Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താനൂർ അക്രമം: ലീഗ് നേതൃത്വത്തിനെതിരെ മന്ത്രി ജലീൽ; വിമർശനം തള്ളി ലീഗ്

jaleel 02

താനൂർ ∙ അപ്രഖ്യാപിത ഹർത്താലിൽ വ്യാപക അക്രമമുണ്ടായ താനൂരിൽ സന്ദർശനം നടത്തവെ മുസ്‍ലിം ലീഗിനെയും തങ്ങൾമാരെയും പുകഴ്ത്തിയും വിമർശിച്ചും മന്ത്രി ജലീൽ. തൊട്ടുപിന്നാലെ, ജലീലിനു മറുപടിയുമായി ലീഗും രംഗത്തെത്തി. സർക്കാർ നിർദേശപ്രകാരം കലക്ടർ അമിത് മീണയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും ഒപ്പമെത്തിയാണു മന്ത്രി ജലീൽ മേഖല സന്ദർശിച്ചത്.

അതിനുശേഷമായിരുന്നു ലീഗിനെ പുകഴ്ത്തൽ: ബാബറി മസ്ജിദ് സംഭവമുണ്ടായപ്പോൾ മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇടപെടലുണ്ടായതുകൊണ്ടാണു കലാപകലുഷിതമായ അന്തരീക്ഷത്തിലേക്കു മലപ്പുറം നീങ്ങാതിരുന്നത്. അദ്ദേഹത്തിന്റെ ഇടപെടൽ അക്രമസംഭവങ്ങളിലേക്കു നീങ്ങാതെ ജില്ലയെ തടഞ്ഞുനിർത്തി.

തുടർന്നാണു ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരെ മന്ത്രി വിമർശനമുന്നയിച്ചത്. അതിങ്ങനെ – മഹാനായ തങ്ങൾ കാട്ടിയ മാതൃക താനൂരിൽ സംഘർഷമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ സഹോദരനിൽനിന്നുണ്ടായില്ല. ഇടപെടേണ്ടതുപോലെ അദ്ദേഹം ഇടപെട്ടില്ലേ എന്നൊരു സംശയം. ഇനിയും സമയം വൈകിയിട്ടില്ല.

ഉച്ചയ്ക്കുശേഷം താനൂരിലെത്തിയ ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മന്ത്രിക്കു മറുപടി നൽകിയത് ഇങ്ങനെ – മുഹമ്മദലി ശിഹാബ് തങ്ങളുടെ സമാധാനപാതതന്നെ ലീഗ് തുടരും. പ്രത്യേക സാഹചര്യത്തിലാണു നേരത്തേ എത്താൻ പറ്റാതിരുന്നത്.

താനൂരിന് പ്രത്യേക സഹായനിധി

താനൂരിൽ അക്രമസംഭവങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്കായി പ്രത്യേക സഹായനിധി രൂപീകരിക്കുമെന്നു മന്ത്രി കെ.ടി.ജലീൽ. പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സഹായനിധിയിലേക്കു മന്ത്രി 25,000 രൂപ വാഗ്ദാനം ചെയ്തു. വി.അബ്ദുറഹിമാൻ എംഎൽഎ ഒരു ലക്ഷം രൂപ നൽകുമെന്നറിയിച്ചു.

related stories