Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം

school-bus

തിരുവനന്തപുരം∙ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു പൊലീസ് ക്ലിയറൻസ് നിർബന്ധമാണെന്നു ഡിജിപി: ലോക്നാഥ് ബെഹ്റ. ഇവർ മദ്യപിച്ചല്ല വാഹനമോടിക്കുന്നതെന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പുതിയ അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്കു ഡിജിപി നിർദേശം നൽകി.  31ന് അകം പിടിഎ പ്രസിഡന്റുമാരുടെയും പ്രധാന അധ്യാപകരുടെയും ഡിഇഒമാരുടെയും യോഗം സബ് ഡിവിഷൻ തലത്തിൽ വിളിച്ചുകൂട്ടി നിർദേശങ്ങൾ നൽകണം. യോഗത്തിൽ സ്കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വർധിപ്പിക്കുന്നതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വിശദമായി ചർച്ച ചെയ്യണം. യോഗത്തിൽ അതതു സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ നിർബന്ധമായും പങ്കെടുക്കണം. 

മറ്റു പ്രധാന നിർദേശങ്ങൾ:

∙ സ്കൂൾ വാഹനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷയെ സംബന്ധിച്ചു ഡിപിഐ പുറത്തിറക്കിയ സർക്കുലറിലെയും ഡിജിപി നൽകിയ ഉത്തരവിലെയും നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു കർശനമായി പരിശോധിക്കണം.

∙ എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളിൽ ഉടൻ അത് ആരംഭിക്കണം. 

∙ സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നതിനു വരിവരിയായി നിർത്തുന്നതിന് അധ്യാപകരുടെയും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെയും സഹായവും പങ്കാളിത്തവും ഉറപ്പാക്കണം. 

∙ കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നതിനു പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെയും സഹായം ഉറപ്പാക്കണം.

∙ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം.

∙ സ്കൂൾ തുറക്കുന്ന ആദ്യദിവസങ്ങളിലെ ഗതാഗതകുരുക്കു സാധ്യത മുൻകൂട്ടി കണ്ടു ക്രമീകരണങ്ങൾ ചെയ്യണം.

∙ മാല പൊട്ടിക്കൽ ശമ്രം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കണം.

∙ വാഹനങ്ങളിൽ അനുവദനീയ എണ്ണത്തിൽ കൂടുതൽ കുട്ടികളെ കയറ്റാൻ അനുവദിക്കരുത്.

∙ എല്ലാ വിദ്യാർഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും തിരിച്ചറിയൽ കാർഡുകൾ ധരിക്കാൻ നിർദേശിക്കണം.