Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതനിരപേക്ഷ ‘കേരള’ ബദൽ; സിപിഎമ്മും സിപിഐയും കാഴ്ചക്കാർ

cpm-cpi-logo

തിരുവനന്തപുരം ∙ കേരളത്തിൽ രണ്ടു മുന്നണികളിൽ നിന്നു ബിജെപിയെ പ്രതിരോധിക്കുന്നവർ കർണാടകയിൽ ഒരുമിക്കുന്നു. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസും എൽഡിഎഫിലെ മൂന്നാം പാർട്ടിയായ ജനതാദളും(എസ്) ചേർന്നു ബിജെപിയെ പ്രതിരോധിക്കുന്ന ചിത്രമാണു തെളിയുന്നത്. എൽഡിഎഫിനും യുഡിഎഫിനും എന്തു വ്യത്യാസമെന്ന് ഇവിടെ ബിജെപിക്കു കൂടുതൽ ശക്തമായി ഇനി ചോദിക്കാം.

കോൺഗ്രസ് സഖ്യത്തെച്ചൊല്ലി പാ‍ർട്ടി കോൺഗ്രസുകളിലടക്കം തലപുകച്ച സിപിഎമ്മും സിപിഐയും അതേസമയം ഈ രംഗത്തു കാഴ്ചക്കാർ മാത്രമാണ്. സിപിഐ കർണാടകയിൽ കോൺഗ്രസിനെ പിന്തുണച്ചു. 19 സീറ്റുകളിൽ സ്ഥാനാർഥിയെ നിർത്തുക വഴി മതനിരപേക്ഷകക്ഷികളുടെ ജയപരാജയങ്ങളിൽ സിപിഎം എന്തു പങ്കുവഹിച്ചുവെന്നത് ഇനിയും വിശകലനം ചെയ്യേണ്ട കാര്യം.

കോൺഗ്രസ് കർണാടകയിൽ അധികാരം നിലനിർത്തുകയോ അതിനടുത്തു സീറ്റു നേടുകയോ ചെയ്യുമെന്ന വിശ്വാസമായിരുന്നു യുഡിഎഫിന്. കർണാടകയുടെ ചുമതലക്കാരായ കെ.സി.വേണുഗോപാലും പി.സി.വിഷ്ണുനാഥും അടക്കമുള്ളവരുടെ കഠിനാധ്വാനത്തിൽ പ്രതീക്ഷ അർപ്പിച്ചിരുന്നവർ ആദ്യം തീർത്തും നിരാശരായെങ്കിൽ ഉച്ചയ്ക്കുശേഷമുള്ള നാടകീയമായ രാഷ്ട്രീയനീക്കം അവരെ ഉത്സാഹഭരിതരാക്കി.

ബിജെപി കർണാടകയും പിടിച്ചാൽ ചെങ്ങന്നൂരിലെ അവരുടെ ആത്മവീര്യം കൂടുമെന്നതു കോൺഗ്രസിനു കണക്കിലെടുക്കേണ്ടിവന്നു. ഇനി കേരളമനസ്സ് കീഴടക്കാൻ പോകുകയാണു ബിജെപിയെന്നു സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു. ചെങ്ങന്നൂരിനെ ഇതൊന്നും ബാധിക്കാൻ പോകുന്നില്ലെന്ന ആത്മവിശ്വാസം പകരാൻ രമേശ് ചെന്നിത്തലയും എം.എം.ഹസനും നിർബന്ധിതരായി. വൈകിട്ടായപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിലേ പരിവാർ ശക്തികളെ പ്രതിരോധിക്കാനാകൂവെന്ന അവകാശവാദത്തിലേക്ക് അതു വഴിമാറി.

ഉച്ചയ്ക്ക് ആഘോഷങ്ങൾക്കു ബിജെപി മുതിർന്നുവെങ്കിൽ, വൈകിട്ടായപ്പോൾ കുമ്മനം രാജശേഖരനും സ്വരം മാറ്റി. എങ്കിലും 104 സീറ്റോടെ കർണാടകയിൽ കരുത്തു തെളിയിച്ചതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യയിലെ അവരുടെ അടുത്ത ലക്ഷ്യമായ കേരളത്തിലെ തുടർനീക്കങ്ങളിലുണ്ടാകും. ബിജെപി അധികാരം പിടിക്കുകയും കോൺഗ്രസ് നിഷ്പ്രഭമാവുകയും ചെയ്തിരുന്നുവെങ്കിൽ കോൺഗ്രസിനെതിരായ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പ്രചാരണവും ചെങ്ങന്നൂരിൽ ഉച്ചസ്ഥായിയിലായേനെ.

ബിജെപിയെ നേരിടാൻ കോൺഗ്രസ് പോരെന്ന അവരുടെ വാദത്തിനും അതു കരുത്തു പകരുമായിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ മുന്നണിയിലുള്ള ദളും കോൺഗ്രസും ചേർന്നു ബിജെപിയെ ചെറുക്കുമ്പോൾ അതു മതനിരപേക്ഷ ബദലായി വിശേഷിപ്പിക്കാനേ അവർക്കും കഴിയൂ. എൽഡിഎഫിലുള്ള മറ്റൊരു പാർട്ടി കൂടി പുറത്തു കോൺഗ്രസ് സഖ്യത്തിലാകുന്നു; എൻസിപി നേരത്തേ തന്നെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിനൊപ്പമാണ്. ഗോവയിൽ ബിജെപിക്കൊപ്പവും.

കോൺഗ്രസ് ബാന്ധവത്തോടെ കേരളത്തിലെ ദൾ(എസ്) നേതൃത്വം ആശ്വാസത്തിലുമാണ്. ബിജെപിയെ കുമാരസ്വാമി പിന്തുണയ്ക്കുന്ന സ്ഥിതി സംജാതമായിരുന്നുവെങ്കിൽ ദേശീയനേതൃത്വത്തിൽ നിന്ന് അവർക്കു വിടുതൽ തേടേണ്ടിവരുമായിരുന്നു. കേരളത്തിലെ അവരുടെ എതിർചേരിയായ വീരേന്ദ്രകുമാർ വിഭാഗം ഇവിടെ കോൺഗ്രസ് ബന്ധം വിച്ഛേദിച്ച് എൽഡിഎഫിന്റെ ഭാഗമായപ്പോൾ, ഇവിടെ എൽഡിഎഫിൽ നിൽക്കുന്നവർ കർണാടകയിൽ കോൺ‍ഗ്രസ് പക്ഷത്താകുന്നു. കേരളത്തിലെ സിപിഎമ്മോ സിപിഐയോ കർണാടകയിലെ ഫലത്തെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചില്ലെന്നതും പ്രത്യേകത.