടത്തും കളമശേരിയിലും ലഹരിമരുന്നു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ലഹരിമരുന്നു പിടിത്തവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ഇവരുമായി സംഘർഷമുണ്ടായതെന്നാണു പൊലീസിന്റെ വിശദീകരണം.