Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ഹർത്താൽ‌: നീക്കം നേരത്തേ അറിഞ്ഞില്ല: മുഖ്യമന്ത്രി

whatsapp-harthal

തിരുവനന്തപുരം∙ അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ ജനരോഷം മറ്റൊരു തരത്തിൽ തിരിച്ചുവിടാൻ നടത്തിയ ശ്രമം സർക്കാരിനു മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തു. 385 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

മഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒൻപതു മുതൽ 14 വരെ പ്രതികൾ ഹർത്താലിന്റെ സൂത്രധാരന്മാരായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. ഒൻപതാം പ്രതി കൊല്ലം സ്വദേശി അമർനാഥ് ബൈജു ആർഎസ്എസിന്റെ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു. പത്താം പ്രതി സുധീഷ്് ആർഎസ്എസ് അനുഭാവിയാണ്. പതിനൊന്നാം പ്രതി തിരുവനന്തപുരം സ്വദേശി അഖിൽ വിദ്യാർഥിയായിരിക്കെ സജീവ എബിവിപി പ്രവർത്തകനായിരുന്നു.

സമൂഹ മാധ്യമങ്ങൾ വഴി നടത്തിയ ഹർത്താൽ പുതിയ മുന്നറിയിപ്പാണ്. ഹർത്താലിന് ആഹ്വാനം ചെയ്തതു സംഘപരിവാർ പ്രവർത്തകരാണ്. നാടിനെ ഗുരുതരമായ അവസ്ഥയിലേക്കു തള്ളിവിടുകയായിരുന്നു ലക്ഷ്യം. ഒരു രാഷ്ട്രീയ‍ പാർട്ടിയും ആഹ്വാനം ചെയ്യാത്ത ഹർത്താലിൽ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും അനുഭാവികൾ പങ്കെടുത്തതു ഗൗരവത്തോടെ കാണണം.

സൈബർ കേസുകൾ ദിനംതോറും പെരുകുകയാണ്. ചെറിയ പാർട്ടികൾക്കു പോലും സൈബർ ഇടങ്ങളിൽ വിപുലമായ സംവിധാനങ്ങളാണുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു പരിമിതകളുണ്ട്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സൈബർ ഇടങ്ങളിൽ ആകെ നടക്കുന്നതു മോശമായ കാര്യങ്ങളാണ് എന്ന് അഭിപ്രായമില്ല. സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനു കൂടുതൽ പൊലീസിനെ വിന്യസിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുന്നതു കടുത്ത നടപടിയാണെന്നതിനാൽ അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories