Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവാസ്കറെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; എ‍ഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യരുതെന്നു കർശന നിർദേശം

gavaskar-adgp-sudhesh-kumar

തിരുവനന്തപുരം∙ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കറെ കള്ളക്കേസിൽ കുടുക്കാൻ ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടിത നീക്കം. ഗവാസ്കർ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന പുതിയ ആരോപണത്തിൽ മകളുടെ രഹസ്യമൊഴിയെടുത്തു പട്ടികജാതി, വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യാനാണു നീക്കം.

ഗവാസ്കറെ സ്വാധീനിച്ചു കേസ് പിൻവലിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു പുതിയ സമ്മർദതന്ത്രം. അതേസമയം, എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാൻ ഒരു തടസ്സവുമില്ലെന്നു ഹൈക്കോടതി പറഞ്ഞിട്ടും ജാമ്യമില്ലാത്ത വകുപ്പിലെ കേസിൽ പ്രതിയായ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന കർശന നിർദേശമാണ് അന്വേഷണ സംഘത്തിനു പൊലീസ് ഉന്നതർ നൽകിയിരിക്കുന്നത്.

പഞ്ചാബിലെ പട്ടികജാതി വിഭാഗത്തിൽപെട്ട തന്നെ ഗവാസ്കർ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് എഡിജിപിയുടെ മകൾ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. എഡിജിപിയുടെ മൊഴിയിലും ഇത് ആവർത്തിച്ചു. ഗവാസ്കർക്കെതിരെ ഇവർ ആദ്യം പരാതി നൽകിയ മ്യൂസിയം പൊലീസിലോ പിന്നീട് അന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കോ ഇങ്ങനെയൊരു മൊഴി നൽകിയിരുന്നില്ല.

എഡിജിപിയുടെ മകൾ, കായിക പരിശീലകയായ പൊലീസുകാരി, വീട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാർ എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണു ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയത്. ഐപിഎസ് അസോസിയേഷൻ യോഗം വിളിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ഒരു വിഭാഗം ഐപിഎസുകാർ പൊലീസ് ആസ്ഥാനത്ത് ഒത്തുചേർന്നതിനു ശേഷമായിരുന്നു ഇത്.

എന്നാൽ, എഡിജിപിയുടെ മകൾ അടിക്കടി മൊഴി മാറ്റി പറയുന്നതിനാൽ വ്യക്തത വരുത്താനാണു മജിസ്ട്രേട്ടിനു മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. സംശയം തോന്നാതിരിക്കാൻ ഗവാസ്കറുടെ രഹസ്യമൊഴി രേഖപ്പെടുത്താനും അപേക്ഷ നൽകിയിട്ടുണ്ട്.

ഇതിനിടെ ഗവാസ്കറെ പിന്തിരിപ്പിച്ചു കേസ് ഒത്തുതീർപ്പിലാക്കാൻ ചില പൊലീസ് ഉന്നതർ അസോസിയേഷൻ നേതാക്കളെ ബന്ധപ്പെട്ടെങ്കിലും സാധ്യമല്ലെന്ന് അവർ തീർത്തു പറഞ്ഞു. ഗവാസ്കറെ അവർ ഇക്കാര്യം അറിയിക്കുകയും ചെയ്തു. മർദിച്ച സംഭവത്തിനു ശേഷം എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നിൽ നിന്നു മടങ്ങിപ്പോയ ഓട്ടോറിക്ഷയെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഡ്രൈവറെയും തിരിച്ചറിഞ്ഞു. കവടിയാറിൽ മോട്ടോർ വാഹനവകുപ്പു സ്ഥാപിച്ച ക്യാമറയിലാണു ദൃശ്യം പതിഞ്ഞത്. ആ സമയം അതുവഴി കടന്നുപോയ 33 ഓട്ടോകൾ പരിശോധിച്ചാണ് ഇതു തിരിച്ചറിഞ്ഞത്. 

അഭിഭാഷകൻ വഴിയും സ്വാധീനിക്കാൻ ശ്രമിച്ചെന്നു ഗവാസ്കർ

എഡിജിപിയുടെ മകൾ മർദിച്ച കേസിൽ സ്വാധീനിക്കാൻ പലവഴിക്കും ശ്രമമുണ്ടായെന്നു മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ. തന്റെ അഭിഭാഷകന്റെ ജൂനിയറിനെ ചിലർ ഇതിനായി സമീപിച്ചു. ഒരു ഒത്തുതീർപ്പുമില്ലെന്ന് അവർ അറിയിച്ചതോടെ ഇടനിലക്കാർ പിൻമാറി.

പൊലീസ് അസോസിയേഷൻ നേതാക്കൾ വഴിയും സ്വാധീനിക്കാൻ നോക്കി. കേസിൽ നിന്നു പിൻമാറുന്ന പ്രശ്നമില്ല. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും ഗവാസ്കർ അറിയിച്ചു. മർദനത്തിൽ കഴുത്തിനു സാരമായി പരുക്കേറ്റ ഗവാസ്കർ ആയുർവേദ കോളജ് ആശുപത്രിയിൽ ചികിൽസ തുടങ്ങി. അതിന്റെ ഭാഗമായി അവധി 20 ദിവസത്തേക്കു കൂടി നീട്ടി.