Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ടർ മെട്രോ: ബോട്ടുകളുടെ ഡിസൈൻ ടെൻഡറായി

fort-kochi-vypin-boat Representative Image

കൊച്ചി ∙ കൊച്ചി വാട്ടർ മെട്രോ ബോട്ടുകൾക്കു ഡിസൈൻ ടെൻഡർ ക്ഷണിച്ചു. അടുത്തമാസം 29 വരെ ടെൻഡറിൽ പങ്കെടുക്കാം. 

ആദ്യഘട്ടത്തിൽ 36 ബോട്ടുകൾക്കാണു ടെൻഡർ ക്ഷണിച്ചത്. ഡിസൈൻ ടെൻഡറിൽ തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്കു ഫിനാൻഷ്യൽ ബിഡിൽ പങ്കെടുക്കാം. വാട്ടർ മെട്രോയുടെ ജെട്ടികളുടെ നിർമാണത്തിന് ഉടൻ ടെൻഡർ ക്ഷണിക്കുമെന്നു പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.

കൊച്ചി നഗരത്തിനു സമീപമുള്ള ദ്വീപുകളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കെഎംആർഎൽ നടപ്പാക്കുന്ന 747 കോടി രൂപയുടെ പദ്ധതിയാണു വാട്ടർ മെട്രോ. ഇതിൽ 597 കോടി രൂപ ജർമൻ വികസന ബാങ്കിൽ നിന്നുള്ള വായ്പയാണ്. ബോട്ടുകൾക്കു ഫിനാൻഷ്യൽ ബിഡ് പൂർത്തിയായി കരാർ നൽകിയാൽ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം. അടുത്തവർഷം പകുതിയോടെ വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനാണു തീരുമാനം. 

100 പേർക്കു യാത്രചെയ്യാവുന്ന വലിയ ബോട്ടുകളുടെ ഡിസൈൻ, ബിൽഡിങ് ടെൻഡറുകളാണു ക്ഷണിച്ചിരിക്കുന്നത്. 

കായലിൽ ആഴമുള്ള ഭാഗത്തു 10 നോട്ടിക്കൽ മൈൽ വേഗത്തിലും തീരത്ത് എട്ടു നോട്ടിക്കൽ മൈൽ വേഗത്തിലും സഞ്ചരിക്കാൻ കഴിവുള്ളവയായിരിക്കണം ബോട്ടുകൾ. ഇരട്ട ചട്ടക്കൂടുള്ള ബോട്ടുകൾക്ക് ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങൾ വേണം. 100 യാത്രക്കാ‍ർക്ക് ഇരുന്നു പോകാൻ കഴിയുന്നതിനൊപ്പം ഏതാനും സൈക്കിളുകൾക്കും ബോട്ടുകളിൽ ഇടമുണ്ടാവും.