Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനത്തെ ഇരുട്ടിലാക്കിയത് കെഎസ്ഇബിയുടെ അനാസ്ഥ

Kummanam

ശബരിമല ∙ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സന്നിധാനത്തിൽ നിന്ന് ഇരുട്ടിൽ തപ്പിത്തടഞ്ഞ് മലയിറങ്ങേണ്ടിവന്നത് പൊലീസ് വിവരം അറിയിച്ചിട്ടും കെഎസ്ഇബി ഉണർന്നു പ്രവർത്തിക്കാത്തതുമൂലം.

സ്വാമി അയ്യപ്പൻ റോഡിൽ ചരൽമേട് ആശുപത്രിക്കു തൊട്ടുമുകളിലെ വളവു മുതൽ വഴിവിളക്കുകൾ തെളിയുന്നില്ല. ഗവർണർക്ക് എസ്കോർട്ട് വന്ന പൊലീസ് ഉടൻ തന്നെ വയർലെസ് സന്ദേശം നൽകി. പമ്പ സ്റ്റേഷനിൽ നിന്നു പൊലീസ് കെഎസ്ഇബി ഓഫിസിൽ നേരിട്ട് എത്തി വിവരം അറിയിച്ചു. കെഎസ്ഇബി ഓഫിസിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ അതിനു മുകളിലൂടെ ചാടിക്കടന്നാണ് ഉള്ളിൽ എത്തിയത്. ഉറങ്ങിക്കിടന്ന ജീവനക്കാരെ വിളിച്ചുണർത്തി വിവരം അറിയിച്ചു.

പമ്പയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ സന്നിധാനത്തെ ഓഫിസിലേക്കു വിളിച്ചുപറഞ്ഞ് ഉത്തരവാദിത്തം തീർത്തു. ചരൽമേട് ആശുപത്രി മുതൽ ചെളിക്കുഴി വരെയുള്ള ഭാഗത്തെ വഴിവിളക്കുകളാണ് തെളിയാതിരുന്നത്. ഈ ഭാഗമാകട്ടെ പമ്പയുടെ പരിധിയിലുമാണ്. തലേന്നു രാത്രിയിലും ഈ ഭാഗത്ത് ലൈറ്റുകൾ കത്തുന്നില്ലായിരുന്നു. വിഐപി ദർശനം അറിയിച്ചില്ലെന്നാണ് കെഎസ്ഇബി പറയുന്ന ന്യായം. 

ശബരിമലയിൽ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണിക്കു ദേവസ്വം ബോർഡ് കരാറുകാരനെ നിയോഗിച്ചിട്ടുണ്ട്. മണ്ഡല –മകരവിളക്കു കാലത്തല്ലാതെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ശ്രദ്ധിക്കാറില്ല. സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും മാസപൂജ സമയത്ത് തെളിയാത്ത വഴിവിളക്കുകൾ ധാരാളം ഉണ്ട്. മാസപൂജയ്ക്കു നട തുറക്കുന്നതിനു മുൻപ് ഫ്യൂസായവ മാറ്റി സ്ഥാപിക്കുന്ന പതിവുമില്ല.

കുമ്മനം രാജശേഖരനും മാർ ആലഞ്ചേരിയും കൂടിക്കാഴ്ച നടത്തി

കൊച്ചി ∙ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.  

മലയാളിയായ ഒരാൾ ഗവർണർ പദവിയിലേക്കുയർത്തപ്പെട്ടത് അഭിമാനകരമാണെന്നു കർ‌ദിനാൾ‍  പറഞ്ഞു. മിസോറമിൽ അദ്ദേഹത്തിനുണ്ടായ ചില എതിർപ്പുകൾ പ്രാദേശികമാണ്. ഐസ്വാൾ രൂപതയുമായും മിസോറമിലെ വിശ്വാസി സമൂഹവുമായും അദ്ദേഹത്തിനു നല്ല സൗഹൃദം രൂപപ്പെടുത്താനാകുമെന്നാണു പ്രതീക്ഷയെന്നും മാർ ആലഞ്ചേരി പറഞ്ഞു. ഗവർണറും കർദിനാളും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാണു പിരിഞ്ഞത്.